നിക്ഷേപം ഒരു വളരുന്ന ധനം

നിക്ഷേപം ഒരു വളരുന്ന ധനം

നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എണ്ണിയാലൊടുങ്ങാത്ത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. ഏതു നിക്ഷേപം നടത്തുമ്പോഴും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയമാണ് പ്രധാനം. ഒരു പക്ഷെ തുടക്കം മുതല്‍ തന്നെ നിക്ഷേപം നടത്താന്‍ കഴിഞ്ഞാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര വലുതായിരിക്കും. ബോണസ് രൂപത്തിലും ഡിവിഡന്റ് രൂപത്തിലും മൂലധന മൂല്യ വളര്‍ച്ചയുടെ രൂപത്തിലും നിങ്ങളുടെ നിക്ഷേപവും നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കും.

 

നിക്ഷേപം എന്താണ് എന്നും എങ്ങിനെ എന്നും പഠിക്കണം എങ്കില്‍ ഏറ്റവും എളുപ്പം ഗുജറാത്തികളിലേക്ക് നാം നോക്കേണ്ടിയിരിക്കുന്നു. നമ്മള്‍ നിക്ഷേപത്തെ കാണുന്ന രീതിയും ഗുജറാത്തികള്‍ പിന്തുടരുന്ന രീതിയും രണ്ടും രണ്ടാണ്. സാധാരണയായി ഒരു കുട്ടി ജനിച്ചാല്‍ നമ്മള്‍ ചെയ്യുക അവര്‍ക്കു വേണ്ട കളിപ്പാട്ടങ്ങള്‍ ഒരുക്കുക, മറ്റ് ആവശ്യങ്ങള്‍ക്ക് വഴി കണ്ടെത്തുക എന്നിവയാണ്. ഗുജറാത്തികളും അതെല്ലാം ചെയ്യും എന്ന് മാത്രമല്ല ആ കുട്ടിയുടെ പേരില്‍ ഒരു നിക്ഷേപത്തിന് ഉടനെ തുടക്കം കുറിക്കുകയും ചെയ്യും. ഒരു പക്ഷെ അത് ഒരു വലിയ തുകയുടെ ഒറ്റത്തവണ നിക്ഷേപമാവാം അല്ലെങ്കില്‍ തവണകള്‍ ആയി അടക്കുന്ന നിക്ഷേപവും ആവാം.

ഇതില്‍ അടങ്ങിയിരിക്കുന്ന ഗുണവശം എന്താണെന്നാല്‍ ആ കുട്ടി വളരുന്നതോടൊപ്പം അവന്റെ പേരിലുള്ള നിക്ഷേപവും വളര്‍ന്നു കൊണ്ടേ ഇരിക്കുകയും അവന്‍ / അവള്‍ പ്രായപൂര്‍ത്തി എത്തുമ്പോള്‍ ജീവിതം മുന്നോട്ടു നയിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് അതില്‍ നിന്നും ലഭിക്കും എന്നതുമാണ്.

ഇതേ വിഷയം മറ്റൊരു രീതിയില്‍ വിശകലനം ചെയ്തു നോക്കാം. ഒരു നിക്ഷേപം അല്ലാത്ത രൂപത്തില്‍ നോട്ടുകള്‍ (ലിക്വിഡ് കറന്‍സി) നിങ്ങള്‍ മാറ്റി വെച്ചാല്‍ അത് വളരില്ല എന്ന് മാത്രമല്ല നിങ്ങള്‍ കൈയില്‍ കരുതി വെക്കുന്ന രൂപക്ക് മൂല്യ ശോഷണം സംഭവിച്ച് അത് കീഴോട്ട് വളരുകയും കാലം കഴിയുമ്പോള്‍ ഒന്നിനും കൊള്ളാത്ത ഒരു നീക്കിയിരുപ്പായി മാറുകയും ചെയ്യും.

ഇന്ന് ഇന്ത്യയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലും മറ്റു കമ്പനികളുടെ കീഴിലും ധാരാളം നിക്ഷേപ സാധ്യതകള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ അത്തരം നല്ല തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ നിക്ഷേപം വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയാറില്ല എന്ന് പലപ്പോഴും തോന്നുന്നു. നമ്മുക്ക് എന്ത് വരുമാനം കിട്ടുന്നു അല്ലെങ്കില്‍ എത്ര കിട്ടുന്നു എന്നതല്ല വിഷയം, അത് എത്ര നന്നായി ഭാവിയിലിലേക്ക് നിക്ഷേപം നടത്തുന്നു എന്നതാണ് പ്രധാനം.

