സൗദിക്കെതിരെ ലോകനേതാക്കള്‍, കുലുങ്ങാതെ പ്രിന്‍സ് മുഹമ്മദ്

സൗദിക്കെതിരെ ലോകനേതാക്കള്‍, കുലുങ്ങാതെ പ്രിന്‍സ് മുഹമ്മദ്

സൗദിയില്‍ നിന്ന് കൂടുതല്‍ വിശദീകരണം വേണമെന്ന് ഏഞ്ചെല മെര്‍ക്കല്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ നേതാക്കള്‍.നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ശനിയാഴ്ച്ചയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചത്. ഒക്‌റ്റോബര്‍ രണ്ടിന് ഇസ്താന്‍ബുള്ളിലെ സൗദി കോണ്‍സുലേറ്റിലേക്ക് കയറിപ്പോയ ശേഷം കാണാതായ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി നേരത്തെ തന്നെ തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി പൗരനുമായിരുന്ന ഖഷോഗ്ഗി.

വിഷയത്തില്‍ സൗദിയുടെ വിശദീകരണത്തിന് തീരെ വ്യക്തതയില്ലെന്നാണ് ജെര്‍മന്‍ ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കല്‍ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ വ്യക്തമാക്കിയത്. മുന്‍പ് സൗദിയുടെ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇപ്പോള്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിനാകുന്നതായാണ് വിവരം. സൗദിയുമായുള്ള വന്‍സാമ്പത്തിക ഇടപാടുകളും പ്രിന്‍സ് മുഹമ്മദുമായുള്ള അടുപ്പവും കാരണം ഖഷോഗ്ഗി വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് മടിച്ചുനില്‍ക്കുകയായിരുന്നു. ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത ഭീഷണിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്നതെന്ന് ജര്‍മെന്‍ ചാന്‍സലര്‍ പറഞ്ഞു.

ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ സുതാര്യമാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. നേരത്തെ സൗദി പറഞ്ഞിരുന്നത് കോണ്‍സുലേറ്റില്‍ നിന്ന് ഖഷോഗ്ഗി യാതൊരുവിധ പരിക്കുകളുമില്ലാതെ, ജീവനോടെ തിരിച്ചുപോയിട്ടുണ്ടെന്നാണ്. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോഴാണ് ഖഷോഗ്ഗി മരിച്ചതായി സൗദി സ്ഥിരീകരിച്ചത്. ആദ്യം പറഞ്ഞ കഥ മാറ്റി പറയേണ്ടി വന്നതുതന്നെ സൗദി പറയുന്ന കാര്യങ്ങളില്‍ തീരെ സുതാര്യത ഇല്ലെന്നതിന് തെളിവാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

കോണ്‍സുലേറ്റില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കിടെ ഖഷോഗ്ഗി കൊല്ലപ്പെടുകയായിരുന്നുവെന്ന സൗദി അറേബ്യയുടെ വിശദീകരണത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി ലാര്‍സ് ലൊക്കെ റാസ്മുസ്സെന്‍ പറഞ്ഞു. ഫ്രാന്‍സിനും സമാനമായ അഭിപ്രായം തന്നെയാണുള്ളത്.

ഐക്യരാഷ്ട്രസഭയോ മറ്റേതെങ്കിലും രാജ്യങ്ങളോ ഖഷോഗ്ഗിയുടെ കൊലപാതകം അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എഫ്ബിഐ മുന്‍ ഡയറക്റ്റര്‍ ജെയിംസ് കോവി ഖഷോഗ്ഗി വിഷയത്തില്‍ ട്രംപ് കൈക്കൊണ്ട നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.

ലോകത്തിന് വെളിച്ചമാകേണ്ട രാജ്യമാണ് അമേരിക്ക. സത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലകല്‍പ്പിക്കുന്ന ഒരു ജനാധിപത്യരാജ്യമെന്ന നിലയിലാണ് അമേരിക്ക നിലകൊള്ളുന്നത്. കൊലപാതികകള്‍ക്കെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും നിലകൊള്ളുന്നതാണ് അമേരിക്കയുടെ സംസ്‌കാരം. എന്നാല്‍ ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും ആ വെളിച്ചം കിടത്തുകയാണ്-ജെയിംസ് കോമി പറഞ്ഞു.

സൗദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ നടപടിയില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ജര്‍മനി ആവശ്യപ്പെട്ടു. ഖഷോഗ്ഗിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരുവിധ സ്ഥിരതയുമില്ലാതെയാണ് ട്രംപ് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. ആദ്യ അദ്ദേഹം പറഞ്ഞത് ഖഷോഗ്ഗി കൊല്ലെപ്പെട്ടെന്ന വാര്‍ത്ത സത്യമാണെങ്കില്‍ സൗദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ്. എന്നാല്‍ പിന്നീട് ട്രംപ് സ്വരം മയപ്പെടുത്തി. ഇറാന്‍ ഭീഷണി നേരിടുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ പ്രധാന സഖ്യരാഷ്ട്രമാണ് സൗദിയെന്ന തരത്തിലായിരുന്നു ട്രംപിന്റെ നിലപാട് മാറ്റം. യുഎസില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന പ്രധാനരാജ്യമാണ് സൗദിയെന്നതും ഓര്‍ക്കണം.

പരിഷ്‌കരണവാദിയെന്ന് ഒരിക്കല്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ വാഴ്ത്തിയ പ്രിന്‍സ് മുഹമ്മദിന് ഖഷോഗ്ഗിയുടെ മരണത്തില്‍ പങ്കില്ലെന്ന് വിശ്വസിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ തയാറാകുമോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അമേരിക്ക എടുക്കുന്ന നിലപാടും ചോദ്യം ചെയ്യപ്പെടും.

വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഖഷോഗ്ഗിയെ ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റിതുള്‍പ്പടെ ക്രൂരമായ ചെയ്തികളാണ് കൊലപാതകസംഘം നടപ്പാക്കിയത്. മൃതദേഹത്തിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സൗദി രാജാവ് സല്‍മാന്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉടച്ചുവാര്‍ത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 18 സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തതായി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഖഷോഗ്ഗി വിഷയവുമായി പ്രിന്‍സ് മുഹമ്മദിന് യാതൊരു ബന്ധവുമില്ലെന്നും സൗദി വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ കുറച്ചെങ്കിലും മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയുള്ള നേതാവ് ട്രംപ് മാത്രമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജനങ്ങള്‍ക്ക് ഹീറോ തന്നെ

ഖഷോഗ്ഗിയുടെ കൊലപാതക വിവാദം സൗദിക്ക് പുറത്ത് പ്രിന്‍സ് മുഹമ്മദിന്റെ പ്രതിച്ഛായ തകര്‍ത്തെങ്കിലും രാജ്യത്തിനകത്തുള്ളവര്‍ക്ക് അദ്ദേഹം ഇപ്പോഴും ഹീറോ തന്നെയാണ്. ജനങ്ങള്‍ അവരുടെ പരിഷ്‌കരണ നായകനായാണ് പ്രിന്‍സ് മുഹമ്മദിനെ കാണുന്നത്. ഇനി ഖഷോഗ്ഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെങ്കില്‍ കൂടി സൗദി ജനത അദ്ദേഹത്തെ തള്ളിപ്പറയാന്‍ സാധ്യതയില്ലെന്നു വേണം കരുതാന്‍. അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങളില്‍ ജനത ഏറെക്കുറെ സംതൃപ്തരമാണ്. ഡ്രൈവിംഗ് വിലക്ക് നീക്കിയതുള്‍പ്പടെ പ്രിന്‍സ് മുഹമ്മദ് വിപ്ലാവത്മകമായ നിരവധി നടപടികളാണ് സൗദിയില്‍ കൈക്കൊണ്ടത്.

Comments

comments

Categories: Arabia
Tags: Khashoki, Soudhi