ഏകത്വത്തിന്റെ പ്രതീകമായി സര്‍ദാര്‍ പ്രതിമ

ഏകത്വത്തിന്റെ പ്രതീകമായി സര്‍ദാര്‍ പ്രതിമ

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിനു താഴെ സാധുബേത് എന്ന ചെറുദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാകും ഇനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. നാല് വര്‍ഷത്തിനുള്ളില്‍ 3400 തൊഴിലാളികളും 250 എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ഈ മാസം 31 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകത്വത്തിന്റെ പ്രതീകമായി പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കും

 

ഭാരതത്തിന്റെ ശക്തിയേയും അഖണ്ഡതയേയും സൂചിക്കുന്ന വിശേഷണമാണ് നാനാത്വത്തില്‍ ഏകത്വം. ഈ ഏകത്വത്തിന്റെ ദൃശ്യാനുഭവം സാധ്യമാക്കുന്ന ഒരു സവിശേഷത കൂടി ഇന്ത്യയ്ക്ക് ഇനിമുതല്‍ അവകാശപ്പെടാനുണ്ടാകും. കൃത്യമായി പറഞ്ഞാല്‍ ഈ മാസം 31 ന് ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന പേരിലറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണകായ പ്രതിമ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്നതോടെ, ഏകത്വത്തിന്റെ പ്രതിമ (ടമേൗേല ീള ഡിശ്യേ) കൂടി രാജ്യത്തിന് സ്വന്തമാകുകയാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമയല്ല മറിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമ എന്ന ബഹുമതിയാകും കരസ്ഥമാക്കുക.

ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആപ്തവാക്യത്തിലൂടെ ഏകത്വപ്രതിമ (182 മീറ്റര്‍) രാജ്യത്തിന് സമര്‍പ്പിക്കപ്പെടുമ്പോള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി അറിയപ്പെടുന്ന ചൈനയിലെ ഹെനാനില്‍ സ്ഥിതി ചെയ്യുന്ന 128 മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമ (Spr-in-g T-emp-l-e o-f Bu-d-d-h-a)രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഇരട്ടിയലധികം ഉയരമാണ് എകത്വപ്രതിമയ്ക്കുള്ളത്. പ്രതിമയുടെ ശിരസിന് 8 മീറ്ററാണ് ഉയരം. അവസാന ഘട്ട മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയാക്കി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്‌റ്റോബര്‍ 31ന് തന്നെ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ദാര്‍ അഥവാ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

1875ല്‍ ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ജനിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്വാതന്ത്ര്യ സമര സേനാനി, ഇന്ത്യന്‍ ഏകീകരണത്തിന്റെ പ്രധാന ശില്‍പി എന്നീ നിലകളില്‍ പ്രശസ്തനാണ്. അഭിഭാഷക വൃത്തിയില്‍ സ്വന്തമായി മേല്‍വിലാസം നേടിയെടുത്ത അദ്ദേഹം മഹാത്മാ ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കര്‍ഷകരെയൊന്നാകെ കോര്‍ത്തിണക്കി സമരം നയിച്ച അദ്ദേഹം നിസഹകരണത്തിന്റെയും അഹിംസയുടേയും മാര്‍ഗമാണ് സമരത്തിലുടനീളം സ്വീകരിച്ചത്. ഗാന്ധിജിയോടും ഗാന്ധിയന്‍ ആശയങ്ങളോടും അതീവ താല്‍പ്പര്യമായിരുന്നു അദ്ദേഹം തികഞ്ഞ മതേതരവാദിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി കൂടിയായ അദ്ദേഹം തലവന്‍ എന്നര്‍ത്ഥം വരുന്ന സര്‍ദാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ശിഥിലമായി കിടന്ന ഇന്ത്യയെ ഒരുമിപ്പിക്കാന്‍ ഏറെ പരിശ്രമിച്ച നേതാവാണ് അദ്ദേഹം. സ്വയം ഭരണാവകാശമുള്ള 565 ല്‍ പരം നാട്ടുരാജ്യങ്ങളെ മികച്ച നയതന്ത്രങ്ങളിലൂടെ ഇന്ത്യ യൂണിയനൊപ്പം അണിചേര്‍ത്ത ബുദ്ധിയും അദ്ദേഹത്തിന്റേതു തന്നെ.

