ബ്രസീല്‍ തെരഞ്ഞെടുപ്പ് ഫേസ്ബുക്കിന് നിര്‍ണായകം

ബ്രസീല്‍ തെരഞ്ഞെടുപ്പ് ഫേസ്ബുക്കിന് നിര്‍ണായകം

ഈ മാസം 28ന് ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അരങ്ങേറുകയാണ്. അടുത്ത മാസം ആറിന് അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പും നടക്കുന്നു. ഇൗ രണ്ട് തെരഞ്ഞെടുപ്പും കൈകാര്യം ചെയ്യുകയെന്നതായിരിക്കുന്നു ഫേസ്ബുക്ക് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കാരണം, തെരഞ്ഞെടുപ്പിനു മുന്നോടിയായി ഓണ്‍ലൈനില്‍ പ്രത്യേകിച്ചു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സംഘടിതമായ പ്രചാരണങ്ങളെ കൈകാര്യം ചെയ്യാന്‍ ഫേസ്ബുക്കിനു സാധിച്ചിരിക്കുന്നതായി പൊതുജനത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമാണ് ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പും ഒരുക്കിയിരിക്കുന്നത്.

ബ്രസീലിന്റെ ജനസംഖ്യ 210 ദശലക്ഷമാണ്. ഇതില്‍ 120 ദശലക്ഷം പേര്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതായിട്ടാണു കണക്കാക്കപ്പെടുന്നത്. ഇവരുടെ സ്മാര്‍ട്ട് ഫോണിലേക്കു കഴിഞ്ഞ ഏതാനും മാസങ്ങളായി വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ഇങ്ങനെ സന്ദേശങ്ങള്‍ പ്രവഹിക്കാനും കാരണമുണ്ട്. ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസം 28നാണ് ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം ഈ മാസം ഏഴിനായിരുന്നു. ഇനി അവസാന ഘട്ടമാണ് ഈ മാസം 28നു നടക്കുക. തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയായ ജെയ്ര്‍ ബൊല്‍സൊനാരോയും, ഇടത് പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഫെര്‍നാന്‍ഡോ ഹദാദുമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്
തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയും വിധമുള്ള സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലും, ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ പ്രചരിക്കുന്നത് ഇന്നു സര്‍വസാധാരണമാണല്ലോ. ബ്രസീലിലും അതു സംഭവിച്ചു. തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ സന്ദേശങ്ങള്‍ അവിടെ നിരവധി പ്രചരിക്കുന്നുണ്ട്. ഇക്കാര്യം വാട്‌സ് ആപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കിനു ബോദ്ധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതു കൈകാര്യം ചെയ്യുകയെന്നതായിരിക്കുന്നു ഫേസ്ബുക്ക് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫേസ്ബുക്കിനെ സംബന്ധിച്ചു നിര്‍ണായകമാണ്. കാരണം, തെരഞ്ഞെടുപ്പിനു മുന്നോടിയായി ഓണ്‍ലൈനില്‍ പ്രത്യേകിച്ചു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സംഘടിതമായ പ്രചാരണങ്ങളെ കൈകാര്യം ചെയ്യാന്‍ ഫേസ്ബുക്കിനു സാധിച്ചിരിക്കുന്നതായി പൊതുജനത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമാണ് ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരുക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഫേസ്ബുക്കിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നതും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കാതെ പോയതിന്റെ പേരിലായിരുന്നു.

വെല്ലുവിളി അതിജീവിക്കാന്‍ ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും സാധിക്കുമോ

സോഷ്യല്‍ മീഡിയയെ ദുരുപയോഗപ്പെടുത്തി, വ്യാജവും, തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചു യഥാര്‍ഥ ലോകത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വാധീനിക്കുന്ന കാഴ്ച പതിവായിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പു നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തതായുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലാകട്ടെ, വാട്‌സ് ആപ്പിലൂടെ തെറ്റായ സന്ദേശങ്ങളും വീഡിയോകളും പ്രചരിച്ചതോടെ, സമീപകാലത്തു നിരവധി അക്രമങ്ങള്‍ അരങ്ങേറുകയുണ്ടായി. മ്യാന്‍മാറില്‍ ഒരു പ്രത്യേക വംശത്തെ ഇല്ലാതാക്കുന്നതിനായി സൈന്യം ഫേസ്ബുക്കിനെ ഉപകരണമായി വരെ ഉപയോഗിച്ചതായും ആരോപണമുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്കിനെയും വാട്‌സ് ആപ്പിനെയും ബ്രസീല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുകയെന്നതായിരിക്കും ഫേസ്ബുക്കിനു മുന്നിലുള്ള വെല്ലുവിളി.

