റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 25ലേക്ക് നീട്ടി

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 25ലേക്ക് നീട്ടി

അന്തിമ തീയതി നീട്ടി നല്‍കുന്നതിനെതിരേ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര ധനകാര്യ മന്ത്രാലയം ഒക്‌റ്റോബര്‍ 25ലേക്ക് നീട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലൈയിം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്കും ഇതിനുള്ള സമയം പുതിയ ഉത്തരവിലൂടെ 25 വരെ നീട്ടി ലഭിച്ചിരിക്കുകയാണ്.
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിനായുള്ള ക്ലെയിം ഉന്നയിക്കുന്നതിനുള്ള അവസാന തീയതി നീട്ടി നല്‍കണമെന്ന് വിവിധ ബിസിനസുകളില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവെന്ന് ധനമന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നു. ഒക്‌റ്റോബര്‍ 20 ആയിരുന്നു നേരത്തേ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഓരോ മാസത്തെയും ജിഎസ്ടി 3ബി റിട്ടേണ്‍ തൊട്ടടുത്തമാസം 20-ാം തീയതിക്കു മുന്‍പായാണ് സമര്‍പ്പിക്കേണ്ടത്.
തങ്ങളുടെ വില്‍പ്പന റിട്ടേണുകളും വിതരണക്കാരില്‍ നിന്നുള്ള വാങ്ങള്‍ റിട്ടേണുകളും പരിശോധിച്ച് ക്ലെയിം ഉന്നയിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് വിവിധ ബിസിനസ് നേതൃത്വങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ജിഎസ്ടി ആര്‍ 3ബി റിട്ടേണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിര്‍ണയിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ നിശ്ചയിച്ച അന്തിമ തീയതി നീട്ടി നല്‍കുന്നതിനെതിരേ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വൈകി മാത്രം റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കും കൃത്യമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കും അധിക നേട്ടം നല്‍കുന്നതാണ് ഈ നടപടിയെന്ന് എഎംആര്‍ജി & അസോസിയേറ്റ്‌സ് പാര്‍ട്ണര്‍ രജന്‍ മോഹന്‍ വിലയിരുത്തുന്നു. ബിസിനസുകളുടെ മല്‍സരാന്തരീക്ഷവും ക്ഷമതയും വളര്‍ത്തുന്നതിന് സഹായകമല്ല സര്‍ക്കാരിന്റെ ഈ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Tax return