4ജി ഡാറ്റ ഡൗണ്‍ലോഡിംഗ് വേഗതയില്‍ ജിയോ ഒന്നാമത്

4ജി ഡാറ്റ ഡൗണ്‍ലോഡിംഗ് വേഗതയില്‍ ജിയോ ഒന്നാമത്

2019 ജനുവരി-ജൂണ്‍ കാലയളവില്‍ ജിയോയുടെ ശരാശരി വേഗത സെക്കന്റില്‍ 20 മെഗാബൈറ്റ്

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ ആറാം മാസത്തിലും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന 4ജി ഡാറ്റ ഡൗണ്‍ലോഡിംഗ് വേഗത മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലുടനീളം സെക്കന്റില്‍ ശരാശരി 20 മെഗാബൈറ്റ് വേഗതയാണ് ജിയോ നിലനിര്‍ത്തിയത്. ഇതേ കാലയളവില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എതിരാളികളുടെ ഡാറ്റ ഡൗണ്‍ലോഡിംഗ് വേഗത സെക്കന്റില്‍ ശരാശരി 10 മെഗാബൈറ്റ് മാത്രമായിരുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകള്‍ പ്രകാരം ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യഥാക്രമം 14.7 മെഗാബൈറ്റ്, 19 മെഗാബൈറ്റ്, 22.3 മെഗാബൈറ്റ്, 19.9 മെഗാബൈറ്റ്, 22.3 മെഗാബൈറ്റ്, 20.6 മെഗാബൈറ്റ് 4ജി ഡാറ്റ വേഗതയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കിയത്. 2019 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സെക്കന്റില്‍ 19.8 മെഗാബൈറ്റായിരുന്നു ജിയോയുടെ ശരാശരി 4ജി മൊബീല്‍ ഡാറ്റ വേഗത. ഇതേ കാലയളവില്‍ ഭാരതി എയര്‍ടെലിന്റെ വേഗത സെക്കന്റില്‍ 9.6 മെഗാബൈറ്റും വോഡഫോണിന്റേത് 6.7 മെഗാബൈറ്റും, ഐഡിയയുടേത് 6.5 മെഗാബൈറ്റും മാത്രമായിരുന്നു. ഭാരതി എയര്‍ടെലിനു മാത്രമാണ് ഓഗസ്റ്റില്‍ 10 മെഗാബൈറ്റ് വേഗതയില്‍ മൊബീല്‍ ഡാറ്റ നല്‍കാന്‍ സാധിച്ചത്.

2017 വര്‍ഷത്തിലും തുടര്‍ച്ചയായ 12 മാസങ്ങളില്‍ ട്രായിയുടെ 4ജി ഡാറ്റ ചാര്‍ട്ടുകള്‍ അടക്കി വാണത് ജിയോ തന്നെയായിരുന്നു. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പരസ്പരം കൊമ്പുകോര്‍ക്കുന്ന മൊബീല്‍ ഡാറ്റ വേഗത. അതിവേഗ നെറ്റ്‌വര്‍ക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഭാരതി എയര്‍ടെലിന്റെ ടെലിവിഷന്‍ പരസ്യത്തിനെതിരെ കഴിഞ്ഞ വര്‍ഷം ജിയോ, അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ (എഎസ്‌സിഐ) സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് പരസ്യം നീക്കം ചെയ്യാന്‍ എഎസ്‌സിഐ എയര്‍ടെലിനോട് ആവശ്യപ്പെടുകയും ചെയ്തു.

വേഗതാ പരിശോധനാ വേളയില്‍ ക്രൗഡ് സോഴ്‌സിംഗ് വഴി വരിക്കാരില്‍ നിന്ന് ശേഖരിച്ച ഡാറ്റ സ്പീഡ് സാംപിളുകളുടെ ശരാശരിയേയും മൈ സ്പീഡ് ആപ്ലിക്കേഷന്‍ വഴി നടത്തുന്ന പശ്ചാത്തല പരിശോധനകളുടെയും അടിസ്ഥാനത്തില്‍ ട്രായ് പുറത്തിറക്കുന്ന ഡാറ്റയില്‍ തുടര്‍ച്ചയായി ഒന്നാമതെത്തുന്നത് ജിയോയാണ്. അതേസമയം പ്രമുഖ മൊബീല്‍ കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍ സിഗ്നല്‍ നടത്തിയ സ്വതന്ത്ര വേഗതാ പരിശോധന പ്രകാരം ഭാരത് എയര്‍ടെലാണ് ഇക്കാര്യത്തില്‍ ഒന്നാമത്. ഏപ്രിലില്‍ ഓപ്പണ്‍ സിഗ്നല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, എയര്‍ടെലിന്റെ 4 ജി വേഗത 9.2 എംബിപിഎസും 3ജി വേഗത 3.6 എംബിപിഎസുമാണ്. 2017 ജൂണ്‍ മുതല്‍ ആഗസ്റ്റ് 31 വരെ ഏഴ് ലക്ഷം മൊബൈല്‍ ഡിവൈസുകളില്‍ നിന്നും ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Comments

comments

Categories: Tech
Tags: Jio