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ട അദ്ദേഹം ആധുനിക അഖിലേന്ത്യാ സിവില്‍ സര്‍വീസസ് സ്ഥാപിച്ചതോടെ സിവില്‍ സര്‍വീസ് മേഖലയിലെ അഗ്രഗണ്യനായും അറിയപ്പെടുന്നു. 1950ല്‍ 75ാം വയസില്‍ നിര്യാതനായി. സര്‍ദാറിന്റെ ജന്മദിനമായ ഒക്‌റ്റോബര്‍ 31 രാജ്യത്ത് ഏകതാ ദിനമായാണ് കൊണ്ടാടുന്നത്. മരണാനാനന്തര ബഹുമതിയായി ഭാരത രത്‌ന പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഏകത്വ പ്രതിമയുടെ നിര്‍മാണം

2010 ഒക്‌റ്റോബറിലാണ് പ്രതിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വെളിപ്പെടുത്തുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാറിന്റെ പ്രതിമ ചരിത്രത്തിന്റെ ഭാഗമാക്കാനായിരുന്നു മോദിയുടെ തീരുമാനം. ഇന്ത്യയുടെ ഐക്യത്തിനും മികച്ച ഭരണത്തിനും കാര്‍ഷിക മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണ് ഈ സ്മാരക പ്രതിമ നിര്‍മിക്കുന്നതെന്നും മോദി വിശദമാക്കിയിരുന്നു. 2013 ഒക്‌റ്റോബര്‍ 31 ന് തറക്കല്ലിട്ട പ്രതിമയ്ക്ക് തൊട്ടടുത്ത വര്‍ഷം അതേ മാസത്തില്‍ കരാര്‍ നല്‍കുകയുണ്ടായി. പ്രാരംഭഘട്ടത്തില്‍ 3001 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി 2989 കോടി രൂപയ്ക്ക് പ്രമുഖ നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കരാര്‍ സ്വന്തമാക്കി. തറക്കല്ലിട്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കാന്‍ കരാര്‍ കമ്പനിക്കു കഴിഞ്ഞിരിക്കുന്നു എന്നതും പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിമയുടെ തറക്കല്ലിടല്‍ മോദിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാംപെയ്ന് മുമ്പായി നടപ്പാക്കപ്പെട്ടപ്പോള്‍ അതിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് കാംപെയ്‌നിന് മുന്നോടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മോദി വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ആരോപിച്ച് വിവാദങ്ങളും അലയടിക്കുന്നുണ്ട്.

