ജീവനക്കാരെയും സര്‍വീസുകളും വെട്ടിക്കുറക്കാന്‍ ജെറ്റ്

ജീവനക്കാരെയും സര്‍വീസുകളും വെട്ടിക്കുറക്കാന്‍ ജെറ്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം ബുദ്ധിമുട്ടുന്ന, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകളും ജീവനക്കാരെയും വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. എന്‍ജിനീയറിംഗ്, സുരക്ഷ, സെയ്ല്‍സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ മാനേജര്‍ അല്ലെങ്കില്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള ചുരുങ്ങിയത് 15 പേരോടെങ്കിലും ഒക്‌റ്റോബറില്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ എതാനും പേര്‍ പ്രായം കൂടിയവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിയില്‍ നിന്നു പിരിച്ചു വിടുന്ന പരിപാടിക്ക് സെപ്റ്റംബര്‍ മാസത്തില്‍ അല്‍പ്പം കുറവ് ഉണ്ടായിരുന്നെന്നും എന്നാല്‍ ഈ പ്രവണത ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന സൂചനയും കമ്പനിവൃത്തങ്ങള്‍ നല്‍കുന്നു. ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിലായി തങ്ങളുടെ എട്ട് വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ച് കമ്പനി നിലത്തിറക്കിയിരുന്നു. എയര്‍ബസ് എ330, ബോയിംഗ് 777, രണ്ട് ബോയിംഗ് 737 വിമാനങ്ങള്‍, മൂന്ന് എടിആര്‍ ടര്‍ബോപ്രോപ്‌സ് എന്നിവ ചെന്നൈ വിമാനത്താവളത്തിലും ഒരു എയര്‍ബസ് എ330 മുംബൈയിലുമാണ് നിലത്തിറക്കിയത്. ഇതില്‍ ചില വിമാനങ്ങളില്‍ നിന്ന് എന്‍ജിനുകള്‍ നീക്കിയെന്നും ആറുമാസമോ അതിലധികമോ അവ സര്‍വീസ് നടത്തില്ല എന്നതിന്റെ സൂചനയാണിതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുകയാണ് നിലവില്‍ കമ്പനി.

Comments

comments

Categories: FK News
Tags: Jet Airways