മൊബീലോഫോബിയയും സമൂഹവും

മൊബീലോഫോബിയയും സമൂഹവും

മൊബീല്‍ സാങ്കേതിക വിദ്യ ഒരു അനുഗ്രഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അമിതമായി അതിനെ ആശ്രയിക്കുന്നതും അടിമയായിത്തീരുന്നതും വലിയ ദുരന്തങ്ങളിലേക്ക് തന്നെ മനുഷ്യരെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ നയിക്കും. മൊബീല്‍ തരംഗങ്ങള്‍ മൂലമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ സന്തത സഹചാരിയാവുന്ന സോഷ്യല്‍ മീഡിയയുടെ ഫലം വിഷാദരോഗമായും മറ്റും സമൂഹത്തില്‍ കനത്ത ആഘാതമുണ്ടാക്കും. കുട്ടികളില്‍ പഠന വൈകല്യങ്ങളും മറ്റും പ്രകടമാവും. മൊബീലിന്റെ സൗകര്യപ്രദമായ ഉപയോഗവും മൊബീല്‍ അടിമത്തത്തിനും ഇടയില്‍ ഒരു ലക്ഷ്മണ രേഖ വരക്കേണ്ടത് അത്യാവശ്യമായിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍.

 

പൊതുവെ പറയാറുള്ള ഒരു കാര്യമുണ്ട്, കുട്ടികള്‍ അവര്‍ക്ക് വേണ്ട അറിവുകള്‍ ചുറ്റുപാടില്‍ നിന്നും അച്ഛന്‍, അമ്മ, ടീച്ചര്‍ എന്നിവരില്‍ നിന്നും കേട്ടും കണ്ടും പഠിക്കുന്നു എന്ന്. കാലാകാലങ്ങള്‍ ആയി നമ്മള്‍ കേട്ട് വരുന്ന ഒരു വിശ്വാസം ആണിത്. ഈയിടെ ഒരു വാര്‍ത്ത നമ്മള്‍ കേട്ടു; ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു അമ്മയും കുഞ്ഞും രണ്ടു പേരും അടുത്തടുത്ത് ഇരുന്നു ഓരോ പുസ്തകം വായിക്കുന്നു. കണ്ടു നിന്നവര്‍ ആലോചിച്ചു… ഇത് എന്താ സംഭവം! സാധാരണ നമ്മുടെ കുട്ടികള്‍ അവസരം കിട്ടുമ്പോള്‍ മൊബീല്‍ ഫോണിലേക്ക് ഓടുന്ന കാഴ്ച നാം കാണുന്നുണ്ട്.. പക്ഷേ ഈ കുട്ടി ഇതാ അമ്മയെ പോലെ പുസ്തകം വായിക്കുന്നു. ഇതിന്റെ രഹസ്യം അവര്‍ അമ്മയോട് തിരക്കി. അവര്‍ പറഞ്ഞ മടുപടി ‘കുട്ടികള്‍ ആയിട്ട് ഒരു തെറ്റും ചെയ്യില്ല, നമ്മള്‍ തുടര്‍ന്ന് വരുന്ന ഓരോ തെറ്റുകള്‍ അവര്‍ പിന്തുടരും,’ എന്നാണ്. ചിന്തിക്കാന്‍ ഏറെ വക നല്‍കുന്ന ഒരു സന്ദേശം ആണ് ആ അമ്മ നല്‍കിയത്.

നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഘടകമായി മൊബീല്‍ ഫോണ്‍ മാറിയിട്ടുണ്ട്. വീട്ടിലെ ഏകദേശം ഹൈസ്‌കൂള്‍ പ്രായം എത്തിയ കുട്ടി മുതല്‍ മുതിര്‍ന്ന മുത്തച്ഛന്‍ വരെ എല്ലാവര്‍ക്കും സ്വന്തമായി ഫോണ്‍ ഉള്ള കാലം. ലോകത്ത് ഒരു പക്ഷെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ച്, എല്ലാ മുക്കിലും മൂലയിലും പടര്‍ന്നു പന്തലിച്ച വെറൊരു സാങ്കേതിക മുന്നേറ്റമില്ല. ലോകത്തെയാകെ ഒരു ചെറിയ വീടായി മൊബീല്‍ ഫോണുകളും സാങ്കേതിക വിദ്യയും പരിണമിപ്പിച്ചു എന്നതാണ് പരമമായ സത്യം. ഇനി വരുന്ന കാലങ്ങളില്‍ ലോകത്ത് ഏതൊക്കെ ബ്രാന്‍ഡുകള്‍ നില നില്‍ക്കണം എന്നും ഏതൊക്കെ മതങ്ങളും ഏതൊക്കെ വിശ്വാസങ്ങളും ഉണ്ടാവണം എന്നും എന്തൊക്കെ പുതിയ രോഗങ്ങളും പുതിയ മരുന്നുകളും വേണമെന്നും അത് പോലെ തന്നെ ഏതൊക്കെ പുതിയ മെഡിക്കല്‍ വിഭാഗങ്ങള്‍ വേണമെന്നും തീരുമാനിക്കുന്നതില്‍ ഈ മൊബീല്‍ സാങ്കേതിക വിദ്യക്ക് നിര്‍ണായക പങ്കുണ്ടായിരിക്കും.