ബ്രസീലില്‍ വാട്‌സ് ആപ്പിനെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നു

ബ്രസീലില്‍ തെരഞ്ഞെടുപ്പിനു ഫേസ്ബുക്കിനെയും, വാട്‌സ് ആപ്പിനെയും മാത്രമല്ല, എല്ലാത്തരം നവമാധ്യമങ്ങളെയും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എങ്കിലും വാട്‌സ് ആപ്പിനെയാണു കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലില്‍ വോട്ടര്‍മാരില്‍ 44 ശതമാനവും രാഷ്ട്രീയപരമായ കാര്യങ്ങളെ കുറിച്ച് അറിയാന്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നവരാണ്. മാത്രമല്ല, വാട്‌സ് ആപ്പിന്റെ സ്വകാര്യത സംബന്ധിച്ച പ്രത്യേകതകള്‍ സാധാരണക്കാരെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൂടുതല്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വാട്‌സ് ആപ്പ് end-to-end encrypted service ആണ്. അതായത്, പുറത്തുള്ള ഒരാള്‍ക്കു വാട്‌സ് ആപ്പിലുള്ള സന്ദേശം കാണുവാന്‍ സാധിക്കില്ല. സന്ദേശം അയയ്ക്കുന്ന ആളും, അത് സ്വീകരിക്കുന്ന ആളും മാത്രമായിരിക്കും സന്ദേശത്തെ കുറിച്ച് അറിയുന്നത്. ഇതിനിടയില്‍ മൂന്നാമതൊരാള്‍ക്കു സന്ദേശം ഡീക്രിപ്റ്റ് ചെയ്യാന്‍ സാധിക്കില്ല. സാധാരണ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ സന്ദേശം ഡീക്രിപ്റ്റ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ വാട്‌സ് ആപ്പിനുള്ള വിശ്വാസ്യതയെയാണു തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ദുരുപയോഗപ്പെടുത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനായി ബ്രസീലിയന്‍ സര്‍ക്കാരും, ഫേസ്ബുക്കും കൈകോര്‍ത്തിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, ബ്രസീലിലെ ഫെഡറല്‍ പൊലീസ് ഏജന്‍സി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയുണ്ടായി. ഫേസ്ബുക്കാകട്ടെ, കാലിഫോര്‍ണിയയിലെ അവരുടെ ആസ്ഥാനകേന്ദ്രമായ മെന്‍ലോ പാര്‍ക്കില്‍ വാര്‍ റൂം സജ്ജമാക്കിയിരിക്കുകയാണ്. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ടെക്‌നോളജി ഉപയോഗിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് വാര്‍ റൂമിന്റേത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ തത്സമയം കണ്ടെത്തി നിയന്ത്രിക്കുന്ന സംവിധാനമാണു വാര്‍ റൂമിന്റേത്. വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തന രീതിയിലും മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ വാട്‌സ് ആപ്പില്‍നിന്നും ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന സന്ദേശങ്ങളുടെ എണ്ണം 256 ആണ്. ഇത് 20 ആക്കി ചുരുക്കാനുള്ള ശ്രമമാണ് വാട്‌സ് ആപ്പ് നടത്തുന്നത്. ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന സന്ദേശങ്ങളുടെ എണ്ണം അഞ്ച് ആക്കി വാട്‌സ് ആപ്പ് പരിമിതപ്പെടുത്തിയിരുന്നു. ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാനുള്ള ടിപ്‌സ്, ടിവി, പത്രം, റേഡിയോ എന്നീ മാധ്യമങ്ങളിലൂടെ നല്‍കുകയുണ്ടായി. വാട്‌സ് ആപ്പ് മുന്‍കൈയ്യെടുത്താണ് ഈ ടിപ്‌സ് മാധ്യമങ്ങളിലൂടെ നല്‍കിയത്.

കോംപ്രോവ

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് പ്രതിരോധിക്കാനായി ബ്രസീലില്‍ ദേശീയ ദിനപത്രങ്ങളും ടിവി നെറ്റ്‌വര്‍ക്കുകളും ഉള്‍പ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ കോംപ്രോവ എന്ന പേരിലൊരു കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. കോംപ്രോവ എന്നാല്‍ പ്രൂവ് ഇറ്റ് (തെളിയിക്കൂ) എന്നാണ്. ഒരു സ്‌റ്റോറി ഓണ്‍ലൈനില്‍ വൈറലാവുകയാണ് അഥവാ വന്‍തോതില്‍ പ്രചരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍, കോംപ്രോവ അതിനെ കുറിച്ച് അന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ നിയോഗിക്കും. ചുരുങ്ങിയത് മൂന്ന് മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി ബോദ്ധ്യപ്പെട്ടതിനു ശേഷമായിരിക്കും ആ വാര്‍ത്ത അവര്‍ പ്രസിദ്ധീകരിക്കുന്നത് അല്ലെങ്കില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സമീപദിവസം കോംപ്രോവ, ഏതാനും ചില വീഡിയോകള്‍ വ്യാജമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

Comments

comments

Categories: Slider, World

Related Articles