ഇന്ത്യക്ക് വേണ്ടത് ലോകോത്തരമായ ഉന്നതവിദ്യാഭ്യാസ സംവിധാനം

ഇന്ത്യക്ക് വേണ്ടത് ലോകോത്തരമായ ഉന്നതവിദ്യാഭ്യാസ സംവിധാനം

ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ രംഗം എക്കാലവും നിലവാരശോഷണത്തിന്റെയും കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടാത്തതിന്റെയും പഴി കേട്ടുവരുന്ന മേഖലയാണ്. ലോകത്തെ എണ്ണം പറഞ്ഞ സര്‍വകലാശാലകളില്‍ ആദ്യ 250 എണ്ണത്തിലെങ്ങും ഒരു ഇന്ത്യന്‍ സ്ഥാപനത്തിന്റെ പേരില്ല. 300 ന് അടുത്ത് റാങ്കുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ആണ് ഇത്തരത്തിലെ ആദ്യ സ്ഥാപനം. ചൈനയിലെയും സിംഗപ്പൂരിലെയും വരെ സ്ഥാപനങ്ങള്‍ ആദ്യം 100 ല്‍ ഇടംപിടിച്ചപ്പോഴാണ് ഇന്ത്യയിലെ നിലവാരത്തകര്‍ച്ച തുടരുന്നത്. ലോകത്തിന്റെ നെറുകയിലേക്കുയരാനുള്ള ഇന്ത്യന്‍ അഭിലാഷങ്ങള്‍ക്ക് കരുത്തു പകരാന്‍ ലോകോത്തര ഉന്നത വിദ്യാഭ്യാസ സംവിധാനം നമുക്ക് ആവശ്യമാണ്.

ഫ്രാങ്ക് എഫ് ഇസ്ലാം

 

ലോകത്തെ മൂന്നാമത്തെ വലിയ ഉന്നതവിദ്യാഭ്യാസ സംവിധാനമാണ് ഇന്ത്യക്കുള്ളത്. 2016ല്‍ രാജ്യത്തുടനീളമായി 799 സര്‍വകലാശാലകളും 39,071 കോളെജുകളുമാണ് ഉണ്ടായിരുന്നത്. ഈ സംഖ്യകളില്‍ ചാഞ്ചാട്ടം ദൃശ്യവുമാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച പരിശോധിച്ചാല്‍ ഇത്തരം ചാഞ്ചാട്ടം കൂടുതലായി കാണാനാവും.

1950നും 2014നുമിടയില്‍ ഇന്ത്യയിലെ സര്‍വകലാശാലകളുടെ എണ്ണം 34 മടങ്ങായി വര്‍ധിച്ചു. 1950നും 2013നുമിടയിലുള്ള കാലയളവില്‍ കോളെജുകളുടെ എണ്ണം 74 മടങ്ങായാണ് വര്‍ധിച്ചത്. എന്നാല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ ഈ സ്‌ഫോടനാത്മകമായ വര്‍ധനവ് അവ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമായി പൊരുത്തപ്പെടുന്നില്ല. വാസ്തവത്തില്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവ ലഭ്യമാക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ആഗോളതലത്തില്‍ മേധാവിത്വമുറപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ പ്രധാന തടസങ്ങളിലൊന്നും ഇതാണ്. ഇത്തരത്തിലൊരു ലോക നേതാവാകണമെങ്കില്‍, ലോകോത്തരമായ ഉന്നതവിദ്യാഭ്യാസ സംവിധാനം ഇന്ത്യ വികസിപ്പിക്കേണ്ടതുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനായുള്ള ചില നടപടിക്രമങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കം കുറച്ചിരുന്നു. യുജിസി (സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളാണെന്ന പ്രഖ്യാപനം) ഗൈഡ്‌ലൈന്‍സ് 2016 എന്നറിയപ്പെടുന്ന പുതിയ സംവിധാനത്തിനു വേണ്ടി കരട് ചട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇത്. 2018ഓടെ ഈ പദ്ധതിക്കു കീഴില്‍ ആദ്യ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ‘ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ് (ശ്രേഷ്ഠ വിദ്യാഭ്യാസ സ്ഥാപനം) പദവി നല്‍കി. ‘ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍’ എന്ന പേരില്‍ മാറ്റം വന്നെങ്കിലും പദ്ധതിയുടെ ഉദ്ദേശം സമാനം തന്നെയായിരുന്നു. ഈ സ്ഥാപനങ്ങളുടെ പദവി ഉയര്‍ത്തുന്നതിന് ഗണ്യമായ തോതില്‍ വിവേചനാധികാരങ്ങള്‍ നല്‍കപ്പെട്ടു. ഇതൊരു മോശപ്പെട്ട കാര്യമല്ല. എന്നാല്‍ ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് അന്തര്‍ലീനമായിട്ടുള്ള പ്രശ്‌നങ്ങള്‍ അഭിസംഭോധന ചെയ്യാന്‍ ഇത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളു.