നാല് വര്‍ഷം, 3400 തൊഴിലാളികള്‍, 250 എന്‍ജിനീയര്‍മാര്‍

അഹമ്മദാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ വഡോദര-നര്‍മ്മദാ ഡാം ഹൈവേയിലുള്ള കെവാഡിയയില്‍ സര്‍ദാര്‍ സരോവര്‍ ഡാമിനു താഴെ സാധുബേത് എന്ന ചെറുദ്വീപിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ദ്വീപിലേക്ക് ചെന്നെത്തുന്നതിനായി 250 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിച്ചിട്ടുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രെസ്റ്റ് എന്ന സര്‍ക്കാര്‍ ട്രസ്റ്റാണ് ഇതിന്റെ നടത്തിപ്പുകാര്‍. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ ഇന്ത്യക്കാരായ തൊഴിലാളികള്‍ പ്രതിമ നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത്ര ഉയരത്തിലുള്ള വെങ്കല പ്രതിമ നിര്‍മാണത്തില്‍ പരിചയസമ്പന്നരായവര്‍ കുറവായിരുന്നതിനാല്‍ ഇതിനായി ചൈനയിലെ കമ്പനിക്ക് എല്‍ആന്‍ഡ്ടി കരാര്‍ നല്‍കി. പ്രതിമയുടെ പുറം പാളിക്ക് ആവശ്യമായ ആയ്യായിരത്തില്‍ പരം വെങ്കലപാളികള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തു. 200 ല്‍ പരം ചൈനീസ് തൊഴിലാളികളാണ് ഇതിനായി ജോലി ചെയ്തത്. പ്രതിമയ്ക്ക് ആവശ്യമായ ഉരുക്ക് രാജ്യമെമ്പാടുമുള്ള 7 ലക്ഷം ഗ്രാമങ്ങളില്‍ നിന്നും ശേഖരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരുക്ക് ചടക്കൂടിനു പുറമെ വെങ്കലപാളിയില്‍ പൊതിഞ്ഞാണ് പ്രതിമ തയാറാക്കിയിരിക്കുന്നത്. 9000 ടണ്‍ സിമന്റ്, 25000 ടണ്‍ ഉരുക്ക്, 1850 ടണ്‍ വെങ്കലം എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. നാല് വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിച്ച് അടുത്ത ആഴ്ച ഉദ്ഘാടനത്തിനുള്ള കൗണ്ട്ഡൗണിനും തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. പ്രതിമയുടെ നിര്‍മാണത്തിനായി 3400 തൊഴിലാളികളെയും 250 എന്‍ജിനീയര്‍മാരെയുമാണ് എല്‍ആന്‍ഡ്ടി നിയോഗിച്ചത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനെയും 12കിലോമീറ്റര്‍ പരിസരത്ത് റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പത്തെയും അതിജീവിക്കാനുള്ള ശേഷി പ്രതിമയ്ക്കുണ്ട്. തറ നിരപ്പില്‍ നിന്നും പ്രതിമയുടെ ഉയരം 240 മീറ്റര്‍ ആണ്.

കാഴ്ചയുടെ വസന്തമൊരുക്കി ലോകോത്തര പ്രതിമ

രാജ്യത്തുടനീളമുള്ള സര്‍ദാര്‍ പ്രതിമകളെ കുറിച്ച് ചരിത്രകാരന്‍മാരും ശില്‍പ്പികളും മറ്റ് അക്കാഡമിക് പ്രഗല്‍ഭരും പഠിച്ച ശേഷമാണ് പ്രതിമയുടെ രൂപകല്‍പ്പന സംബന്ധിച്ച് തീരുമാനമായത്. നോയിഡ സ്വദേശി രാം സുത്തര്‍ എന്ന ശില്‍പ്പിയാണ് നിര്‍ദിഷ്ട പ്രതിമ നിര്‍മിച്ചത്. അഹമ്മദാബാദ് അന്തര്‍ദേശീയ എയര്‍പോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന സര്‍ദാര്‍ പ്രതിമയുടെ ഭീമാകാര മാതൃകയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. സര്‍ദാറില്‍ സ്വാഭാവികമായി പ്രതിഫലിച്ചിരുന്ന വ്യക്തിപ്രഭാവം, ആത്മവിശ്വാസം, ഉറപ്പ് എന്നിവ പ്രതിമയുടെ മുഖത്തും വരുത്താന്‍ ശില്‍പ്പി ശ്രമിച്ചിട്ടുണ്ട്. ഉയര്‍ത്തിപ്പിടിച്ച ശിരസ്, തോളിന്റെ ഇരുവശങ്ങളിലേക്കും ഷാള്‍, ഇരുവശങ്ങളിലേക്ക് കൈകളിട്ട് നടക്കാനൊരുങ്ങുന്ന ഭാവം ഇതാണ് പ്രതിമയില്‍ പ്രതിഫലിക്കുന്നതെന്ന് മുഖ്യ ശില്‍പ്പിയായ രാം സുത്തറിന്റെ മകനും പ്രതിമ നിര്‍മാണത്തില്‍ പങ്കാളിയുമായ അനില്‍ സുത്തര്‍ പറയുന്നു.

