എസ്സാര്‍ ഏറ്റെടുപ്പ്: മിത്തലിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ബാങ്കുകള്‍

എസ്സാര്‍ ഏറ്റെടുപ്പ്: മിത്തലിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ബാങ്കുകള്‍

മുംബൈ: പാപ്പരത്ത പ്രശ്‌നപരിഹാര നടപടിക്രമങ്ങള്‍ നടന്നു വരുന്ന എസ്സാര്‍ സ്റ്റീലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിനായി കൂടുതല്‍ തുക ആവശ്യപ്പെട്ട് വായ്പാ ദാതാക്കളായ ബാങ്കുകള്‍ രംഗത്ത്. ഏറ്റവും വലിയ ബിഡറായി തെരഞ്ഞെടുക്കപ്പെട്ട ആര്‍സലര്‍മിത്തല്‍ വാഗ്ദാനം ചെയ്ത തുക മതിയാവില്ലെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സൂചിപ്പിക്കുന്നത്. കടക്കെണിയിലായ എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കുന്നതിനായി ലണ്ടന്‍ ആസ്ഥാനമായുള്ള ആര്‍സലര്‍മിത്തല്‍ കമ്പനി നിലവില്‍ 35,000 കോടി രൂപയുടെ ബിഡാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8,000 കോടി രൂപയുട അധിക മൂലധന നിക്ഷേപവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

വായ്പാ ദാതാക്കളായ ബാങ്കുകളും ആര്‍സലര്‍മിത്തല്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പുതിയ ആവശ്യം ഉയര്‍ന്നുവന്നത്. പത്ത് ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള സ്റ്റീല്‍ പ്ലാന്റിനായി 14 മാസമായി നടന്നു വരുന്ന പോരാട്ടത്തിനൊടുവിലാണ് ഏറ്റവും വലിയ ബിഡറായി ആര്‍സലര്‍മിത്തലിനെ തെരഞ്ഞെടുത്തത്. ആര്‍സലര്‍മിത്തലിന്റെ അന്തിമ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പാ ദാതാക്കള്‍ ഇടപാട് സംബന്ധിച്ച് തീരുമാനമെടുക്കുക.

വിവിധ ബാങ്കുകളില്‍ നിന്നായി ഏതാണ്ട് 49,000 കോടി രൂപയാണ് എസ്സാര്‍ സ്റ്റീലിന്റെ കടബാധ്യത. അതിനാല്‍ തന്നെ ആര്‍സലര്‍മിത്തല്‍ വാഗ്ദാനം ചെയ്തിരിക്കുന്ന 35,000 കോടി രൂപയുടെ ബിഡ് കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിന് അപര്യാപ്തമാണെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കുന്നതിനായി ആര്‍സലര്‍ മിത്തലിനൊപ്പം വേദാന്ത ഗ്രൂപ്പും ബിഡ് സമര്‍പ്പിച്ചിരുന്നു 35,000 കോടി രൂപയുടെ ബിഡും 6,000 കോടി രൂപയുടെ അധിക മൂലധന നിക്ഷേപ വാഗ്ദാനവുമാണ് കമ്പനി നടത്തിയത്. ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് 2005 മുതല്‍ ആര്‍സലര്‍മിത്തല്‍ കമ്പനി ശ്രമം നടത്തി വരികയാണ്. എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കുന്നതിന് ബിഡുകള്‍ സമര്‍പ്പിച്ച കമ്പനികള്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പാ കുടിശികകള്‍ അടച്ച് തീര്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉത്തം ഗാല്‍വാ കമ്പനിയുടെയും കെഎസ്എസ് പെട്രോണിന്റേയും 7,649 കോടി രൂപയുടെ കടം ആര്‍സലര്‍മിത്തല്‍ അടച്ച് തീര്‍ത്തിരുന്നു.

Comments

comments

Categories: FK News
Tags: Essar