നിക്ഷേപം എന്ന് പറയുമ്പോള്‍ അതിനെ കുറിച്ച് ആധികാരികമായി വിലയിരുത്താനും വരും വരായ്കകള്‍ പറഞ്ഞു കൊടുക്കാനും ആളുകള്‍ കുറവാണ് എന്നത് പറയാതെ വയ്യ. എന്നാലും ഒരു നിക്ഷേപകന്‍ എന്ന രൂപത്തില്‍ നിങ്ങള്‍ സമ്പത്തിനെ വളര്‍ത്താന്‍ മുന്നിട്ടിറങ്ങിയാല്‍ വേണ്ട ഉപദേശകരെ നിങ്ങള്‍ക്ക് തന്നെ സ്വയം കണ്ടെത്താന്‍ കഴിയും. ‘വാല്യു ഇന്‍വെസ്റ്റ്‌മെന്റ്’ എന്ന് നാം പറയുമ്പോള്‍ തീര്‍ച്ചയായും അതില്‍ അടങ്ങിയിരിക്കുന്ന ആവശ്യം നമ്മള്‍ നിക്ഷേപിക്കുന്ന തുകക്ക്, തിരികെ എന്ത് നല്‍കാന്‍ കഴിയും എന്നത്് തന്നെ ആണ്. ഇന്‍ഫോസിസ് എന്ന കമ്പനിയില്‍ തുടക്കം മുതല്‍ നിക്ഷേപം നടത്തി അതുകൊണ്ട് വീട് നിര്‍മ്മാണം, വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങള്‍ എല്ലാം ചെയ്ത ആളുകളും നമ്മുടെ കൂട്ടത്തില്‍ തന്നെ ഉണ്ട്. അവര്‍ ചെയ്ത ഏക നല്ല കാര്യം നല്ല വളക്കൂറുള്ള മണ്ണ് നോക്കി സമയത്തു വിത്തിറക്കി എന്ന് മാത്രം.

ഒരു നല്ല നിക്ഷേപം നടത്തണം എന്ന് തീരുമാനിച്ചാല്‍ വിവിധ തരം നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റിനും കാണാന്‍ കഴിയും. ഓഹരി നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ബോണ്ടുകള്‍, പോസ്റ്റാഫീസ് നിക്ഷേപങ്ങള്‍, എല്‍ഐസി ഇന്‍ഷുറന്‍സ്, മണി ബാക്ക് പോളിസികള്‍, പെന്‍ഷന്‍ പദ്ധതികള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്. ഏതു നിക്ഷേപം നടത്തുമ്പോഴും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയമാണ് പ്രധാനം. ഒരു പക്ഷെ തുടക്കം മുതല്‍ തന്നെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിഞ്ഞാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര വലുതാണ്. ബോണസ് രൂപത്തിലും ഡിവിഡന്റ് രൂപത്തിലും മൂലധന മൂല്യ വളര്‍ച്ചയുടെ രൂപത്തിലും നിങ്ങളുടെ നിക്ഷേപവും നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കും.

പലപ്പോഴും നമ്മള്‍ ആലോചിക്കും എന്തിനാണ് മനുഷ്യര്‍ ജീവിക്കാന്‍ വേണ്ടി ഇത്രമാത്രം കഷ്ടപ്പെടുന്നത് എന്ന്. നമ്മള്‍ നേടുന്ന വരുമാനം നമ്മള്‍ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഒരു ചെറിയ വരുമാനം നേടുന്ന വ്യക്തിയാണെങ്കിലും കൃത്യമായ വരവ് ചെലവുകള്‍ നോക്കി മിച്ചം വരുന്ന തുക മാസാമാസം നല്ലരീതിയില്‍ നിക്ഷേപിച്ചാല്‍ ശിഷ്ട ജീവിതം ഒരു അല്ലലും ഇല്ലാതെ കൊണ്ടുപോവാന്‍ കഴിയും.

കേരളീയ രീതിയില്‍ നോക്കിയാല്‍ നമ്മള്‍ പെട്ടെന്ന് പറയുന്ന നിക്ഷേപം ആണ് സ്വര്‍ണം. പലപ്പോഴും വളരെ ഒരു നല്ല നിക്ഷേപം എന്ന രീതിയിലാണ് സ്വര്‍ണത്തെ മലയാളികള്‍ കണക്കാക്കി വരുന്നത്. എങ്കിലും പരിചയമില്ലാത്ത പടുകുഴിയില്‍ നമ്മെ എത്തിക്കാന്‍ അതിന് കഴിവുണ്ട്. 80 കളില്‍ സ്വര്‍ണ വില തല കീഴായി മറിഞ്ഞ് ഏകദേശം അഞ്ചു വര്‍ഷം മുമ്പണ്ടായിരുന്ന വിലയിലേക്ക് ഇടിഞ്ഞത് ഓര്‍ക്കുന്നത് നന്നാവും. പണയം വെക്കാം എന്നതാണ് മറ്റൊരു നേട്ടമായി കാണുന്നത്. എന്നാല്‍ സ്വര്‍ണം പോലെ തന്നെ എല്ലാ നിക്ഷേപ വസ്തുക്കളും നമ്മുക്ക് ഈടായി കൊടുക്കാന്‍ സംവിധാനം ഇന്നുണ്ട്. സ്വര്‍ണ നിക്ഷേപത്തില്‍ അടങ്ങിയിരിക്കുന്ന ഒരു വലിയ പ്രശ്‌നം അതിന്റെ പണ മൂല്യം ക്രമേണ നഷ്ടപ്പെടുന്നു എന്നതാണ്.

