ആഗോള വളര്‍ച്ചാ കാഴ്ചപ്പാടില്‍ മങ്ങല്‍

ആഗോള വളര്‍ച്ചാ കാഴ്ചപ്പാടില്‍ മങ്ങല്‍

18 സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ മങ്ങി.

ബെംഗളൂരു: 2019ലെ ആഗോള വളര്‍ച്ച സംബന്ധിച്ച കാഴ്ച്ചപ്പാട് റോയ്‌റ്റേഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. യുഎസ്-ചൈന വ്യാപാര യുദ്ധം, കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കള്‍ എന്നിവ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച മുന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെന്ന് അഞ്ഞൂറോളം സാമ്പത്തിക വിദഗ്ധരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

2018 വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ സര്‍വേയില്‍ ആഗോള സാമ്പത്തിക കാഴ്ചപ്പാടിലുള്ള ശുഭാപ്തി വിശ്വാസം സര്‍വേയില്‍ പങ്കെടുത്തവരിലെല്ലാം ഒരുപോലെ പ്രകടമായിരുന്നു. എന്നാല്‍ ഈ മാസം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായ പ്രകാരം 44 സമ്പദ്‌വ്യവസ്ഥകള്‍ വിലയിരുത്തിയതില്‍ 18 സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ മങ്ങി. 23 എണ്ണത്തിന്റെ നില മാറ്റമില്ലാതെ തുടര്‍ന്നു. മൂന്ന് സമ്പദ് വ്യവസ്ഥകള്‍ മാത്രമാണ് നേരിയതായി വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള സര്‍വേകളില്‍ തുടര്‍ച്ചയായി വ്യാപാര സംരക്ഷണവാദത്തിന്റെ അപകടസാധ്യതകള്‍ക്ക് ഊന്നല്‍ ലഭിച്ചിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം 44 സമ്പദ്‌വ്യവസ്ഥകളിലെ 70 ശതമാനത്തിലും വളര്‍ച്ച പരമാവധി നിലയില്‍ എത്തിയ സാഹചര്യമാണുള്ളത്.
ഇപ്പോള്‍ ആഗോള സമ്പദ്ഘടനയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. യുഎസിന്റെ സമ്പദ്‌വ്യവസ്ഥ ഉയര്‍ച്ചയിലാണ്. അതേസമയം, ലോകത്തിന്റെ മിക്കയിടങ്ങളിലും സമ്പദ്‌രംഗം മന്ദഗതിയിലോ അല്ലെങ്കില്‍ സ്തംഭാനവസ്ഥയിലോ ആണെന്ന് എച്ച്എസ്ബിസി ആഗോള ചീഫ് ഇക്കണോമിസ്റ്റ് ജാനറ്റ് ഹെന്റി പറയുന്നു.

ആഗോള ഓഹരിവിപണികളില്‍ വന്‍തോതിലുള്ള വിറ്റഴിക്കലും സര്‍ക്കാര്‍ ബോണ്ടുകള്‍ നല്‍കുന്നതിലെ വര്‍ധനയുെ ആഗോളതലത്തില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളെ മാന്ദ്യത്തിലാക്കുന്ന കാരണങ്ങളാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 150 ഇക്കണോമിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

ആഗോള വ്യാപാര യുദ്ധത്തില്‍ ആരും വിജയികളാകുന്നില്ല. എല്ലാ രാജ്യങ്ങളുടെയും സ്ഥിതി വഷളാക്കാനാണ് സാമ്പത്തിക നിയന്ത്രണങ്ങല്‍ വര്‍ധിപ്പിക്കുന്നത് സഹായിക്കുകയെന്ന് കാപിറ്റല്‍ ഇക്കമോമിക്‌സിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് നീല്‍ ഷെറിംഗ് പറയുന്നു. ചൈനയ്‌ക്കെതിരെയുള്ള യുഎസ് സാമ്പത്തിക നയം അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK News
Tags: World growth