ഡ്യൂക്ക് 125 അടുത്ത മാസമെത്തും, ബുക്കിംഗ് ആരംഭിച്ചു

ഡ്യൂക്ക് 125 അടുത്ത മാസമെത്തും, ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: കെടിഎം ഡ്യൂക്ക് 125നായി ഇനി അധികം കാത്തിരിക്കേണ്ട. അടുത്ത മാസം 125 ഡ്യൂക്ക് വിപണിയില്‍ വില്‍പനയ്‌ക്കെത്തും. ബൈക്കിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു.

പുതിയ ഡ്യൂക്ക് 390ന്റെ തനിച്ഛായയാണ് 125 ഡ്യൂക്കിന്. എല്‍ഇഡി ഹെഡ്‌ലാമ്പും ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിലെ മുഖ്യ സവിശേഷതകളാണ്. സ്റ്റിക്കറുകളിലും ഗ്രാഫിക്‌സിലുമുള്ള മാറ്റങ്ങളാണ് കുഞ്ഞന്‍ 125 ഡ്യൂക്കിനെ 390 ഡ്യൂക്കുമായി വേറിട്ടുനിര്‍ത്തുക.

ബോഷ് എഞ്ചിന്‍ മാനേജ്‌മെന്റ് സംവിധാനം, ഇരട്ട ചാനല്‍ ബോഷ് എബിഎസും ബേബി ഡ്യൂക്കിന് ഗൗരവം നല്‍കും. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ എന്‍ജിനാണ് ബൈക്കില്‍ തുടിക്കുന്നത്. 14.7 ബിഎച്ച്പി കരുത്തും 11.80 ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. വരവില്‍ ശ്രേണിയിലെ ഏറ്റവും കരുത്തേറിയ 125 ബൈക്കായിരിക്കും ബേബി ഡ്യൂക്ക്.

വരവുപ്രമാണിച്ച് മുംബൈ കെടിഎം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീബുക്കിംഗ് ആരംഭിച്ചു. 1,000 രൂപയാണ് ബുക്കിംഗ് തുക. വൈകാതെ മറ്റു ഡീലര്‍ഷിപ്പുകളും 125 ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിക്കും. ഏകദേശം 1.60 ലക്ഷം രൂപ കെടിഎം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

Comments

comments

Categories: Auto