നാസ്‌കോം ഹിരോഷിമയുമായി സഹകരിക്കുന്നു

നാസ്‌കോം ഹിരോഷിമയുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ജപ്പാനും ഇന്ത്യയും തമ്മിലുള്ള ഐടി ഇടനാഴി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇന്ത്യന്‍ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം ഹിരോഷിമ സര്‍ക്കാരുമായി സഹകരിക്കുന്നു. ഇരു രാജ്യങ്ങളും കമ്പനികള്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മേഖലയിലെ സഹകരണത്തിനും കഴിവുള്ള പ്രൊഫഷണലുകളുടെ വിനിമയത്തിനും വഴിയൊരുക്കുന്നതാണ് പദ്ധതി. അടുത്ത വര്‍ഷമായിരിക്കും പദ്ധതി ഔദ്യോഗികമായി ആരംഭിക്കുകയെന്ന് നാസ്‌കോം വ്യക്തമാക്കി.

ഹിരോഷിമയ്ക്ക് നിര്‍മാണമേഖലയില്‍ ആധുനിക സാങ്കേതികവിദ്യകളുണ്ടെന്നും എന്നാല്‍ സുസ്ഥിരമായ വളര്‍ച്ച നേടുന്നതിന് ഐടി, സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ കുറവാണ് ഇവിടെയുള്ളതെന്നും ഹിരോഷിമ പ്രീഫെക്ച്വറല്‍ സര്‍ക്കാര്‍ ഇന്നൊവേഷന്‍ പ്രൊമോഷന്‍ മേധാവി അസുഹിതോ ഉമാരു പറഞ്ഞു. നാസ്‌കോമുമായുള്ള പങ്കാളിത്തം വഴി ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ജപ്പാന്‍ വിപണിയിലേക്കും അതുപോലെ ജപ്പാന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലേക്കും കടന്നുവരാനും ഇന്ത്യയിലെയും ഹിരോഷിമയിലെയും കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹാകമാകുന്ന ആവാസവ്യവസ്ഥ രൂപീകരിക്കുന്നതിനുമുള്ള ഒരു മാര്‍ഗമൊരുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ്‌വെയര്‍ തലത്തിലുള്ള ഇന്ത്യന്‍ കമ്പനികളുടെ ആധിപത്യം ജപ്പാനിലെ നിര്‍മാണ മേഖലയിലെ കമ്പനികള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ഇതിനോടനുബന്ധിച്ച് ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനും സഹായകമാകുമെന്നും നാസ്‌കോം വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹിരോഷിമ സര്‍ക്കാരുമായുള്ള പങ്കാൡത്തത്തില്‍ സന്തോഷമറിയിച്ച നാസ്‌കോം ഗ്ലോബല്‍ ട്രേഡ് ഡെവലപ്‌മെന്റ് വിഭാഗം സീനിയര്‍ ഡയറക്റ്റര്‍ ഗഗന്‍ സബര്‍വാള്‍ ഐടി ഇടനാഴി പുതിയ ഡിജറ്റല്‍ യുഗത്തില്‍ ഇന്ത്യോ-ജാപ്പനീസ് സഹകരണം ആരംഭിക്കാനുള്ള പദ്ധതിയിലെ വലിയൊരു ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ടു. പ്രസ്തുത പങ്കാളിത്തത്തിലൂടെ ടെക്‌നോളജി-ഇന്നൊവേഷന്‍ മേഖലകളില്‍ കാര്യമായ പുരോഗതികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Nascom