ഖഷോഗ്ഗിയുടെ കൊലപാതകം വലിയ തെറ്റെന്ന് സൗദി വിദേശകാര്യമന്ത്രി

ഖഷോഗ്ഗിയുടെ കൊലപാതകം വലിയ തെറ്റെന്ന് സൗദി വിദേശകാര്യമന്ത്രി
  • ഖഷോഗ്ഗിയുടെ കൊലപാതകത്തെ കുറിച്ച് പ്രിന്‍സ് മുഹമ്മദിന് ധാരണയുണ്ടായിരുന്നില്ല
  • സൗദിരാജാവ് സല്‍മാനും പ്രിന്‍സ് മുഹമ്മദും ഖഷോഗ്ഗിയുടെ മകനുമായി സംസാരിച്ചു
  • വളരെ വലിയ, അത്യന്തം ഗുരുതരമായ തെറ്റാണ് ഖഷോഗ്ഗിയുടെ കൊലപാതകമെന്നും സൗദി മന്ത്രി

റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം അത്യന്തം ഗുരുതരമായ തെറ്റാണെന്ന് സൗദി അറേബ്യ. സൗദിയുടെ വിദേശകാര്യമന്ത്രി അദെല്‍ അല്‍ ജുബയ്‌റാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗ്ഗിയുടെ കൊലപാതകത്തെകുറിച്ച് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സ് മുഹമ്മദിന്റെ കടുത്ത വിമര്‍ശകനായിരുന്നു തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട ജമാല്‍ ഖഷോഗ്ഗി. അതുകൊണ്ടുതന്നെ പ്രിന്‍സ് മുഹമ്മദിനെ സംരക്ഷിക്കുന്ന തരത്തിലാണ് സൗദിയുടെ പ്രസ്താവനകളെല്ലാം തന്നെ പുറത്തുവരുന്നത്.

രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളുടെ ആവശ്യത്തിനാണ് ജമാല്‍ ഖഷോഗ്ഗി ഒക്‌റ്റോബര്‍ രണ്ടിന് ഇസ്താന്‍ബുള്ളിലുള്ള സൗദി കോണ്‍സുലേറ്റിലേക്ക് പോയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘം ഖഷോഗ്ഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് തുര്‍ക്കി അധികൃതര്‍ തുടക്കം മുതലേ പറഞ്ഞെങ്കിലും സൗദി സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. വിവിധ ലോക രാജ്യങ്ങളുടെ നിരന്തര സമ്മര്‍ദ്ദവും തുര്‍ക്കിയുടെ നിലപാടും സൗദിയെ ഒറ്റെപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ആഹ്വാനവും നടന്നു. അതിനിടയിലാണ് ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സൗദി സര്‍ക്കാര്‍ സമ്മതിച്ചത്.

വാഷിംഗ്ടണ്‍ കോളമിസ്റ്റും സൗദി പൗരനുമായ ഖഷോഗ്ഗിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് അറേബ്യന്‍ രാജ്യം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രിന്‍സ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ നിന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീഫന്‍ മിനുച്ചിന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളും യുബര്‍ സിഇഒ അടക്കമുള്ള കോര്‍പ്പറേറ്റ് മേധാവികളും പിന്മാറിയിരുന്നു. പ്രിന്‍സ് മുഹമ്മദിന്റെ പരിഷ്‌കരണ പദ്ധതികളുടെ പ്രധാനഭാഗമായ ഉച്ചകോടി ഇതോടെ പ്രതിസന്ധിയിലാവുകയും ചെയ്തു.

ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള സൗദിയുടെ വിശദീകരണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്. സംഭവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ സൗദി തുറന്നു പറയണമെന്നാണ് ഇവരുടെ ആവശ്യം. പ്രശ്‌നം പരിഹരിക്കുന്നതുവരെ സൗദി അറേബ്യയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കേണ്ടെന്ന് ജര്‍മനി തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദിയോടും പ്രിന്‍സ് മുഹമ്മദിനോടും പ്രത്യേക താല്‍പ്പര്യമുണ്ടായതിനാല്‍ തന്നെ അമേരിക്കയുടെ നിലപാടിന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

സൗദിക്ക് പറയാനുള്ളത്

സല്‍മാന്‍ രാജാവും പ്രിന്‍സ് മുഹമ്മദും ഖഷോഗ്ഗിയുടെ മകനെ വിളിച്ച് തങ്ങളുടെ ദുഖം അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യമന്ത്രി ജുബയ്‌റും ഖഷോഗ്ഗിയുടെ കൊലപാതകത്തിലുള്ള അതീവ ദുഖം പ്രകടിപ്പിച്ചു. ഇതൊരു വലിയ തെറ്റാണ്. ഇതൊരു വലിയ ദുരന്തമാണ്-ജുബയ്ര്‍ പറഞ്ഞു. ഖഷോഗ്ഗി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അറിയില്ലെന്നും ഇത് ചെയ്തവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുമാണ് സൗദി മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനുത്തരവാദി ഒരിക്കലും പ്രിന്‍സ് മുഹമ്മദ് അല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ചില വ്യക്തികളാണ് ഇതിന് ഉത്തരവാദികള്‍ എന്ന നിലപാടാണ് സൗദി സ്വീകരിക്കുന്നത്. രണ്ട് ആഴ്ച്ചയോളം ഖഷോഗ്ഗിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്നാണ് സൗദി ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. അതിനുശേഷമാണ് 59കാരനായ ഖഷോഗ്ഗി കോണ്‍സുലേറ്റില്‍ നടന്ന ഒരു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സമ്മിച്ചത്.

ഈ കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഏറ്റവും ശക്തമായ ഭാഷയില്‍ ഞങ്ങള്‍ ഇതിനെ അപലപിക്കുന്നു-ജെര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സൗദിക്കുണ്ടെന്നുമാണ് ജര്‍മനിയുടെയും സഘത്തിന്‌റെയും നിലപാട്.

Comments

comments

Categories: Arabia
Tags: Khashoki