പ്രതിമ നിര്‍മാണത്തിന്റെ തുടക്കഘട്ടത്തില്‍ 3 അടി, 18 അടി, 30 അടി മാതൃകകളാണ് നിര്‍മിച്ച് അവതരിപ്പിച്ചത്. ഇതില്‍ 30 അടിയിലുള്ള പ്രതിമയുടെ മാതൃക മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനമായതോടെ ഇതിന്റെ ത്രിമാന ചിത്രം തയാറാക്കിയാണ് നിര്‍മാണം തുടര്‍ന്നത്. 182 മീറ്ററാണ് പ്രതിമയുടെ ഉയരം. ഗുജറാത്ത് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമാണ് ഉയരം 182 മീറ്റര്‍ ആക്കി നിശ്ചയിക്കാന്‍ കാരണം. 52 മുറികള്‍, ത്രീ സ്റ്റാര്‍ ഹോട്ടല്‍, ഓഡിറ്റോറിയം, ഗാലറി എന്നിവ പ്രതിമ നിര്‍മാണ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രതിമയുടെ 157 മീറ്റര്‍ ഉയരത്തില്‍ നെഞ്ച് ഭാഗത്തായി കാഴ്ചക്കാര്‍ക്കായി ഗാലറി നിര്‍മിച്ചിട്ടുണ്ട്. ഒരേ സമയം 200 പേര്‍ക്ക് ഇവിടെ നില്‍ക്കാനാകും. ഗാലറിയില്‍ നിന്നും നോക്കിയാല്‍ സത്പുര, വിദ്യാഞ്ചല്‍ മലനിരകളുടെ സൗന്ദര്യം കാഴ്ചക്കാര്‍ക്ക് അനുഭവിക്കാനാകും. ഇതോടൊപ്പം സര്‍ദാര്‍ സരോവര്‍ ഡാമും പൂര്‍ണമായി കാണാനാകുമെന്നതാണ് പ്രത്യേകത. സന്ദര്‍ശകര്‍ക്ക് ഗാലറിയിലേക്ക് എത്തുന്നതിനായി എലിവേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വേഗമേറിയ രണ്ട് എലിവേറ്ററുകളാണ് സന്ദര്‍ശകരെ ഗാലറിയില്‍ എത്തിക്കുക. ഓരോ എലിവേറ്ററിലും ഒരേ സമയം 40 പേര്‍ക്ക് സഞ്ചരിക്കാനാകും. പ്രതിമയുടെ ഏറ്റവും താഴത്തെ നിലയില്‍ പ്രദര്‍ശനങ്ങള്‍ക്കും മറ്റുമായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂന്തോട്ടം, മ്യൂസിയം, മള്‍ട്ടിമീഡിയ പ്ലാറ്റ്‌ഫോം എന്നിവയും ഈ നിലയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. ത്രീ സ്റ്റാര്‍ ഹോട്ടലുകളും ഫുഡ്‌കോര്‍ട്ടും സമീപത്തു തന്നെയുണ്ട്. ഷോപ്പിംഗ് സെന്ററുകള്‍ക്കൊപ്പം പ്രതിമ ദൃശ്യമാകുന്ന വിധത്തില്‍ സെല്‍ഫി പോയിന്റുകളും സജ്ജമാക്കുന്നുണ്ട്.

ലോകത്തെ പോലും അതിശയിപ്പിച്ച് ചരിത്രത്തില്‍ ഇടം പിടിക്കുന്ന, ഏകത്വത്തിന്റെ പ്രതീകമായ സര്‍ദാര്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തുമെന്നതില്‍ സംശയമില്ല.

Comments

comments

Categories: Top Stories