ഏകീകരണത്തിന്റെ പാതയില്‍ വ്യോമയാനം

ഏകീകരണത്തിന്റെ പാതയില്‍ വ്യോമയാനം

ഇന്ത്യയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാണ്. നിലവിലെ ഏകീകരണ ചര്‍ച്ചകള്‍ ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുമോ

ഏകീകരണത്തിന്റെ പാതയിലേക്ക് എത്തുകയാണോ ഇന്ത്യയിലെ ഏവിയേഷന്‍ മേഖല. കടുത്ത പ്രതിസന്ധിയുടെ നടുവിലാണ് വ്യോമയാനരംഗം. കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട്. പറയാനുള്ളതാകട്ടെ നഷ്ടത്തിന്റെയും കടത്തിന്റെയും കണക്കുകള്‍. ഫണ്ടിന് വേണ്ടി അതീവബുദ്ധിമുട്ട് അനുഭവിക്കുന്ന ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ വ്യോമയാനരംഗത്തെ ചൂടുപിടിപ്പിക്കുന്നത്.

പ്രതിസന്ധിക്കയത്തിലേക്ക് തന്നെ കൂപ്പുകുത്തിയ ജെറ്റിനെ രക്ഷിക്കാന്‍ ടാറ്റ എത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ വ്യോമയാനവിപണിയിലെ ഏകീകരണത്തിന്റെ സാധ്യതകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാനുള്ള ടാറ്റയുടെ ശ്രമം വിജയിച്ചാല്‍ രണ്ടോ മൂന്നോ വന്‍കിട കമ്പനികളിലേക്ക് ഇന്ത്യന്‍ വ്യോമയാന മേഖല കേന്ദ്രീകരിക്കപ്പെടും. ജെറ്റ് എയര്‍വേസിന്റെ ചെയര്‍മാന്‍ നരേഷ് ഗോയലിനും കുടുംബത്തിനുമാണ് ഇപ്പോള്‍ കമ്പനിയിലെ 51 ശതമാനം ഓഹരി ഉടമസ്ഥാവകാശം. ഏറ്റെടുക്കലിന് ശേഷം അദ്ദേഹത്തിന്റെ റോള്‍ എന്തായിരിക്കുമെന്ന കാര്യത്തിലുള്ള ചില അവ്യക്തതകളില്‍ ഇപ്പോള്‍ ടാറ്റയുമായുള്ള ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് നിലവില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ രണ്ട് കമ്പനികളില്‍ തന്ത്രപ്രധാനമായ ഓഹരി ഉടമസ്ഥതയുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വിസ്താരയില്‍ ടാറ്റയ്ക്കുള്ളത് 51 ശതമാനം ഓഹരിയാണ്. ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ ഇന്ത്യയിലുള്ളതാകട്ടെ 49 ശതമാനം ഓഹരി ഉടമസ്ഥാവകാശവും. മലേഷ്യ കേന്ദ്രമാക്കിയ എയര്‍ ഏഷ്യയുടെ ഭാഗമാണ് എയര്‍ ഏഷ്യ ഇന്ത്യ.

ഉയര്‍ന്ന ഇന്ധന വിലയും രൂപയുടെ മൂല്യത്തിലെ ഇടിവും മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയ സ്ഥിതിക്ക് ഇതുപോലുള്ള ഏകീകരണങ്ങളിലൂടെ മാത്രമേ കമ്പനികളുടെ അതിജീവനം സാധ്യമാകുകയുള്ളൂ എന്ന സന്ദേശമാണോ നിലവിലെ സംഭവിവികാസങ്ങള്‍ നല്‍കുന്നത്. ജൂണ്‍ മാസം വരെയുള്ള കണക്കനുസരിച്ച് ജെറ്റ് എയര്‍വേസിന്റെ കടബാധ്യത ഏകദേശം 8,620 കോടി രൂപയോളം വരും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരെ കമ്പനി നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റെടുക്കലിന് വിധേയമാകാതെ മുന്നോട്ടുപോവുക ജെറ്റ് എയര്‍വേസിനെ സംബന്ധിച്ച് അസംഭവ്യമായ കാര്യമാണ്.

അതിവേഗത്തിലാണ് ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്. എന്നാല്‍ എട്ടോളം വിമാനകമ്പനികളുള്ള ഇവിടെ ആ വര്‍ധനകൊണ്ട് മാത്രം ലാഭാധിഷ്ഠിതമാകാന്‍ സംരംഭങ്ങള്‍ക്ക് സാധിക്കുന്നില്ല. ആഗോളതലത്തിലും വ്യോമയാനരംഗത്ത് മന്ദത തന്നെയാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കന്‍ വ്യോമയാന മേഖല അതിജീവിച്ചത് ഏകീകരണത്തിലൂടെയാണ്. നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ ഇല്ലാതായിപ്പോകുന്നത് തടയാന്‍ ഇത്തരം ഏറ്റെടുക്കലുകള്‍ തന്നെയാണ് നല്ലത്. കൃത്യമായി വിജയിക്കുന്ന ഒരു ബിസിനസ് മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ലെന്നതുകൂടി കണക്കിലെടുക്കണം.

വ്യോമയാനരംഗത്ത് ടാറ്റ നടത്തുന്ന പരീക്ഷണങ്ങളുടെ പുതിയ അധ്യായം വിജയിക്കുമോയെന്നതും കണ്ടറിയണം. പണ്ട് കൈവിട്ടുപോയ എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാല്‍ സാധ്യമായില്ല. ജെറ്റിനെ ഏറ്റെടുക്കുന്നത് യഥാര്‍ത്ഥ്യമായാല്‍ വിസ്താരയുടെ 20ഉം എയര്‍ ഏഷ്യയുടെ 18ഉം ഉള്‍പ്പടെ ടാറ്റയ്ക്ക് മൊത്തം 160 എയര്‍ക്രാഫ്്റ്റുകളുണ്ടാകും. എയര്‍ ഇന്ത്യക്കുള്ളതാകട്ടെ 163 എയര്‍ ക്രാഫ്റ്റുകളും. ഇന്ത്യന്‍ വ്യോമയാനരംഗത്ത് പുതുചരിത്രം രചിക്കാമെന്ന ടാറ്റയുടെ പഴയ സ്വപ്‌നത്തിന് ഏറ്റവും മികച്ച സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. റിസ്‌ക്ക് കൂടുതലാണെങ്കിലും ടാറ്റ ഈ പരീക്ഷണം സധൈര്യം ഏറ്റെടുക്കാന്‍ തന്നെയാണ് സാധ്യത.

Comments

comments

Categories: Editorial, Slider