എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കാനുള്ള മിത്തലിന്റെ ശ്രമം വിജയത്തിലേക്ക്

എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കാനുള്ള മിത്തലിന്റെ ശ്രമം വിജയത്തിലേക്ക്

മുംബൈ: പാപ്പരത്ത നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കാനുള്ള ആര്‍സലര്‍ മിത്തലിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. എസ്സാര്‍ സ്റ്റീലിന്റെ ഏറ്റവും വലിയ ബിഡറായി ആര്‍സലര്‍ മിത്തല്‍ കമ്പനിയെ വായ്പാദാതാക്കളുടെ കമ്മിറ്റി തെരഞ്ഞെടുത്ത കാര്യം ആര്‍സലര്‍ മിത്തല്‍ കമ്പനി ഉടമയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ലക്ഷ്മി മിത്തല്‍ അറിയിച്ചു. ഏറെ നാളായി നീണ്ട വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് ഏറ്റെടുക്കല്‍ പ്രക്രിയയില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. പാപ്പരത്ത നടപടി നിയമപ്രകാരം അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച ആദ്യ പന്ത്രണ്ട് കമ്പനികളില്‍ ഒന്നാണ് എസ്സാര്‍ സ്റ്റീല്‍. 49,000 കോടി രൂപയാണ് കമ്പനിയുടെ കടബാധ്യത.

എസ്സാര്‍ സ്റ്റീലിന് വേണ്ടി ബിഡുകള്‍ സമര്‍പ്പിച്ച കമ്പനികളില്‍ കുടിശ്ശികയുള്ളവയ്ക്ക് അത് അടച്ചു തീര്‍ക്കുന്നതിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ റഷ്യ ആസ്ഥാനമായുള്ള വിടിബി ബാങ്കിന്റെ കീഴിലുള്ള നുമെറ്റല്‍സ് കുടിശ്ശിക തീര്‍ക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിലവില്‍ ഏറ്റെടുക്കല്‍ പോരാട്ടം ആര്‍സലര്‍ മിത്തലും വേദാന്തയും തമ്മില്‍ മാത്രമായി ഒതുങ്ങി. സുപ്രീം കോടതി നല്‍കിയ അന്തിമ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഉത്തം ഗാല്‍വ കമ്പനിയിയുടേയും കെഎസ്എസ് പെട്രോണിന്റേയും 7,469 കോടി രൂപ വരുന്ന കുടിശ്ശികകള്‍ ആര്‍സലര്‍മിത്തല്‍ അടച്ച് തീര്‍ത്തത്.

വേദാന്ത മുന്നോട്ട് വച്ച തുകയെക്കാള്‍ 2000 കോടി രൂപ അധികം വാഗ്ദാനം ചെയ്താണ് ആര്‍സലര്‍ മിത്തല്‍ നിര്‍ണായക നീക്കം നടത്തിയത്. 35,000 കോടി രൂപ വായ്പാദാതാക്കള്‍ക്ക് നല്‍കുന്നതിനൊപ്പം 8,000 കോടി രൂപ മൂലധന നിക്ഷേപം നടത്താമെന്നും ആര്‍സലര്‍ മിത്തല്‍ വ്യക്തമാക്കി. അതേസമയം വായ്പാ ദാതാക്കള്‍ക്ക് 35,000 കോടി രൂപയും 5,000 കോടി രൂപ മൂലധന നിക്ഷേപവും കൂടാതെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1,000 കോടി നിക്ഷേപവുമായിരുന്നു വേദാന്തയുടെ വാഗ്ദാനം.

Comments

comments

Categories: Business & Economy
Tags: Mithal