മലിനീകരണം രൂക്ഷമായ 10 നഗരങ്ങള്‍ ഇന്ത്യയില്‍

മലിനീകരണം രൂക്ഷമായ 10 നഗരങ്ങള്‍ ഇന്ത്യയില്‍

ദീപാവലി ന്യൂഡെല്‍ഹിയിലെ സാഹചര്യത്തെ വഷളാക്കുമെന്ന് ആശങ്ക

ന്യൂഡെല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള ചൈന രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും അതിരൂക്ഷമായ മലിനീകരണത്തില്‍ ചൈനയോട് മല്‍സരിക്കുകയാണെന്ന് പഠനങ്ങല്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന നഗരങ്ങളില്‍ പത്തെണ്ണം ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്.
അന്തരീക്ഷ മലിനീകരണം വഴി ജനങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. രാജ്യത്തെ ഒട്ടുമിക്ക വന്‍ നഗരങ്ങളും രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണവുമുള്ള നഗരമായ ഡെല്‍ഹിക്കടുത്ത് താമസിക്കുന്ന കുസും തോമര്‍ എന്ന 29 കാരി വായുമലിനീകരണത്തിന്റെ ഇരകളില്‍ ഒരാളാണ്. സിഗരറ്റ് കൈക്കൊണ്ടുപോലും തൊട്ടിട്ടില്ലാത്ത കുസുമിന് വായുമലിനീകരണം വഴിയാണ് ശ്വാസകോശ കാന്‍സര്‍ പിടിപെട്ടത്. കുസുമിന്റെ ചികിത്സയ്ക്കായി ഭര്‍ത്താവ് വിവേക് അവര്‍ക്കുണ്ടായിരുന്ന ഭൂമിയടക്കമുള്ള സ്വത്തുക്കള്‍ വിറ്റു. നിരവധിയാളുകളില്‍ നിന്നും വന്‍ തുക കടം വാങ്ങി. ക്രമേണ അവരുടെ സമ്പാദ്യങ്ങളെല്ലാം നഷ്ടമായി. ഇത്തരത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ വായു ശ്വസിച്ചത് വഴി നിരവധിയാളുകളാണ് ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പടെ പലതരത്തിലുള്ള അസുഖങ്ങളുടെ പിടിയിലാവുകയും പിന്നീട് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുപോകുകയും ചെയ്യുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ സാധാരണ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ഇരകളാവുകയും രോഗങ്ങളില്‍ വലയുകയും മരിച്ചുവീഴുകയും ചെയ്യുമ്പോള്‍ എങ്ങനെ അവര്‍ക്ക് സാമ്പത്തികമായി വളരാന്‍ കഴിയുമെന്ന് കുസും തോമര്‍ ചോദിക്കുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ചൈനയെ സഹായിച്ച തരത്തിലുള്ള ഏകോപിച്ച ഒരു ദേശീയ സമീപനം ഇക്കാര്യത്തില്‍ നടപ്പാക്കാന്‍ ഇന്ത്യക്കാകുന്നില്ല എന്നതാണ് വലിയ വെല്ലുവിളി. വായുമലീനീകരണം നിയന്ത്രിക്കാന്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ ഫലം കാണുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നപുതിയ നിര്‍മാണങ്ങളുടെ ഫലമായുണ്ടാകുന്ന മലിനീകരണങ്ങളും ലക്ഷക്കണക്കിന് വാഹനങ്ങളില്‍ നിന്നും വരുന്ന പുകയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വെല്ലുവിളിയായി മാറുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ നയങ്ങള്‍ പുനഃപരിശോധിക്കുകയും ഈ മഞ്ഞുകാലത്ത് അവ പരീക്ഷിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വിളവെടുപ്പ് സീസണ്‍ കഴിയുമ്പോള്‍ പാടങ്ങളില്‍ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കും. കൂടാതെ ദീപാവലി കൂടിയായതിനാല്‍ പടക്കങ്ങള്‍ പൊട്ടിക്കുകയും മറ്റും ചെയ്യുന്നത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലെത്തിക്കുമെന്ന് ആശങ്കയുണ്ട്.
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ(ജിഡിപി) 8.5 ശതമാനത്തോളം
ആരോഗ്യ പരിപാലന ഫീസ്, ഉല്‍പ്പാദന ക്ഷമതാ നഷ്ടം എന്നിവയ്ക്കായി ഇന്ത്യ ചെലവാക്കുന്നുണ്ട്. നിലവില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെങ്കിലും ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യയുടേതിനേക്കാള്‍ അഞ്ച് മടങ്ങ് വലുപ്പമുണ്ട്(12.2 ട്രില്യണ്‍ ഡോളര്‍). ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങളെ അനിയന്ത്രിതമായി പ്രോല്‍സാഹിപ്പിക്കുന്നത് രൂക്ഷമായ മലീനീകരണത്തിന് കാരണമായേക്കാമെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഇക്കോണോമിക് പ്രൊഫസര്‍ രാഘ്‌ബേന്ദ്ര ഝാ പറയുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്ഡധന്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ സൗരോര്‍ജ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി വഴികള്‍ സര്‍ക്കാര്‍ ആരായുന്നുണ്ട്. അടുക്കളയില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ രാജ്യത്തെ നിരവധി കുടുംബങ്ങള്‍ക്ക് പാചകവാതകം നല്‍കി. ധാന്യങ്ങള്‍ കൊയ്‌തെടുത്തതിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: pollution