ഇത് തികച്ചും ശരിയാണ്, കാരണം, കേന്ദ്രീകരണം പൂര്‍ണമായും തെറ്റാണ്. ഉന്നതവിദ്യാഭ്യാസം എന്ന മഞ്ഞുമലയുടെ ഏറ്റവും തലപ്പത്ത് നില്‍ക്കുന്നവയാണ് ഈ സര്‍വകലാശാലകള്‍. അതുകൊണ്ടുതന്നെ ഏതാനും സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നത്, ലോകത്തെ മികച്ച സ്ഥാപനങ്ങളെന്ന റാങ്കിംഗിലേക്കെത്താന്‍ ഏതാനും സ്ഥാപനങ്ങളെ പര്യാപ്തരാക്കുമെന്നത് ശരി തന്നെയാണ്. എന്നാല്‍ ഇതിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുകയില്ല. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യക്ക് ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ആവശ്യമല്ലായെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യക്ക് പ്രധാനമായും വേണ്ടത് ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനമാണ് എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപന കേന്ദ്രീകൃതമെന്നതിലുമുപരി, വിദ്യാര്‍ഥി അല്ലെങ്കില്‍ ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കും. ആവശ്യമായ വിഭവങ്ങളുള്ള അംഗീകൃതമായതും കരുതലുള്ളതുമായ സ്ഥാപനങ്ങളായിരിക്കും ഈ സംവിധാനത്തില്‍ ഉള്‍ക്കൊണ്ടിരിക്കുക. വിദ്യാര്‍ത്ഥികള്‍/ ഉപഭോക്താക്കള്‍ക്ക് സമൂഹത്തിലേക്കുള്ള അവരുടെ സംഭാവനകള്‍ പരമാവധി നല്‍കുന്നതിനായി വ്യക്തിഗത ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമായ അറിവ്, നൈപുണ്യം, ശേഷി, മനോഭാവം എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയായിരിക്കും സംവിധാനത്തിന്റെ പ്രധാന ദൗത്യം.

ഇന്ത്യയില്‍ നിലവിലുള്ള സംവിധാനം ഇതില്‍ നിന്നെല്ലാം തീര്‍ത്തും വിരുദ്ധമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യകതകള്‍ അഭിസംബോധന ചെയ്യുന്നതിലും അവലംബിക്കുന്നതിലുമുപരിയായി തെരഞ്ഞെടുത്ത ഏതാനും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് പ്രാഥമിക പരിഗണന നല്‍കിപ്പോരുന്നത്. ഇതില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ഉന്നതവിദ്യാഭ്യാസ സംവിധാനം ലോകോത്തരമാക്കാനും എടുക്കേണ്ടതായ നിരവധി ചുവടുകളുണ്ട്. അവ താഴെ കുറിക്കുന്നു.

ആദ്യമായി, പൊതു ധനസഹായം വര്‍ധിപ്പിക്കുകയെന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യം. ഉന്നത വിദ്യാഭ്യാസത്തിനായി പരിമിതമായ ഫണ്ടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ നീക്കി വെക്കുന്നത്. തല്‍ഫലമായി, 70 ശതമാനത്തിലധികം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് സ്വകാര്യ മേഖലയിലാണ്. ഈ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുകയോ ഉന്നത നിലവാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. നിലവിലുള്ള പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണക്കാനും ചുരുങ്ങിയ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളുള്ള മേഖലകളില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും പൊതുമേഖലയില്‍ നിന്നുള്ള ധനസഹായം ഉപയോഗിക്കാം.

