എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റലാഭം 20.6% വര്‍ധിച്ചു

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റലാഭം 20.6% വര്‍ധിച്ചു

സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ 5005.73 കോടി രൂപ അറ്റ ലാഭം; ഉയര്‍ന്ന അറ്റ പലിശ വരുമാനമടക്കം നേട്ടമായി

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഉയര്‍ന്ന അറ്റ പലിശ വരുമാനമടക്കമുള്ളവയിലൂടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റ ലാഭത്തില്‍ 20.59 ശതമാനത്തിന്റെ വര്‍ധന. സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ 5005.73 കോടി രൂപയുടെ നേട്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 4,151.03 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം. അതേസമയം ബാങ്ക് ഇത്തവണ 5,033.4 കോടി രൂപയുടെ അറ്റലാഭം നേടുമെന്ന ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വേര്‍ കമ്പനിയായ ബ്ലൂംബെര്‍ഗിന്റെ കണക്കുകൂട്ടലിനൊപ്പം ഉയരാന്‍ എച്ച്ഡിഎഫ്‌സിക്കായില്ല. വായ്പാ ഇനത്തില്‍ നിന്നുള്ള പലിശയും നിക്ഷേപങ്ങള്‍ക്ക് മേലുള്ള അടവ് എന്നിവ തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം, 20.62 ശതമാനം വര്‍ധനവുമായി 11,763.41 കോടി രൂപയിലേക്ക് എത്തി. സമാനമായ കാലയളവില്‍ 9752.07 കോടി രൂപയായിരുന്നു എച്ച്ഡിഎഫ്‌സിയുടെ നേട്ടം.

പ്രധാനപ്പെട്ട ഫീസുകള്‍ അടക്കം മറ്റ് വരുമാന വിഭാഗത്തില്‍ 11.36 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 4,015.59 കോടി രൂപയാണ് ഈ ഇനത്തില്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3605.90 കോടി രൂപയാണ് മറ്റ് വരുമാന വിഭാഗത്തില്‍ നിന്നായി ബാങ്ക് കരസ്ഥമാക്കിയത്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ മൊത്ത നിഷ്‌ക്രിയാസ്തി, ആകെ നേട്ടത്തിന്റെ 1.33 ശതമാനമാണ്. തൊട്ട് മുന്‍പുള്ള പാദത്തിലും ഇതേ നിരക്ക് തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 1.26 ആയിരുന്നു ബാങ്കിവന്റെ മൊത്ത നിഷ്‌ക്രിയാസ്തി.

ബാങ്കിന്റെ കരുതല്‍ ധനശേഖരവും മുന്‍വര്‍ഷമുണ്ടായിരുന്ന 1476.19 കോടി രൂപയില്‍ നിന്നും 23.29 ശതമാനം ഉയര്‍ന്ന് 1,819.96 കോടിയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 1629.37 കോടി രൂപയായിരുന്നു. കരുതല്‍ ധനശേഖരത്തിന് ശേഷമുള്ള അറ്റ നിഷ്‌ക്രിയാസ്തിയുടെ അനുപാദത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പാദത്തില്‍ 0.41 ശതമാനമായിരുന്നെങ്കില്‍ ഈ പാദത്തില്‍ 0.40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Comments

comments

Categories: Banking
Tags: HDFC