എന്‍ബിഎഫ്‌സി പ്രതിസന്ധി പരിഹരിക്കാനുള്ള ആര്‍ബിഐ നടപടി സ്വാഗതാര്‍ഹം: അസോചം

എന്‍ബിഎഫ്‌സി പ്രതിസന്ധി പരിഹരിക്കാനുള്ള ആര്‍ബിഐ നടപടി സ്വാഗതാര്‍ഹം: അസോചം

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സംരംഭങ്ങളിലേക്കുള്ള (എന്‍ബിഎഫ്‌സി) വായ്പാ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തെ വ്യവസായ സംഘടനയായ അസോചം സ്വാഗതം ചെയ്തു. നിലവില്‍ രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധി പരിഹിരിക്കുന്നതിന് ഈ നീക്കം സഹായകമാകുമെന്നാണ് അസോചത്തിന്റെ വിലയിരുത്തല്
ബാങ്കുകള്‍ എന്‍ബിഎഫ്‌സികള്‍ക്ക് നല്‍കുന്ന അധിക വായ്പയ്ക്ക് തുല്യമായ ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. മൂന്ന് മാസത്തേക്കാണ് ഇത്. ഇതുവഴി 50,000-60,000 കോടി രൂപയുടെ മൂലധനം ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എന്‍ബിഎഫ്‌സികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുമെന്ന് അസോചം വിലയിരുത്തുന്നു.
ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഫ്രാ ഫിനാന്‍സിംഗ് തുടങ്ങിയ ദീര്‍ഘകാല വായ്പ അനുവദിക്കുന്ന എന്‍ബിഎഫ്‌സികളുടെ കാര്യത്തില്‍ ആസ്തി ബാധ്യതയിലെ പൊരുത്തക്കേടുകള്‍ സാധാരണയാണ്. സാധാരണ എന്‍ബിഎഫ്‌സികള്‍ രണ്ടോ അഞ്ചോ വര്‍ഷത്തേക്കുള്ള ഹ്രസ്വകാല വായ്പകളാണ് അനുവദിക്കാറുള്ളത്. ഇത്തരം കമ്പനികളെ സംബന്ധിച്ച് ആസ്തി ബാധ്യത ഒരു ആശങ്കയല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍ബിഎഫ്‌സികള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ഉയര്‍ന്ന മൂലധന പര്യാപ്തത അനുപാതം നിലനിര്‍ത്താനും എന്‍ബിഎഫ്‌സികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്തി ഗുണ നിലവാരം മെച്ചപ്പെട്ടതിന്റെ ഫലമായുണ്ടായ ആരോഗ്യകരമായ വളര്‍ച്ചയാണിതെന്നും അസോചം വ്യക്തമാക്കി.
എന്നാല്‍ എന്‍ബിഎഫ്‌സികളിലെ മൂലധന പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍ബിഐ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പര്യാപ്തമല്ലെന്നാണ് ചില അനലിസ്റ്റുകളുടെ നിരീക്ഷണം. തീരുമാനം വൈകിപ്പോയെന്നും ഇവര്‍ പറയുന്നു. ഭവന, വാഹന വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്യില്ലെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. ഹ്രസ്വകാല ഉപഭോക്തൃ വായ്പകള്‍ നല്‍കുന്ന എന്‍ബിഎഫ്‌സികള്‍ക്കും ചെറുകിട വായ്പ അനുവദിക്കുന്നവര്‍ക്കും മാത്രമാണ് നടപടിയുടെ പ്രയോജനമുണ്ടാകുകയെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സിംഗ് കമ്പനിയായ ഐഎല്‍ & എഫ്എസ് വായ്പാ കുടിശ്ശിക മുടക്കിയതാണ് രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ മൂലധന സമ്മര്‍ദം നേരിടാനുള്ള പ്രധാന കാരണം. 91,000 കോടി രൂപയുടെ വായ്പയാണ് ഐഎല്‍ & എഫ്എസ് തിരിച്ചടയ്ക്കാനുള്ളത്. എന്‍ബിഎഫ്‌സി മേഖല നിലവില്‍ നേരിടുന്ന പ്രതിസന്ധി അവസരമാക്കി ഉപയോഗപ്പെടുത്തികൊണ്ട് 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ എന്‍ബിഎഫ്‌സികളില്‍ നിന്നും വാങ്ങാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: ASOCHAM, RBI