രണ്ടാമത്, പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അപര്യാപ്തമായ ഭൗതിക സംവിധാനങ്ങളാണ് ഇന്ത്യയൊട്ടുക്കുമുള്ള കോളെജുകളിലും സര്‍വകലാശാലകളിലുമുള്ളത്. ഉപകരണങ്ങളുടെ അഭാവം, മികച്ച അധ്യാപകരുടെ അഭാവം എന്നിവയെല്ലാം ഈ സ്ഥാപനങ്ങളെ അലട്ടുന്നുണ്ട്. ഓരോ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാനസൗകര്യപരമായ ആരോഗ്യമുണ്ടെന്ന് ഉറപ്പു വരുത്തുക. പഠനത്തിനും വളര്‍ച്ചക്കുമായി യോജിച്ച പരിതസ്ഥിതി സ്ഥാപിക്കുക.

മൂന്നാമതായി, ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രാപ്യതയും പങ്കാളിത്തവും വിപുലമാക്കണം. യോഗ്യരായ ജനസംഖ്യയുടെ 15 ശതമാനം മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നുള്ളൂ. ഇന്ത്യയെ സംബന്ധിച്ച് ഒരു വികസിത അല്ലെങ്കില്‍ വികസ്വര രാജ്യമായി മാറാന്‍ ഈ ശതമാന നിരക്ക് ഇനിയും ഉയര്‍ത്തേണ്ടതുണ്ട്. സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെ പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടണം.

നാലാമത്, ഉചിതമായ നിലവാരവും ആവശ്യങ്ങളും നിര്‍ബന്ധമാക്കുക. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനു (യുജിസി) പകരം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) സ്ഥാപിക്കുന്നത് വിദ്യാഭ്യാസ സമൂഹത്തിനകത്തും പുറത്തും ഗണ്യമായ സംവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. യുജിസി, എച്ച്ഇസിഐ അല്ലെങ്കില്‍ മറ്റ് ഏതൊരു ഏജന്‍സിയെ നിയമിച്ചാലും കൃത്യമായ ഡാറ്റ ശേഖരിക്കുന്നുണ്ടോ എന്നതും പ്രകടനം നിരീക്ഷിക്കാന്‍ അത് ഉപയോഗിക്കുന്നുണ്ടോ എന്നതും ഉന്നതവിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായ ഓരോ സ്ഥാപനങ്ങളിലേയും ഉത്തരവാദിത്തം ഉറപ്പാക്കുന്നുണ്ടോ എന്നതുമാണ് നിര്‍ണായകമായ ചോദ്യം.

അഞ്ചാമതായി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക. ഉന്നതവിദ്യാഭ്യാസ സംവിധാനം, സാധ്യതയുള്ള തൊഴില്‍ദാതാക്കളുടെയും ദീര്‍ഘവീക്ഷണമുള്ള ജീവനക്കാരുടെയും ആവശ്യകതകള്‍ നിറവേറ്റുന്ന തരത്തിലുള്ളതായിരിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ ഒരു പൊരുത്തക്കേടുണ്ട്. പ്രായോഗികതയുടെ ദാതാവായി ഉന്നതവിദ്യാഭ്യാസ സംവിധാനം സ്വയം സജ്ജമാകണം. രാജ്യത്തിന് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയെ പ്രദാനം ചെയ്യാനും മേഖലക്ക് സാധിക്കണം.

സ്വീകരിക്കേണ്ടതായ ധാരാളം നടപടികള്‍ വേറെയുമുണ്ട്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുണ്ട്. ഇതും ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ സംവിധാനം ലോകോത്തരമാക്കി മാറ്റുന്നതിനായി അഭിസംബോധന ചെയ്യപ്പെടേണ്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഒരു മനസ്ഥിതി മാത്രമേ ഉണ്ടായിരിക്കാന്‍ പാടുള്ളു. ഇന്ത്യക്ക് മുഴുവനും, എല്ലാ ഇന്ത്യക്കാര്‍ക്കും നേട്ടമാകുന്ന രീതിയില്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ സംവിധാനം നവീകരിക്കുകയും പുനര്‍രൂപകല്‍പ്പന ചെയ്യുകയും വേണം എന്നതാകണം ഈ മനസ്ഥിതി.

Comments

comments

Categories: FK Special, Slider