ആസ്തികള്‍ വിറ്റ് ആറ് മാസത്തിനകം ഐഎല്‍&എഫ്എസിനെ കരകയറ്റാന്‍ നീക്കം

ആസ്തികള്‍ വിറ്റ് ആറ് മാസത്തിനകം ഐഎല്‍&എഫ്എസിനെ കരകയറ്റാന്‍ നീക്കം

നിലവിലെ ഓഹരിയുടമകള്‍ ഉള്‍ച്ചേര്‍ത്ത മൂലധനം പര്യാപ്തമല്ല; ഹൈവേകള്‍, ടോള്‍ പാലങ്ങള്‍, ഊര്‍ജ പദ്ധതികള്‍, പ്രസരണ ശൃംഖലകള്‍ എന്നിവയിലെല്ലാം ഐഎല്‍&എഫ്എസിന് ആസ്തികളുണ്ട്

ന്യൂഡെല്‍ഹി: കടക്കെണിയിലായ അടിസ്ഥാന സൗകര്യ വികസന, വായ്പാ കമ്പനിയായ ഐഎല്‍&എഫ്എസിനെ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) അതിവേഗം പ്രതിസന്ധിയില്‍ നിന്ന് പിടിച്ചു കയറ്റാന്‍ കമ്പനിയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാരും കമ്പനി ഡയറക്റ്റര്‍ ബോര്‍ഡും തീരുമാനിച്ചു. ആറുമാസത്തിനുള്ളില്‍ ആസ്തികള്‍ വിറ്റ് പണം കണ്ടെത്താനാണ് തീരുമാനം. നിലവിലെ ഓഹരിയുടമകള്‍ ഉള്‍ച്ചേര്‍ത്ത മൂലധനം കമ്പനിയുടെ തിരിച്ചുവരവിന് പര്യാപ്തമല്ലെന്നാണ് ആസ്തി വില്‍പ്പനയുമായി ബന്ധപ്പെട്ട തീരുമാനം സൂചിപ്പിക്കുന്നത്.

ഐഎല്‍&എഫ്എസിന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഏതാനും ശുപാര്‍ശകള്‍ ഇതിനോടകം തന്നെ മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം ബോര്‍ഡ് അടുത്തുതന്നെ കൈക്കൊള്ളുമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡിന്റെ കാലാവധി നിശ്ചയിച്ചിട്ടില്ല എങ്കിലും ആറ് മാസത്തിനുള്ളില്‍ ഗ്രൂപ്പിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും സാമ്പത്തിക സ്ഥിരത തിരിച്ചുപിടിക്കണമെന്നും സര്‍ക്കാരും ബോര്‍ഡും തീരുമാനിച്ചിട്ടുണ്ട്. പാപ്പരത്തം പരിഹരിക്കുക എന്നത് എളുപ്പമുള്ള ചുവടല്ല. അത് ദിവസങ്ങള്‍കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ സാധ്യമാകുന്ന കാര്യവുമല്ല,” അദ്ദേഹം വിശദീകരിച്ചു. 2018 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 91,000 കോടി രൂപയാണ് ഐഎല്‍&എഫ്എസിന്റെ കട ബാധ്യത.

ഹൈവേകള്‍, ടോള്‍ പാലങ്ങള്‍, ഊര്‍ജ പദ്ധതികള്‍, പ്രസരണ ശൃംഖലകള്‍ എന്നിവയിലെല്ലാം ഐഎല്‍&എഫ്എസിന് ആസ്തികളുണ്ട്. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ വഴിയാണ് അവ കൈവശം വച്ചിട്ടുളളത്. ഇതുകാരണം മൂല്യനിര്‍ണയവും വില്‍പ്പനയും എളുപ്പം സാധ്യമാകും. ഇന്ത്യയിലും വിദേശത്തുമായുള്ള ഗ്രൂപ്പിന്റെ ആസ്തികളില്‍ 40 ശതമാനവും ഐഎല്‍&എഫ്എസ് ട്രാന്‍പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക്‌സിന്റെ ഉടമസ്ഥതയിലാണ്.

ഗ്രൂപ്പിലുള്ള സര്‍ക്കാരിന്റെ ഗണ്യമായ ഓഹരികള്‍ ആസ്തികള്‍ എളുപ്പത്തില്‍ വില്‍ക്കുന്നതിന് സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ”പുതുതായി നിയമിതമായ ഡയറക്റ്റര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാര്‍ പിന്തുണക്കുന്ന ചില സാമ്പത്തിക നിക്ഷേപകര്‍ക്കും എല്‍എല്‍ ആന്‍ഡ് എഫ്എസിലെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മതിയായ ഓഹരികള്‍ കൈവശമുണ്ട്. കമ്പനിയുടെ നടത്തിപ്പിന്റെ നിയന്ത്രണാവകാശ കൈമാറ്റം പോലെ ഏതെങ്കിലും പ്രധാന നടപടികള്‍ക്കോ സജ്ജീകരണത്തിനോ ആയി കമ്പനീസ് ആക്റ്റിലെ സെക്ഷന്‍ 230ന്റെ അടിസ്ഥാനത്തിലുള്ള എന്‍സിഎല്‍ടി അംഗീകാരം തേടാവുന്നതാണ്,” നിയമ സ്ഥാപനമായ കോര്‍പ്പറേറ്റ് പ്രൊഫഷണല്‍സിന്റെ പാര്‍ട്ണറായ മനോജ് കുമാര്‍ പറഞ്ഞു.

അതേസമയം, കമ്പനി പ്രതിസന്ധിയിലായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ശ്രദ്ധാപൂര്‍വം മുന്നോട്ടുകൊണ്ടുപോവുകയാണ് സര്‍ക്കാര്‍. വിപണിക്ക് ദുസ്സൂചന നല്‍കുന്ന രീതിയിലുള്ള പ്രതികാര നടപടികള്‍ ഒഴിവാക്കി മതിയായ തിരുത്തലുകള്‍ നടത്താനാണ് പരിപാടി. ഇതുവഴി നിക്ഷേപകരുടെ പിന്‍മാറ്റം ഒഴിവാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ഐഎല്‍&എഫ്എസ് പോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കടക്കം നിര്‍ണായക ഒാഹരി പങ്കാളിത്തമുള്ള ഭീമന്‍ കമ്പനിയുടെ പരാജയം ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന വസ്തുത പരിഗണിച്ചാണ് സര്‍ക്കാരിന്റെ അതിജാഗ്രത. കോടതി നിരീക്ഷണത്തിലാണ് കമ്പനിയുടെ പുനരുത്ഥാരണം നടക്കുന്നതെങ്കിലും പാപ്പരത്ത നിയമം ബാധകമാക്കിയിട്ടില്ല. എന്നാല്‍ ഇതിന്റെ അര്‍ഥ്ം, തട്ടിപ്പു നടത്തിയവരെ വെറുതി വിടുമെന്നല്ലെന്നും ശക്തമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: IL&FS