മഹാരാഷ്ട്രയില്‍ 2.35 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും: ഗഡ്കരി

മഹാരാഷ്ട്രയില്‍ 2.35 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും: ഗഡ്കരി

ഗംഗാ നദിയില്‍ ഉപയോഗിക്കുന്നതിന് എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ക്രാഫ്റ്റുകള്‍ റഷ്യ ഇന്ത്യക്ക് നല്‍കും

മുംബൈ: തുറമുഖ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള സാഗര്‍മാല പദ്ധതിക്കു കീഴില്‍ മഹാരാഷ്ട്രയില്‍ 2.35 ലക്ഷം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഷിപ്പിംഗ് മന്ത്രാലയം പദ്ധതിയിടുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നിലവില്‍ 1.50 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കി 85,000 കോടി രൂപയുടെ പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയ ശേഷം ബാക്കിയുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഗഡ്കരി പറയുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള പ്രീമിയര്‍ പാസഞ്ചര്‍ ഷിപ്പ് സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം മൂന്ന് പാതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ റൂട്ടില്‍ പാസഞ്ചര്‍ ഷിപ്പ് സര്‍വീസ് പുനരാരംഭിക്കുന്നത്. കപ്പല്‍യാനം, തുറമുഖം, റോഡുകളുടെ നിര്‍മാണം, ജലഗതാഗതം തുടങ്ങിയ മേഖലകളിലായി മൊത്തം 7.5 ലക്ഷം കോടി രൂപയോളം തന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍ മഹാരാഷ്ട്രയില്‍ ചെലവഴിക്കുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി പ്രാരംഭഘട്ടത്തില്‍ അഞ്ച് ലക്ഷം കോടി രൂപയോളം ചെലവഴിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് 7.5 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു. മൊത്തം 5,384 കോടി രൂപയുടെ എട്ട് വികസന പദ്ധതികള്‍ സംസ്ഥാനത്ത് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജലപാതകളുടെ വികസനത്തിന് മാത്രം ഒരു ലക്ഷം കോടി രൂപയോളമാണ് ചെലവിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജലഗതാഗത സൗകര്യത്തിന് സാധ്യതയുള്ള 100 നദികളുടെ പട്ടികയില്‍ അഞ്ചെണ്ണം മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. ഗംഗാ നദിയില്‍ ഉപയോഗിക്കുന്നതിന് എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ക്രാഫ്റ്റുകള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം ഉറപ്പുനല്‍കിയതായും ഗഡ്കരി പറഞ്ഞു. ഇത്തരം വാട്ടര്‍ക്രാഫ്റ്റുകളുടെ നിര്‍മാണത്തിനായി ഒരു ഇന്ത്യന്‍ കമ്പനി റഷ്യന്‍ സംരംഭമായ യുണൈറ്റഡ് ഷിപ്പ് ബില്‍ഡേഴ്‌സുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News