ടെലികോം വിപണിയില്‍ ഒന്നാമനാകാന്‍ റിലയന്‍സ് ജിയോ

ടെലികോം വിപണിയില്‍ ഒന്നാമനാകാന്‍ റിലയന്‍സ് ജിയോ

എയര്‍ടെലിനെയും ഐഡിയ-വൊഡഫോണിനെയും ഈ വര്‍ഷം അവസാനത്തോടെ മറികടക്കുമെന്ന് വിലയിരുത്തല്‍

മുംബൈ: ടെലികോം രംഗത്തെ ശക്തരായ എയര്‍ടെല്‍, ഐഡിയ-വൊഡാഫോണ്‍ എന്നീ കമ്പനികളുമായി ശക്തമായ മല്‍സരത്തിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. പുതിയ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ വേഗത നിലനിര്‍ത്തുന്നത് ടെലികോം മേഖലയില്‍ ജിയോയെ ഈ വര്‍ഷം തന്നെ മുന്നിലെത്തിച്ചേക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിലയന്‍സ് ജിയോയുടെ അറ്റ വരുമാനം കഴിഞ്ഞ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റൈ വയര്‍ലെസ് വരുമാനത്തെ മറികടന്നിട്ടുണ്ടെന്നാണ് വിപണി നിരിക്ഷണ സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് വിലയിരുത്തുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഈവര്‍ഷം അവസാനത്തോടെ ടെലികോം മേഖലയിലെ ഏറ്റവും വലിയ കമ്പനിയായി ജിയോ മാറുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
2019 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വരുമാനം 92.4 ബില്യണ്‍ രൂപയാണ്. ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരുമാനം 87-88 ബില്യണ്‍ രൂപയായിരിക്കുമെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ജിയോ എയര്‍ടെല്ലിനെ മറികടക്കുകയും വൊഡാഫോണ്‍ ഐഡിയയ്ക്കു താഴെ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുമെന്നാണ് സൂചന. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ 2019 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ തന്നെ മൊത്തം വരുമാനത്തില്‍ വോഡഫോണ്‍ ഐഡിയയെയും ജിയോ മറികടക്കും.

വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ജിയോ തുടരുകയാണ്. എന്നാല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസിയുടെ നിരോധനം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇത് താല്‍ക്കാലികം മാത്രമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ടെലികോം കമ്പനികള്‍ കോള്‍, ഡാറ്റ ചാര്‍ജുകള്‍ കുറയ്ക്കുമ്പോള്‍ തന്നെ വന്‍തോതിലുള്ള മൂലധന ചെലവിടലുകളും നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്. പരമ്പരാഗത ബിസിനസ് മോഡലുകള്‍ പിന്തുടര്‍ന്ന മറ്റ് ടെലികോം കമ്പനികളുടെ പ്രതിസന്ധി തുടരുന്നതിന് ഇത് വഴിവെക്കുകയാണ്.
നെറ്റ് വര്‍ക്ക് വേഗത്തിന്റെ കാര്യത്തിലും മറ്റ് സേവനദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ ബഹുദൂരം മുന്നിലാണ്. നിരവധി ഓഫറുകളാണ് ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുമായും ജിയോ ബന്ധം സ്ഥാപിച്ചുകഴിഞ്ഞതിനാല്‍ പുതിയ വരിക്കാരെ സ്വന്തമാക്കാനും ജിയോയ്ക്ക് കഴിയുന്നുണ്ട്. ഡാറ്റാ വിനിയോഗത്തിന്റെ കാര്യത്തിലും ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത് ജിയോ വരിക്കാര്‍ തന്നെയാണെന്ന് ടെലികോം മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ലാഭക്ഷമത ഉയര്‍ത്തുന്നതിന് ജിയോ കൂടുതല്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. ക്രമേണ നിരക്കുകള്‍ കൂടുതല്‍ യുക്തിസഹമാക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Tech
Tags: Jio