ക്രിപ്‌റ്റോകറന്‍സി; ഇന്ത്യ കൃത്യമായ നിലപാട് സ്വീകരിക്കണം

ക്രിപ്‌റ്റോകറന്‍സി; ഇന്ത്യ കൃത്യമായ നിലപാട് സ്വീകരിക്കണം

ഡിജിറ്റല്‍ കറന്‍സി എക്‌സേഞ്ചുകള്‍ ഇന്ത്യയില്‍ നിന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ഇവിടുത്തെ ശക്തമായ നിയന്ത്രണസംവിധാനങ്ങളാണ് കാരണം. ഡിജിറ്റല്‍ കറന്‍സികളുടെ കാര്യത്തില്‍ വ്യക്തമായ ഒരു ചട്ടക്കൂട് രാജ്യത്ത് നിലവില്‍ വരേണ്ടതുണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ വെര്‍ച്ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ചുകളിലൊന്നായിരുന്നു സെബ്‌പേ. എന്നാല്‍ കഴിഞ്ഞ മാസം അത് പൂട്ടി. ഇപ്പോള്‍ മാള്‍ട്ട കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സിംഗപ്പൂരിലും കമ്പനിക്ക് ഓഫീസുണ്ട്. ഇരുപതോളം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സെബ്‌പേ ഇന്ത്യയിലെ ഉപഭോക്താക്കളെ ഒഴിവാക്കിയിട്ടുമുണ്ട്. ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ സാധ്യതകളുടെ ബലത്തില്‍ അതിവേഗം വളര്‍ന്നുവന്ന സംരംഭമായിരുന്നു സെബ്‌പേ. എന്നാല്‍ ഈ ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ക്രിപ്‌റ്റോ കറന്‍സി ആവാസവ്യവസ്ഥയില്‍ പിടിമുറുക്കിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചുകളുമായും വെര്‍ച്ച്വല്‍ കറന്‍സി വ്യാപാരികളുമായും ബിസിനസ് ബന്ധം സ്ഥാപിക്കുന്നതില്‍ നിന്ന് ബാങ്കുകളെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വിലക്കുകയായിരുന്നു.

ഭാവി കറന്‍സിയായി പലരും വ്യാഖ്യാനിച്ച ക്രിപ്‌റ്റോകറന്‍സികളിലുള്ള വ്യാപാരത്തെ ഇത് സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് പ്രതിമാസം 300,000 പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്ന ഡിജിറ്റല്‍ എക്‌സ്‌ചേഞ്ചുകള്‍ ഇപ്പോള്‍ 25,000 പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ കഷ്ടപ്പെടുകയാണ്. ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി ബിസിനസ് നടത്തുകയെന്നത് സാധ്യമല്ലെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടു കൂടിയാണ് സെബ്‌പേ പോലുള്ള കമ്പനികള്‍ക്ക് രാജ്യം വിടേണ്ടി വന്നത്.
ബാങ്ക് എക്കൗണ്ടുകളുമായി ബന്ധപ്പെട്ട ആര്‍ബിഐ നിലപാട് കാരണം എ്ക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകായണെന്ന് സെബ്‌പേ തന്നെ വ്യക്തമാക്കുകയുമുണ്ടായി.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമെന്ന നിലയിലാണ് ക്രിപ്‌റ്റോകറന്‍സിയുടെ പ്രസക്തി നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ജനകീയമായ കറന്‍സി ബിറ്റ്‌കോയിനായിരുന്നു. ഇടനിലക്കാര്‍ക്കോ കേന്ദ്ര ബാങ്കുകള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഒന്നും നിയന്ത്രിക്കാനാകത്ത കംപ്യൂട്ടര്‍ പ്രോഗാം എന്ന ബിറ്റ്‌കോയിന്റെ സവിശേഷത വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളെ അലോസരപ്പെടുത്തുകയും ചെയ്തു. ബാങ്കിംഗ് രംഗത്തിന്റെ തകര്‍ച്ചയില്‍ നിരാശ പൂണ്ട് വന്നതാണ് ബിറ്റ്‌കോയിന്‍ എന്നതും ആ ഭയത്തിന് അടിവരയിട്ടു.

ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട് ഒരു വ്യക്തമായ നയം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇതുപോലുള്ള നിരോധനങ്ങളേക്കാള്‍ ഉപരിയായി നിയന്ത്രണസംവിധാനങ്ങളോടു കൂടി ഈ വിപണി വളര്‍ത്താനുള്ള സാഹചര്യം ഒരുക്കുകയാണ് അഭികാമ്യം. ധനകാര്യമന്ത്രാലയം, ആര്‍ബിഐ, സെബി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നയത്തിന്റെ കരട് തയാറാക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു സ്പഷ്ടമായ തീരുമാനം കൈക്കൊള്ളാനോ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, എസ്റ്റോണിയ, മാള്‍ട്ട, ജപ്പാന്‍, ദുബായ്, കേമന്‍ ഐലന്‍ഡ്‌സ് തുടങ്ങിയ ക്രിപ്‌റ്റോകറന്‍സി സൗഹൃദയിടങ്ങളിലേക്ക് ചേക്കേറുകയാണ് ഡിജിറ്റല്‍ എക്‌സ്‌ചേഞ്ചുകള്‍. മിക്കവരുടെയും ഇഷ്ട ലക്ഷ്യസ്ഥാനം മാള്‍ട്ടയാണ്. ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ സുവ്യക്തവും സുതാര്യവുമായ നയം അവര്‍ക്കുണ്ടെന്നതാണ് സവിശേഷത.

ഡിജിറ്റല്‍ കറന്‍സികളുടെ കാര്യത്തിലെ അനിശ്ചിതത്വം എത്രയും പെട്ടെന്ന് മാറ്റാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഭാവിയിലെ മാറ്റങ്ങള്‍ ഏതെല്ലാം ദിശയിലാണ് സംഭവിക്കുകയെന്നത് അപ്രവചനീയമാണ്. നിയന്ത്രണസംവിധാനങ്ങളോടെ ക്രിപ്‌റ്റോകറന്‍സി ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ് വേണ്ട. അല്ലാത്ത പക്ഷം ‘ബസ് മിസ് ആക്കുന്ന’ അവസ്ഥയിലേക്ക് തന്നെ ഒരു പക്ഷേ നാം എത്തും.

Comments

comments

Categories: Editorial, Slider