പുതിയ സാന്‍ട്രോ തരംഗമാകും; ബുക്കിംഗ് 14,000 പിന്നിട്ടു

പുതിയ സാന്‍ട്രോ തരംഗമാകും; ബുക്കിംഗ് 14,000 പിന്നിട്ടു

ടോപ് സ്‌പെക് മാന്വല്‍ (ആസ്റ്റ), ടോപ് സ്‌പെക് എഎംടി (സ്‌പോര്‍ട്‌സ്) എന്നീ വേരിയന്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍

ന്യൂഡെല്‍ഹി : പുതിയ ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യയില്‍ തരംഗമാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങി. ചെറു കാറിന്റെ ബുക്കിംഗ് കണക്കുകള്‍ ഇതാണ് തെളിയിക്കുന്നത്. പുതിയ സാന്‍ട്രോ നാളെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കേ ഇതിനകം 14,000 ലധികം ബുക്കിംഗുകളാണ് നേടിയത്. സാന്‍ട്രോ എന്ന നെയിംപ്ലേറ്റ് ജനഹൃദയങ്ങളിലാണ് ഇടംപിടിച്ചിരുന്നതെന്ന് തിരിച്ചറിയുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍.

പ്രീ-ബുക്കിംഗ് കാലയളവിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍ കൃത്യമായി പറഞ്ഞാല്‍ 14,208 ബുക്കിംഗ് കരസ്ഥമാക്കിയിരിക്കുന്നു. ഒക്‌റ്റോബര്‍ 10 നാണ് പ്രീ-ബുക്കിംഗ് ആരംഭിച്ചത്. വേരിയന്റുകളും വിലകളും ഇപ്പോഴും ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ടോപ് സ്‌പെക് മാന്വല്‍ (ആസ്റ്റ), ടോപ് സ്‌പെക് എഎംടി (സ്‌പോര്‍ട്‌സ്) എന്നീ വേരിയന്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ആകെ ബുക്കിംഗുകളില്‍ പകുതിയോളം തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദസറ ദിവസങ്ങളിലെ (പശ്ചിമേന്ത്യയില്‍ ഒക്‌റ്റോബര്‍ 18 നും ഉത്തരേന്ത്യയില്‍ ഒക്‌റ്റോബര്‍ 19 നുമാണ് ആഘോഷിച്ചത്) ബുക്കിംഗ് മേല്‍പ്പറഞ്ഞ ആകെ ബുക്കിംഗുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ മുഖേന മാത്രമാണ് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. എന്നാല്‍ പലരും ഡീലര്‍ഷിപ്പുകളിലെത്തി അവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നുണ്ട്.

ഈ മാസം ഒമ്പതിനാണ് ചെന്നൈ പ്ലാന്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പുതിയ ഹ്യുണ്ടായ് സാന്‍ട്രോ അനാവരണം ചെയ്തത്. തൊട്ടടുത്ത ദിവസം ഓണ്‍ലൈന്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. ആദ്യ അമ്പതിനായിരം ഉപയോക്താക്കള്‍ക്ക് പ്രാരംഭ വിലയില്‍ കാര്‍ വില്‍ക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യ എംഡി വൈകെ കൂ ചടങ്ങില്‍ പ്രഖ്യാപിച്ചു. ലോഞ്ച് സമയത്തെ വില അധികം വൈകാതെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

Comments

comments

Categories: Auto
Tags: New Santro