നികുതിദായകര്‍ 70 ശതമാനം വര്‍ധിച്ചു, ശരാശരി നികുതി വരുമാനം ഇടിഞ്ഞു

നികുതിദായകര്‍ 70 ശതമാനം വര്‍ധിച്ചു, ശരാശരി നികുതി വരുമാനം ഇടിഞ്ഞു

നടപ്പു സാമ്പത്തികവര്‍ഷം ഇ-ഫയലിംഗ് 7.6 കോടിയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇ-റിട്ടേണ്‍ ഫയല്‍ ചെയ്ത വ്യക്തിഗത നികുതിദായകരുടെ എണ്ണം മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 70 ശതമാനം വര്‍ധിച്ച് 5.4 കോടിയിലെത്തി. എന്നാല്‍ ഓരോ നികുതി ദായകനില്‍ നിന്നും ലഭിച്ച ശരാശരി തുക 32 ശതമാനം ഇടിഞ്ഞ് 27,083 രൂപയായി. തൊട്ടു മുന്‍പുള്ള രണ്ട് വര്‍ഷങ്ങളിലെ(2018, 2017) സമാന കാലയളവുകളില്‍ നികുതി ദായകരുടെ എണ്ണത്തിലുണ്ടായ വര്‍ധന യഥാക്രമം 24 ശതമാനം, 39 ശതമാനം എന്നിങ്ങനെയായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഓരോ നികുതി ദാതാവും അടച്ച ശരാശരി നികുതി 44,000 രൂപയും 40,200 രൂപയുമായിരുന്നു.

നോട്ട് നിരോധനം, പിന്നീട് പ്രാബല്യത്തില്‍ വന്ന ജിഎസ്ടി എന്നിവ നികുതി അടിത്തറ വ്യാപിപ്പിക്കുന്നതിന് സഹായിച്ചെങ്കിലും വ്യക്തിഗത ആദയനികുതി(പിഐടി) കളക്ഷനില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല.
നികുതി ദായകരില്‍ നിന്നു ലഭിക്കുന്ന ശരാശരി നികുതി കുറയുന്നത് നികുതി-ജിഡിപി അനുപാതം മികച്ചതാക്കില്ലെന്നതാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നടപ്പു സാമ്പത്തികവര്‍ഷം ഇ-ഫയലിംഗ് 7.6 കോടിയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.9 കോടിയായിരുന്നു. അതിനാല്‍ പുതുതായി ഫയലിംഗ് നടത്തുന്ന നികുതിദായകര്‍ കൃത്യമായി നികുതി അടയ്ക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, പ്രത്യക്ഷ നികുതി വരുമാനം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 14 ശതമാനം വര്‍ധിച്ച് 4.44 ലക്ഷം കോടി രൂപയിലെത്തി. നടപ്പുസാമ്പത്തിക വര്‍ഷത്തെ 11.5 ലക്ഷം കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് നേടാന്‍ പര്യാപ്തമല്ല ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രില്‍-ജൂലൈ കാലയളവ് നികുതി വളര്‍ച്ച സംബന്ധിച്ച മികച്ച പ്രതീക്ഷയാണ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ജിഎസ്ടിക്കു ശേഷം പലരും ആദ്യമായാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. ഭാവിയിലെ നികുതി സമാഹരണത്തിന് ഇത് കരുത്തേകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: FK News
Tags: Tax givers