സൗദി അറേബ്യയില്‍ കരീമിനുള്ളത് 2,000ത്തോളം വനിതാ ഡ്രൈവര്‍മാര്‍

സൗദി അറേബ്യയില്‍ കരീമിനുള്ളത് 2,000ത്തോളം വനിതാ ഡ്രൈവര്‍മാര്‍

യുബറിന് സൗദിയിലുള്ളത് വിരലില്‍ എണ്ണാവുന്ന വനിതാ ഡ്രൈവര്‍മാര്‍ മാത്രം. എന്നാല്‍ കരീമിനുള്ളത് 2,000ത്തോളം പേര്‍

റിയാദ്: ഡ്രൈവ് ചെയ്തതിന്റെ പേരില്‍ പണ്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് അംവജ് മുഹമ്മദ് എന്ന സൗദി വനിത. എന്നാല്‍ ഇന്നവര്‍ ഡ്രൈവ് ചെയ്ത് മികച്ച വരുമാനമുണ്ടാക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മുതലാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയ ചരിത്രപരമായ തീരുമാനം സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണങ്ങളുടെ ഭാഗമായി വന്ന തീരുമാനം ഡ്രൈവിംഗ് മേഖലയിലേക്ക് ഇറങ്ങാന്‍ വനിതകള്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ കരീമും യുഎസ് കമ്പനിയായ യുബറും സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയപ്പോള്‍ വനിതകള്‍ക്കും പ്രാധാന്യം നല്‍കിയിരുന്നു. ആയിരക്കണക്കിന് വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനാണ് ഇരുകമ്പനികളും പദ്ധതിയിട്ടത്. എന്നാല്‍ ഡ്രൈവിംഗ് വിലക്ക് നീങ്ങി നാല് മാസം കഴിയുമ്പോള്‍ കരീമില്‍ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 2,000 കവിഞ്ഞു. യുബറില്‍ എത്ര വനിതാ ഡ്രൈവര്‍മാരുണ്ടെന്നതിന്റെ കൃത്യമായ കണക്കുകളില്ല. വിരലില്‍ എണ്ണാവുന്നവരേ നിലവില്‍ യുബറിനുള്ളൂവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

യുബറില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുള്ള പല സ്ത്രീകളും ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നും അത് നേടാനുള്ള പ്രക്രിയയിലാണ് അവരെന്നുമാണ് യുബര്‍ വക്താവ് വ്യക്തമാക്കിയത്. അതേസമയം ലൈസന്‍സ് നേടിയ ഡ്രൈവര്‍മാരെ കരീമിന് എങ്ങനെ നിയമിക്കാന്‍ സാധിച്ചുവെന്നതിന് യുബറിന് മറുപടിയില്ല.

ആഭ്യന്തരതലത്തിലുള്ള മല്‍സരം കടുത്തതിനെ തുടര്‍ന്ന് റഷ്യ, ചൈന, ദക്ഷിണകിഴക്കന്‍ ഏഷ്യ തുടങ്ങിയ വിപണികളില്‍ നിന്ന് യുബര്‍ പിന്‍വാങ്ങിയിരുന്നു. 2019ല്‍ പ്രഥമ ഓഹരി വില്‍പ്പന നടത്തുന്നതിന് മുന്നോടിയായി നഷ്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഗള്‍ഫ് മേഖലയില്‍ തദ്ദേശ കമ്പനിയായ കരീമുമായാണ് യുബറിന്റെ മല്‍സരം. സൗദി വിപണി യുബറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. കാരണം യുബറില്‍ 3.5 ബില്ല്യണ്‍ ഡോളറിന്റെ ഉടമസ്ഥാവകാശമുള്ളത് സൗദി സര്‍ക്കാരിന്റെ നിക്ഷേപ ഫണ്ടായ പിഐഎഫിനാണ്.

ഡ്രൈവിംഗ് വിലക്ക് നിലനിന്നിരുന്ന സമയത്ത് യുബറിന്റെ ഉപഭോക്താക്കളില്‍ 80 ശതമാനം സ്ത്രീകളായിരുന്നു. കരീമിന്റെ ഉപഭോക്താക്കളില്‍ 70 ശതമാനവും. എന്നാല്‍ ഡ്രൈവിംഗ് വിലക്ക് നീങ്ങിയതിന് ശേഷം വിപണിയില്‍ കരീമാണ് മുന്നിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

എന്താണ് കരീമിന്റെ പ്രത്യേകത

സൗദിയില്‍ ഡ്രൈവിംഗ് വിലക്ക് നീക്കിയെന്ന പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികള്‍ കരീം തുടങ്ങി. ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് മാത്രം 2 ദശലക്ഷം ഡോളറാണ് കരീം മാറ്റിവെച്ചത്. വനിതാ ഡ്രൈവര്‍മാര്‍ക്കും പുരുഷ ഡ്രൈവര്‍മാര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും കരീം പ്രത്യേകം ശ്രമിച്ചു. കരീമില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മിക്ക സൗദി സ്ത്രീകള്‍ക്കും കാര്‍ വാങ്ങാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ അതിനും കരീം പരിഹാരം കണ്ടു. പ്രാദേശിക കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് പ്രതിദിനം 13 ഡോളര്‍ നിരക്കില്‍ വാടകയ്ക്ക് കാര്‍ ഏര്‍പ്പാടാക്കി നല്‍കി. ഒരു മാസത്തില്‍ 15 റൈഡുകള്‍ പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് 266 ഡോളറിന്റെ ബോണസും കരീം നല്‍കുന്നു. ഇത്രയും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാലാണ് കൂടുതല്‍ വനിത ഡ്രൈവര്‍മാര്‍ കരീമില്‍ ആകൃഷ്ടരായി എത്തുന്നത്.

മിക്ക വനിതാ ഡ്രൈവര്‍മാര്‍ക്കും നാലിലധികം റേറ്റിംഗ് കിട്ടുന്നുണ്ട് എന്നതും ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും കരീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

  • 2012ലാണ് ഗള്‍ഫ് കേന്ദ്രമാക്കിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമെന്ന നിലയില്‍ കരീം നിലവില്‍ വരുന്നത്
  • ഇന്ന് ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക, തുര്‍ക്കി, പാക്കിസ്ഥാന്‍ തുടങ്ങിയ മേഖലകളില്‍ കരീം ശക്തമായ സാന്നിധ്യമാണ്
  • ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏക ടെക് യുണികോണ്‍ (വേഗത്തില്‍ 1 ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ്) ആണ് കരീം
  • റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെല്ലാം കരീമിന്റെ വനിതാ ഡ്രൈവര്‍മാര്‍ സജീവമാണ്
  • ഡ്രൈവിംഗ് കരിയറില്‍ വനിതകള്‍ക്ക് എന്തെല്ലാമാണ് തടസ്സമായി തോന്നുന്നതെന്ന് മനസിലാക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍
  • ഒരു മാസത്തില്‍ 15 റൈഡുകള്‍ പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് 266 ഡോളറിന്റെ ബോണസും കരീം നല്‍കുന്നു

Comments

comments

Categories: Arabia
Tags: Kareem