കടല മിഠായിയുടെ പാരമ്പര്യത്തനിമ വീണ്ടെടുത്ത എന്‍ജിനീയര്‍

കടല മിഠായിയുടെ പാരമ്പര്യത്തനിമ വീണ്ടെടുത്ത എന്‍ജിനീയര്‍

പണ്ട് അമ്മമാര്‍ വീടുകളില്‍ തയാറാക്കിയ പലഹാരങ്ങളുടെ രുചി പായ്ക്കറ്റിലാക്കി നല്‍കുകയാണ് ബി സ്റ്റാലിന്റെ മദര്‍വേ സ്വീറ്റ്‌സ് ആന്‍ഡ് സ്‌നാക്‌സ് എന്ന സംരംഭം. പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന കടലമിഠായിയാണ് ഇവിടുത്തെ പ്രധാന ഉല്‍പ്പന്നം. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലാകെ 200ല്‍പ്പരം റീട്ടെയ്ല്‍ ഷോപ്പുകളില്‍ മദര്‍വേ സാന്നിധ്യമറിയിച്ചു കഴിഞ്ഞു

ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍. പണ്ട് വീടുകളില്‍ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഒട്ടുമിക്ക പലഹാരങ്ങളുടേയും രുചി ഇന്ന് നമുക്ക് നഷ്ടപ്പെട്ടു വരികയാണ്. പലഹാര നിര്‍മാണത്തിന് വേണ്ടി വരുന്ന നീണ്ട സമയമാണ് പല വീട്ടമ്മമാരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഈ പാരമ്പര്യ രുചിയുടെ തനിമ വീണ്ടെടുത്ത സംരംഭകനാണ് തമിഴ്‌നാട് സ്വദേശി ബി സ്റ്റാലിന്‍. എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചാണ് മദര്‍വേ സ്വീറ്റ്‌സ് ആന്‍ഡ് സ്‌നാക്‌സ് എന്ന തന്റെ സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.

പണ്ട് കാലങ്ങളില്‍ വീടുകളില്‍ നിര്‍മിച്ചു വന്ന പരമ്പരാഗത പലഹാരങ്ങളായ കടലമിഠായിയും എള്ളുണ്ടയുമൊക്കെയാണ് മദര്‍വേയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. കുട്ടിക്കാലത്തെ കടലമിഠായിയുടെ രുചി ഇന്നു വിപണിയിലെത്തുന്ന പല പായ്ക്കറുകളിലും ലഭിക്കാതെ വന്നപ്പോഴാണ് സ്റ്റാലിന്‍ ഈ പലഹാരത്തിന്റെ തനതു രുചി പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചത്.

ഓര്‍മകള്‍ അയവിറക്കി തുടങ്ങിയ സംരംഭം

സഹോദരപുത്രനു വേണ്ടി ഒരിക്കല്‍ കടയില്‍ നിന്നും കടലമിഠായി വാങ്ങിയതാണ് സ്റ്റാലിനെ പുതിയ സംരംഭക വഴിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ” പണ്ട് വീട്ടില്‍ അമ്മയുണ്ടാക്കി തന്നിരുന്ന ആ രുചി എനിക്കതില്‍ നിന്നും ലഭിച്ചില്ല. രുചിക്കൂട്ടിലും എന്തോ അപാകത അനുഭവപ്പെട്ടു. ഇന്നത്തെ കുട്ടികള്‍ക്ക് ഇവയൊന്നും അറിയാന്‍ കഴിയുന്നില്ലല്ലോ എന്നാണ് ആദ്യം തോന്നിയത്. പിന്നീട് കടലമിഠായി നിര്‍മിക്കുന്നതിനായി എന്തുകൊണ്ട് സ്വന്തമായി ഒരു സംരംഭം തുടങ്ങിക്കൂടാ എന്നതായി ചിന്ത,” സ്റ്റാലിന്‍ പറയുന്നു. കോവില്‍പ്പട്ടി സ്വദേശിയായ സ്റ്റാലിന്റെ സംരംഭക യാത്ര അവിടെ നിന്നാണ് തുടങ്ങുന്നത്. ഫേസ്ബുക്ക് പേജ് വഴി തുടങ്ങിയ സംരംഭം ഇന്ന് തമിഴ്‌നാടിന്റെ മുക്കിലും മൂലയിലും ശ്രദ്ധേയമായി കഴിഞ്ഞിരിക്കുന്നു. മാത്രമല്ല ഇന്ത്യയില്‍ തന്നെ 200 ഓളം റീട്ടെയ്ല്‍ ഷോപ്പുകളിലേക്കാണ് മദര്‍വേയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്.

