ഐസിഐസിഐ സെക്യൂരിറ്റീസിന്റെ അറ്റാദായത്തില്‍ 3.22% വാര്‍ഷിക വര്‍ധന

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ അറ്റാദായത്തില്‍ 3.22% വാര്‍ഷിക വര്‍ധന

ഓഹരി ഒന്നിന് 3.70 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് സംരംഭമായ ഐസിഐസിഐ സെക്യൂരിറ്റീസ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 3.22 ശതമാനം വര്‍ധിച്ച് 134.22 കോടി രൂപയിലെത്തിയതായി ഐസിഐസിഐ സെക്യൂരിറ്റീസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 130.03 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ ലാഭം.

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വരുമാനം ഇക്കാലയളവിലെ 455.28 കോടി രൂപയില്‍ നിന്നും 458.10 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. 292 കോടി രൂപയുടെ അറ്റ പലിശ വരുമാനമാണ് ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് അറ്റ പലിശ വരുമാനം നാല് ശതമാനം വര്‍ധിച്ചു. കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 19 ശതമാനം വര്‍ധിച്ച് 128 കോടി രൂപയായി.

ഇതിനുപുറമെ ഓഹരി ഒന്നിന് 3.70 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 268 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 248 കോടി രൂപയായിരുന്നു. വരുമാനം കഴിഞ്ഞ വര്‍ഷത്തെ 857 കോടി രൂപയില്‍ നിന്നും നാല് ശതമാനം വര്‍ധിച്ച് 894 കോടി രൂപയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മൂലധന വിപണിയില്‍ ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സാങ്കേതികവിദ്യകളിലും ഇന്നൊവേഷന്‍ രംഗത്തും നിക്ഷേപം നടത്തുമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് എംഡി ശില്‍പ്പ കുമാര്‍ പറഞ്ഞു.

രണ്ടാം പാദത്തിലെ മെച്ചപ്പെട്ട സാമ്പത്തിക പ്രകടനം പുറത്തുവിട്ടതിനൊപ്പം വിനോദ് കുമാര്‍ ദല്ലിനെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പുതിയ ചെയര്‍മാനായി നിയമിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് കാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു വിനോദ് കുമാര്‍ ദെല്‍. എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) രൂപീകരിക്കുന്നതിലും ഇ-ഗവേണന്‍സ് പദ്ധതിയായ എംസിഎ21 ആരംഭിക്കുന്നതിലുമെല്ലാം വിനോദ് ദെല്‍ മുഖ്യ പങ്കാളിയായിരുന്നു. 2008 വരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: icici