‘സമകാലീന കലയെ സാധാരണക്കാരിലെത്തിക്കണം’

‘സമകാലീന കലയെ സാധാരണക്കാരിലെത്തിക്കണം’

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളവര്‍ സംസ്‌കാരത്തിനതീതമായി പുതുമ എന്തെങ്കിലും കണ്ടെത്തിയാല്‍ അവയെ സംശയദൃഷ്ടിയോടും മുന്‍വിധികളോടുമാണ് സമീപിക്കാറുള്ളതെന്ന് കാമറൂണ്‍ ആര്‍ട്ടിസ്റ്റ് ടോഗുവോ

കൊച്ചി: സമകാലീന കല സാധാരണക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ പ്രാരംഭത്തില്‍ അശാന്തിക്ക് വഴിതെളിച്ചേയ്ക്കാമെന്നും എന്നാല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ തന്നെ നിതാന്തപരിശ്രമം നടത്തിയാല്‍ ദൗത്യം വിജയകരമാക്കാമെന്നും ആഫ്രിക്കയിലെ കാമറൂണില്‍നിന്നുള്ള കലാകാരനായ ബര്‍ത്തലേമി ടോഗുവോ അഭിപ്രായപ്പെട്ടു.

സമകാലീന ലോകകലയെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പര്‍ ഹൗസ് വേദിയായ ലെറ്റ്‌സ് ടോക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യകലയുടെ പുത്തന്‍ പ്രവണതകളില്‍നിന്ന് അകല്‍ച്ച പാലിക്കുന്ന ഗ്രാമങ്ങള്‍ക്കും ആധുനിക കലകളുടെ കേന്ദ്രങ്ങളെന്നറിയപ്പെടുന്ന നഗരങ്ങള്‍ക്കും ഈ നിര്‍ബന്ധബുദ്ധി അനിവാര്യമാണെന്നും ബിനാലെയുടെ നാലാം പതിപ്പിനു മുന്നോടിയായി നടന്ന ആശയവിനിമയ പരിപാടിയില്‍ ഫ്രാന്‍സില്‍ നിന്നെത്തിയ അദ്ദേഹം പറഞ്ഞു.

പാരീസിലും കാമറൂണിലെ പടിഞ്ഞാറന്‍ പ്രദേശ പട്ടണമായ ബാന്‍ജൂണിലും താന്‍ താമസിക്കുന്നുണ്ട്. അവിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളവര്‍ സംസ്‌കാരത്തിനതീതമായി പുതുമ എന്തെങ്കിലും കണ്ടെത്തിയാല്‍ അവയെ സംശയദൃഷ്ടിയോടും മുന്‍വിധികളോടുമാണ് സമീപിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് എഴുത്തുകാരനായ ആല്‍ബേര്‍ കമ്യുവിന്റെ 1957ലെ പ്രഭാഷണമാണ്, ജീവിതത്തില്‍ നേടുന്നവ സമൂഹത്തിന് തന്നെ മടക്കിനല്‍കാന്‍ തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. 1913-60 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കമ്യു നൊബേല്‍ സമ്മാന ലഭ്യതയെ തുടര്‍ന്ന് നടത്തിയ വിരുന്നിലാണ് ഈ സന്ദേശമുള്‍ക്കൊള്ളുന്ന പ്രഭാഷണം നടത്തിത്. ഇതായിരുന്നു ടോഗുവോക്ക് 2008ല്‍ ബാന്‍ജൂണില്‍ കലാകേന്ദ്രം ആരംഭിക്കാന്‍ പ്രചോദനമേകിയത്.

എല്ലാ പ്രദേശവാസികളും തന്റെ സംരംഭത്തെ സ്വാഗതം ചെയ്യുകയായിരുന്നതായി ടോഗുവോ പറഞ്ഞു. എന്നാല്‍ ഇന്നും ഈ കലാകേന്ദ്രം വെള്ളക്കാര്‍ക്കുമാത്രമായിട്ടുള്ളതെന്ന് ചിന്തിക്കുന്നവരുണ്ടെന്നും അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 51 കാരനായ ടോഗുവോ പറഞ്ഞു.

തന്റെ ശ്രമങ്ങളില്‍ നിന്ന് ഒട്ടും പിന്‍തിരിയാതെ ടോഗുവോ ഈ കലാകേന്ദ്രത്തിലേയ്ക്ക് എല്ലാവരേയും എത്തിക്കുന്നതിനുള്ള വഴികളാരാഞ്ഞു. അപ്രകാരം വിവാഹവും ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ കെട്ടിടത്തില്‍ വച്ച് നടത്താനാരംഭിച്ചു. തുടര്‍ന്ന് കലയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ജനങ്ങളില്‍ ആകാംഷ ഉളവായതോടെ ടോഗുവോയുടെ ആത്മവിശ്വസവും വര്‍ദ്ധിച്ചു.

പ്രകൃതിക്കൊപ്പം കലയെ ഇഴചേര്‍ത്തെടുക്കുന്നതില്‍ വിശ്വസിക്കുന്ന ടോഗുവോ സംസ്‌കാരവും കൃഷിയും ഒരുമിച്ചു കൊണ്ടുപോകുന്നതിനാണ് പരിഗണന നല്‍കുന്നത്. പരീസിനടുത്തുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഹരിതാഭമായ ചുറ്റുപാടുകളോടുകൂടിയതാണ്. ബാന്‍ജൂണിലെ കലാകേന്ദ്രത്തില്‍ ദൃശ്യ കലാകരന്‍മാര്‍ക്ക് താമസസൗകര്യം നല്‍കുന്നതിനു പുറമേ പച്ചക്കറി കൃഷിയെ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അറബിക്കടലിന്റെ സൗന്ദര്യം നുകര്‍ന്നതിനു ശേഷം പെപ്പര്‍ ഹൗസിലെത്തിയ അദ്ദേഹം പറഞ്ഞു.

ടോഗുവോ ഇരുപതാം വയസ്സിലാണ് കാമറൂണില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് പുറപ്പെടുന്നത്. പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ ഐവറി കോസ്റ്റിലെ അബിജാനില്‍ ഫൈന്‍ ആര്‍ട്‌സ് പഠിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലുള്ള ഗ്രനോബിള്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നാലുവര്‍ഷവും ജര്‍മ്മനിയിലെ ആര്‍ട്ട് അക്കാദമി ദുസ്സില്‍ഡ്രോര്‍ഫില്‍ രണ്ടുവര്‍ഷവും പഠിച്ചു.

2018-19 കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റര്‍ അനിതാ ദുബെയും പരിപാടിയില്‍ പങ്കെടുത്തു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാം പതിപ്പ് ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെയാണ് നടക്കുന്നത്.

Comments

comments

Categories: Arabia
Tags: Camroon