എന്‍ജിനീയറില്‍ നിന്നും സംരംഭക റോളിലേക്ക്

2008ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ സ്റ്റാലിന്‍ സ്വദേശത്തു തന്നെയുള്ള ഇലക്ട്രോണിക്‌സ് ബൈക്ക് നിര്‍മാണ കമ്പനിയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തില്‍ എന്‍ജിനീയറായിരുന്നു. അഞ്ചുവര്‍ഷത്തോളം എന്‍ജിനീയറായി ജോലി ചെയ്ത ശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന കുക്കൂ മൂവ്‌മെന്റ് എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അക്കാലത്താണ് സ്റ്റാലിനില്‍ സംരംഭക ആശയം ഉദിക്കുന്നത്. പിന്നീട് ആറുമാസത്തോളം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കടല മിഠായി നിര്‍മാണത്തെ കുറിച്ചുള്ള പഠന നിരീക്ഷണങ്ങള്‍ക്കായി മാറ്റിവെച്ചു. കോവില്‍പ്പട്ടി, സാത്തൂര്‍, ശിവകാശി, തിരുനെല്‍വേലി, വിരുധ്‌നഗര്‍, ധര്‍മപുരി എന്നിവിടങ്ങളിലുള്ള കച്ചവടക്കാരെയും കടല മിഠായി നിര്‍മാതാക്കളെയും സ്റ്റാലിന്‍ നേരിട്ടു കണ്ടു സംസാരിച്ചു. പലയിടങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്ന മിഠായിയുടെ രുചിയും വ്യത്യസ്തമായിരുന്നതായി സ്റ്റാലിന്‍ പറയുന്നു. ഒടുവില്‍ സ്റ്റാലിന്റെ പിതാവിന്റെ സുഹൃത്തും കടല മിഠായി നിര്‍മാതാവും കൂടിയായ തഞ്ചാവൂരിലെ കൂടലിംഗത്തെ കണ്ടുമുട്ടി. മിഠായി നിര്‍മാണത്തില്‍ 35 വര്‍ഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹത്തില്‍ നിന്നും ഏറെ അറിവുകള്‍ സമ്പാദിച്ചാണ് സ്റ്റാലിന്‍ തന്റെ സംരംഭത്തിന്റെ അടിത്തറ പാകിയത്.

മൂന്നു വര്‍ഷം മുമ്പ് മധുരയ്ക്കടുത്തുള്ള കരിയപ്പട്ടിയിലാണ് സ്റ്റാലിന്‍ ആദ്യ യൂണിറ്റ് ആരംഭിച്ചത്. ഇന്ന് ചെന്നൈ ഉള്‍പ്പെടെ മധുരൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി 160 ഓര്‍ഗാനിക് ഷോപ്പുകളില്‍ സ്റ്റാലിന്റെ പാരമ്പര്യ തനിമയില്‍ തയാറാക്കിയ കടലമിഠായി വിപണനം ചെയ്യുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും മദര്‍വേയുടെ സാന്നിധ്യം കാണാനാകും.

കടലമിഠായിക്ക് പുറമെ എള്ളിലും തേങ്ങയിലുമുള്ള പലഹാരങ്ങള്‍

പാരമ്പര്യ രീതിയില്‍ ശര്‍ക്കരയില്‍ നിര്‍മിക്കുന്ന കടല മിഠായിക്ക് കരുപ്പട്ടി കടല മിഠായി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആറുപേര്‍ അടങ്ങുന്ന ജോലിക്കാരുടെ സംഘമാണ് മദര്‍വേയുടെ മധുര പലഹാര നിര്‍മാണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കടല വറുക്കുന്നത് മുതല്‍ മിക്‌സിംഗും പായ്ക്കിംഗും എല്ലാം ഇവര്‍ തന്നെ. യന്ത്രങ്ങളുടെ സഹായമില്ലാതെ പൂര്‍ണമായും കൈകള്‍ കൊണ്ടാണ് പലഹാര നിര്‍മാണം. കളിമണ്ണില്‍ തയാറാക്കിയ ഓവനാണ് യൂണിറ്റില്‍ ഉപയോഗിക്കുന്നതെന്നും സ്റ്റാലിന്‍ പറയുന്നു.

കടലമിഠായിക്കാണ് ഈ സംരംഭം ഏറെ പ്രാധാന്യം നല്‍കുന്നതെങ്കിലും എള്ളുണ്ടയും തേങ്ങയിലും കശുവണ്ടിയിലും മറ്റ് ധാന്യങ്ങളിലും തയാറാക്കുന്ന മധുര പലഹാരങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. കടലമിഠായിയുടെ ഗുണമേന്‍മയും രുചിയും മനസിലാക്കിയ പല സ്ഥിരം ഉപഭോക്താക്കളും കുട്ടികള്‍ക്കായി ലോലിപോപ്പ് നിര്‍മിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കാറുണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്കാലത്തെ ഓര്‍മകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് പങ്കുവെക്കാന്‍ സ്‌കൂളിനടുത്തുള്ള കടകളില്‍ മദര്‍വേ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വിപണനം ചെയ്തു വരുന്നുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്നതും പരിസ്ഥിതിക്കിണങ്ങിയ രീതിയിലുമുള്ള പായ്ക്കിംഗ് രീതികളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.

മധുര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭത്തിന്റെ പാക്കേജിംഗ്, ഡെസ്പാച്ചിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് സ്റ്റാലിന്റെ ഭാര്യ ഗൗതമിയാണ്. ഫേസ്ബുക്ക് വഴിയും ഓണ്‍ലൈനായും ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.

Comments

comments

Categories: Entrepreneurship, Slider