ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് നിസാന്‍

ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് നിസാന്‍

2021 ഓടെ രാജ്യത്തെ 500 ലൊക്കേഷനുകളില്‍ സാന്നിധ്യമറിയിക്കുമെന്ന് തോമസ് കുഹ്ല്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. 2021 ഓടെ രാജ്യത്തെ 500 ലൊക്കേഷനുകളില്‍ സാന്നിധ്യമറിയിക്കുമെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് തോമസ് കുഹ്ല്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

നിലവില്‍ ഇന്ത്യയില്‍ 287 നിസാന്‍ ടച്ച്‌പോയന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 500 ടച്ച്‌പോയന്റുകളായി വര്‍ധിപ്പിക്കും. നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഈ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ ഉള്‍പ്പെടും. ശക്തമായ ബ്രാന്‍ഡിന് ശക്തമായ വില്‍പ്പന ശൃംഖല അനിവാര്യമാണെന്ന് തോമസ് കുഹ്ല്‍ പറഞ്ഞു.

പുതിയ കോംപാക്റ്റ് എസ്‌യുവിയായ നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍ പുറത്തിറക്കും. നിസാന്‍ 2.0 എന്നാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ പുതിയ ബിസിനസ് തന്ത്രം. ഇതനുസരിച്ച് വിപണിയിലെത്തിക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് നിസാന്‍ കിക്ക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായ് ക്രെറ്റ, റെനോ കാപ്ചര്‍ തുടങ്ങിയവയാണ് കിക്ക്‌സിന്റെ എതിരാളികള്‍.

Comments

comments

Categories: Auto
Tags: Nissan