നമ്മള്‍ അറിയാതെ നാം എന്ത് ചിന്തിക്കുന്നു എന്ന് വായിച്ചെടുക്കാന്‍ കഴിവുള്ള ഗൂഗിള്‍ ക്രോം പോലെയുള്ള ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ വ്യവസായ ലോകത്തെ അതിരുകള്‍ ഇല്ലാത്ത ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കും. ഇന്ന് നിലവില്‍ ഉള്ള എല്ലാ ബിസിനസ് സംസ്‌കാരങ്ങളെയും മാറ്റി മറിച്ച് ഒരു പുതിയ ലോകക്രമം ഉടലെടുക്കുമെന്നത് തീര്‍ച്ചയാണ്.

മൊബീല്‍ ഫോണ്‍ നമ്മെ നിത്യ ദുരിതത്തില്‍ എത്തിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന ആശങ്കയും ഇതിനൊപ്പം ഉയരുന്നുണ്ട്. ഓരോ മൊബീല്‍ ഫോണും അതിനുള്ള സിഗ്നല്‍ ടവര്‍ സംവിധാനവും മസ്്തിഷ്‌ക അര്‍ബുദത്തെ കേന്ദ്രീകരിച്ച് ഒരു പുതിയ മെഡിക്കല്‍ വ്യവസായത്തെ തന്നെ സൃഷ്ടിക്കും. ഈ മേഖലയില്‍ വന്‍തോതില്‍ രോഗനിര്‍ണയ സംവിധാനങ്ങളും ചികിത്സാ ശാഖകളും വളര്‍ന്നു വരും. അറിവുള്ള ആളുകള്‍ നേരത്തെ തന്നെ എല്ലാം കണ്ടറിഞ്ഞ് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തും. എന്നാല്‍ അറിവില്ലാത്ത ആളുകള്‍, കുടുംബങ്ങള്‍ എല്ലാം ഇതിന്റെ ബലിയാടുകള്‍ ആയി മാറും.

അതിര് കടന്ന മൊബീല്‍ ഫോണ്‍ അടിമത്തം നമുക്ക് വളരെ അധികം അസുഖങ്ങള്‍ സമ്മാനിക്കും. 74 ശതമാനം മസ്തിഷ്‌ക ട്യൂമറിനും 37 ശതമാനം പുരുഷ വന്ധ്യതക്കും 45 ശതമാനം ഹൃദ്രോഗങ്ങള്‍ക്കും 80 ശതമാനം കേള്‍വി വൈകല്യങ്ങള്‍ക്കും മൊബില്‍ ഫോണിനോടുള്ള അമിത ഭ്രമം വഴിവെക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 21 ശതമാനം ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥ ശിശുവിനെ ഇത് ദോഷകരമായി ബാധിക്കുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 11 ശതമാനം പേരില്‍ അല്‍ഷിമേഴ്‌സിന്റെയും മൂന്ന് ശതമാനം ആളുകളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും കാരണമാകുന്നതും മൊബീലിന്റെ അമിത ഉപയോഗമാണ്. ഈ അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യത, നമ്മള്‍ ഏതൊക്കെ വിധത്തില്‍ മൊബീല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നു എന്നതിനും കൈവശം കൊണ്ടു നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും അത് എത്ര ദൂര പരിധിയില്‍ വെച്ച് കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.

വ്യക്തി, കുടുംബ ബന്ധങ്ങളില്‍ മൊബീല്‍ ഫോണ്‍ വരുത്തുന്ന വിനകളും വളരെ വലുതാണ്. പലപ്പോഴും അത് വ്യക്തികളെ യഥാര്‍ത്ഥ ജീവിത വീക്ഷണത്തില്‍ നിന്നും അകറ്റും. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പല മാനസിക ചാഞ്ചല്യങ്ങളും അത് മൂലം പല കുടുബ ബന്ധങ്ങളും ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതും നാം കാണുന്നുണ്ട്. പലപ്പോഴും ഇത്തരം വിഷയത്തില്‍ വില്ലന്‍ റോളില്‍ കടന്നു വരുന്നത് മൊബീല്‍ ഫോണും അതിന്റെ അതിരില്ലാത്ത ഉപയോഗങ്ങളും ആണ്. ഈ ചെറിയ ലോകത്ത് കുറഞ്ഞ സമയം ജീവിക്കുന്ന വലിയ മനുഷ്യര്‍ ആണ് എല്ലാവരും. അങ്ങിനെ വരുമ്പോള്‍ തകര്‍ന്ന ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കാന്‍ ആരും സമയം കണ്ടെത്തില്ല.

ഇനി നമുക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് നോക്കാം. മൊബീല്‍ സാങ്കേതിക വിദ്യ തീര്‍ച്ചയായും ജനനന്മക്കുതകുന്ന വനലിയ സേവനമാണ് നല്‍കുന്നതെന്നതില്‍ തര്‍ക്കമില്ല. ആവശ്യത്തിന് മാത്രം ഉപയോഗിച്ചും അനാവശ്യമായുള്ള മൊബൈല്‍ സമ്പര്‍ക്കം കുറച്ചും നമുക്ക് ഒരു പരിധി വരെ പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ ഇന്റര്‍നെറ്റ് ടെക്‌നോളജി ഉപയോഗിച്ച് നമുക്ക്
ആവശ്യമായ നല്ല കാര്യങ്ങള്‍ മാത്രം കാണാനും കേള്‍ക്കാനും സമയം നിര്‍ണ്ണയിക്കുക. മൊബൈല്‍ ഫോണുകളും ടെക്‌നോളജിയും ഒരു പക്ഷെ നമുക്ക് ധാരാളം കിട്ടും. പക്ഷേ സമയം വില കൊടുത്ത് വാങ്ങാന്‍ കഴിയില്ല.

(റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും സ്പീഡോക്ലബ് റീട്ടെയ്ല്‍ മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍)

Comments

comments

Categories: FK Special