പലപ്പോഴും നമ്മള്‍ നേടുന്ന വരുമാനം, നാടിന്റെ വളര്‍ച്ചക്ക് ഉതകും വിധം കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയേണ്ടതുമാണ്. സ്വര്‍ണം പോലെയുള്ള നിക്ഷേപങ്ങള്‍ നടത്തിയാല്‍ പണത്തിന്റെ ചാക്രികമായ വിനിമയം നഷ്ടപ്പെടുകയും കാര്യ കാരണമില്ലാതെ പണപ്പെരുപ്പത്തിന് വഴി വെക്കുകയും ചെയ്യും. ഒരു ആസ്തി എന്ന നിലയില്‍ സ്വര്‍ണം സംരക്ഷിക്കാന്‍ വീണ്ടും സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം. സാധാരണയായി നമ്മുടെ സാമ്പത്തിക വ്യവഹാരം തകര്‍ക്കുന്ന നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ആണ് ഭൂമിയിലും സ്വര്‍ണത്തിലും നടത്തുന്ന നിക്ഷേപങ്ങള്‍. കാരണം ആവശ്യങ്ങളേക്കാള്‍ അധികം അത് നമ്മുടെ അനാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് കാരണം.

സ്വര്‍ണം ഇന്ന് കാണുന്ന രൂപത്തില്‍ തന്നെ നിക്ഷേപം നടത്തണം എന്ന് ഒരു നിര്‍ബന്ധവും പിടിക്കേണ്ടതില്ല. സര്‍ക്കാര്‍ കണ്ടെത്തിയ നൂതന മാര്‍ഗമാണ് ഇ-ഗോള്‍ഡ്. നിങ്ങള്‍ക്കു ദിനേനയുള്ള സ്വര്‍ണ വില അനുസരിച്ചു ഒരു പണിക്കൂലിയും നല്‍കാതെ സ്വര്‍ണം വാങ്ങാനും കൂടുമ്പോള്‍ മാര്‍ക്കറ്റ് വില അനുസരിച്ചു ഒരു കുറവും ഇല്ലാതെ വില്‍ക്കാനും കഴിയും എന്നതാണ് ഇ-ഗോള്‍ഡ് നിക്ഷേപത്തിന്റെ ഒരു സൗകര്യം. അതിന്റെ മറ്റൊരു ഗുണം പെട്ടെന്ന് വില്‍ക്കാനും വാങ്ങാനും കഴിയും എന്നതാണ്. തന്നെയുമല്ല, സൂക്ഷിച്ചു വെക്കാന്‍ പ്രത്യേക സംവിധാനവും തീരെ വേണ്ട. ക്രയവിക്രയം നടത്താന്‍ നിങ്ങള്‍ക്ക് ഒരു ഡീമാറ്റ് എക്കൗണ്ട് (Demat Account) വേണം എന്ന് മാത്രം.

ജീവിതത്തില്‍ നമ്മുടെ മുന്നിലുള്ള വിവിധ വിഷയങ്ങളില്‍ ഏറ്റവും നല്ലതും എളുപ്പവും ആയ വഴി തിരഞ്ഞെടുക്കല്‍ ആണ് ഏറ്റവും അഭികാമ്യം. അത് നിക്ഷേപമായാലും മറ്റേതു വിഷയമായാലും. നമുക്ക് ഉപകാരപ്പെടുന്ന പോലെ തന്നെ നാടിനും അത് ഉപകാരപ്പെടണം എന്ന് മാത്രം.

(ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും സ്പീഡോക്ലബ് ഫേബ്രിക്‌സ് റീട്ടെയ്‌ലിന്റെ മാനേജിംഗ് ഡയറക്റ്ററുമാണ് ലേഖകന്‍)

Ameer Sha Pandikkad
Investment Research & Marketing Consultant
Managing Director: Speedoclub Fabrics Retail
Mobile: 85 4748 4769

Comments

comments

Categories: Business & Economy
Tags: investment