സ്വകാര്യവല്‍ക്കരണം ദരിദ്ര ജനവിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നു: യുഎന്‍

സ്വകാര്യവല്‍ക്കരണം ദരിദ്ര ജനവിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നു: യുഎന്‍

അടിസ്ഥാന ആവശ്യങ്ങളില്‍ യൂസര്‍ ഫീ മാതൃക നടപ്പാക്കരുത്

ന്യൂഡെല്‍ഹി: പൊതുമേഖലാ ആസ്തികളുടെ വലിയ തോതിലുള്ള സ്വകാര്യവല്‍ക്കരണം മനുഷ്യാവകാശ സംരക്ഷണത്തെ ക്രമാനുഗതമായി ഇല്ലാതാക്കുകയും ദരിദ്ര ജനവിഭാഗത്തെ വീണ്ടും പാര്‍ശ്വല്‍ക്കരിക്കുകയും ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. പ്രമേഹം, ക്യാന്‍സര്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പകരാത്ത രോഗങ്ങള്‍ക്കുവേണ്ടി ജില്ലാതല സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് നിതി ആയോഗ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ യുഎന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരാലോചനയ്ക്ക് വിധേയമാക്കണമെന്ന് സാമൂഹ്യ ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സര്‍ക്കാര്‍ ഭൂമിയിലും ആശുപത്രികളിലും പാാട്ടത്തിന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകര്‍ നല്‍കുന്ന ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ക്ക് യുസര്‍ ഫീസ് ഈടാക്കുന്നത് നിയമ വിധേയമാക്കുന്നതാണ് നിതി ആയോഗ് മുന്നോട്ടെുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍. എന്നാല്‍, യൂസര്‍ ഫീ മാതൃകയെ ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. ഇത്തരം നിരക്കുകള്‍ ഈടാക്കാന്‍ അവസരമുള്ള, നിര്‍മാണ ചെലവ് താരതമ്യേന കുറഞ്ഞ അടിസ്ഥനസൗകര്യ പദ്ധതികള്‍ സ്വകാര്യ കമ്പനികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണിത്.
രാജ്യത്തെ ഒരു വിഭാഗം ജനസംഖ്യയെ സംബന്ധിച്ചിടത്തോളം ഇത്തരം നിരക്കുകള്‍ അധിക ഭാരം സൃഷ്ടിക്കുന്നതാണ്. പല സേവനങ്ങളും ഉപയോഗപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയില്ല. വിദൂര പ്രദേശങ്ങളിലോ യാതൊരുവിധത്തിലുള്ള സൗകര്യങ്ങളോ ഇല്ലാത്ത മേഖലകളിലായിരിക്കും ഇവര്‍ ജീവിക്കുന്നത്. കുടിവെള്ളം, ശുചിത്വം, റോഡുകള്‍, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക-സാമ്പത്തിക സേവനങ്ങള്‍ എന്നിവ മികച്ച നിലവാരത്തിലോ തൃപ്തികരമായ തലത്തിലോ ദരിദ്രരിലേക്ക് എത്തുന്നില്ലെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യാവകാശ സംരക്ഷണമോ ദരിദ്ര വിഭാഗത്തിനുണ്ടാക്കുന്ന അനന്തരഫലങ്ങളോ കണക്കിലെടുക്കാതെ യുഎന്നും ലോകബാങ്കും ഐഎംഎഫും അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ നീതി നിര്‍വഹണം, സാമൂഹ്യ സുരക്ഷ, പ്രാഥമിക ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, പ്രാഥമിക ആവശ്യങ്ങളുടെ വിതരണം എന്നിവയിലെ സ്വകാര്യവല്‍ക്കരണം മനുഷ്യാവകാശങ്ങള്‍ ലംഘിക്കാതെ നടപ്പാക്കാന്‍ കഴിയില്ല എന്നതാണ് വസ്താവമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിലവില്‍ ലോക ബാങ്കിന്റെ പിപിഐ (പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ ഇന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍) ഡാറ്റബേസ് 139 കുറഞ്ഞ- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വിവിധ മേഖലകളിലായി നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കുന്നുണ്ട്. പാട്ട കരാര്‍, ഗ്രീന്‍ ഫീല്‍ഡ് പദ്ധതികളടക്കം 7023 പദ്ധതികളെ ലോക ബാങ്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോക ബാങ്കിന്റെ പിന്തുണയുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ അവയുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതികള്‍ പാപപ്പെട്ടവര്‍ക്കുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍വമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

Comments

comments

Categories: Current Affairs
Tags: UN