മഹാരാഷ്ട്ര കടുത്ത വരള്‍ച്ചയിലേക്ക്

മഹാരാഷ്ട്ര കടുത്ത വരള്‍ച്ചയിലേക്ക്

മുംബൈ: തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് മഴ കുറവായതിനാല്‍ മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ 32 ജില്ലകളിലായി ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുന്ന 201 താലൂക്കുകള്‍ ഉള്ളതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വരള്‍ച്ച ബാധിത താലൂക്കുകള്‍ ഏറ്റവും കൂടുതലുള്ളത് ജല്‍ഗാവ് ജില്ലയിലാണ്. 13 താലൂക്കുകളിലാണ് അവിടെ വരള്‍ച്ചയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. 12 താലൂക്കുകളുമായി അഹ്മദ്‌നഗറും രണ്ടാം സ്ഥാനത്തുണ്ട്. ബീദ്(11), സോലാപൂര്‍(11) എന്നീ താലൂക്കുകളും മൂന്നാം സ്ഥാനത്തുണ്ട്. മഹാരാഷ്ട്രയില്‍ ആകെ 36 ജില്ലകളാണുള്ളത്. ഇതില്‍ നാല് ജില്ലകളില്‍ മാത്രമാണ് വരള്‍ച്ച ബാധിക്കാത്തത്.
മഹാരാഷ്ട്രയിലെ 20,000-ത്തിലേറെ ഗ്രാമങ്ങള്‍ വരള്‍ച്ചയ്ക്കു സമാനമായ സാഹചര്യത്തെ നേരിടുകയാണെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മറാത്ത്‌വാഡ മേഖലയെയാണ് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. വിളവ് നഷ്ടത്തെ കുറിച്ചും, വരള്‍ച്ചയെ വിലയിരുത്താനും സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ വരള്‍ച്ചാ ബാധിത മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ വരള്‍ച്ച ബാധിത പ്രദേശങ്ങളെ ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. വരള്‍ച്ചയെ നേരിടാന്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഖാരിഫ് സീസണില്‍ (വേനല്‍ക്കാല വിളവെടുപ്പ്) മഹാരാഷ്ട്രയില്‍ 14,679 ഗ്രാമങ്ങള്‍ വരള്‍ച്ചയെ നേരിട്ടിരുന്നു. ഈ വര്‍ഷം മറാത്ത്‌വാഡ മേഖല മുഴുവന്‍ വരള്‍ച്ചയുടെ പിടിയിലാണ്. ശുദ്ധജല ദൗര്‍ലഭ്യമുണ്ട്. കുഴി കുഴിച്ചെടുത്ത കിണറുകള്‍ ഉണങ്ങി വരണ്ടു. കുഴല്‍കിണറുകളും വെള്ളമില്ലാത്ത നിലയിലേക്ക് മാറുകയാണ്. മറാത്ത്‌വാഡ മേഖലയിലെ 500-ാളം ഗ്രാമങ്ങള്‍ ശുദ്ധജലത്തിനായി വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കുകയാണ്.

Comments

comments

Categories: Current Affairs, Slider