സൗദി നിക്ഷേപക ഉച്ചകോടിയില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കും

സൗദി നിക്ഷേപക ഉച്ചകോടിയില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കും

യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയിടങ്ങളിലെ പ്രമുഖര്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. എന്നാല്‍ താന്‍ പങ്കെടുക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദി അറേബ്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. പല പ്രമുഖരും സൗദിയുടെ സ്വപ്‌ന നിക്ഷേപ ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവെന്‍ മിനുച്ചിന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം ഉച്ചകോടിയില്‍ നിന്ന് പിന്മാറി. ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെയും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത്.

കടക്കെണിയിലായതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ കൂടുതല്‍ ഫണ്ടിംഗിനായി ശ്രമിച്ചുവരികയാണ്. സൗദിയുമായുള്ള ബന്ധം ശക്തമാക്കുന്നത് സാമ്പത്തികപരമായും ഉപകരിക്കുമെന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. ഈ പ്രതിസന്ധിഘട്ടത്തിലും സൗദിക്കൊപ്പം തങ്ങള്‍ നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനും സാധിക്കും.

സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതികള്‍ അവതരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാകും നിക്ഷേപ ഉച്ചകോടി. അതേസമയം ഖഷോഗ്ഗി വിഷയത്തില്‍ പ്രതിഷേധിച്ച് നിക്ഷേപക ഉച്ചകോടി ബഹിഷ്‌കരിക്കുന്നതായി ന്യൂസിലന്‍ഡ് വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Imran Khan