എഫ്പിഐകള്‍ പിന്‍വലിച്ചത് നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം

എഫ്പിഐകള്‍ പിന്‍വലിച്ചത് നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം

എന്‍എബിഎഫ്‌സികള്‍ പ്രതിസന്ധിയിലായതും ഈ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസത്തെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 31,977 കോടി രൂപയുടെ (4.3 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ആഗോള വ്യാപാര-സാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍ വില വര്‍ധനയും യുഎസ് ട്രഷറി വരുമാനം ഉയര്‍ന്നതുമാണ് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നതിലേക്ക് എഫ്പിഐകളെ നയിച്ചത്.

സെപ്റ്റംബറില്‍ മൊത്തം 21,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ നടത്തിയത്. ഇതിനുമുന്‍പ് ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ ഓഹരി, കടപത്ര വിപണികളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 7,400 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 610 ബില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കല്‍ എഫ്പിഐകള്‍ നടത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഡെപ്പോസിറ്ററി ഡാറ്റ അനുസരിച്ച് ഈ മാസം ഒന്നാം തീയതി മുതല്‍ 19-ാം തീയതി വരെയുള്ള കാലയളവിനിടെ 19,810 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് എഫ്പിഐകള്‍ ഇക്വിറ്റികളില്‍ നടത്തിയത്്. ഇക്കാലയളവില്‍ കടപത്ര വിപണിയില്‍ നിന്നും 12,167 രൂപയുടെ അറ്റ പിന്‍വലിക്കലും വിദേശ നിക്ഷേപകര്‍ നടത്തി.
ഏതാനും ചില മാസങ്ങളൊഴിച്ചാല്‍ ഈ വര്‍ഷം പൊതുവേ വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ മൂലധന വിപണികളില്‍ നിരീക്ഷിച്ചിട്ടുള്ളത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്നതും ലോക സാമ്പത്തിക വളര്‍ച്ച ഇടിയുന്നതുസംബന്ധിച്ച ആശങ്കകളുടെ ഫലമായി ആഗോള വിപണി വികാരം മോശം തലത്തിലേക്ക് പോയതുമാണ് വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കാനുള്ള കാരണമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ പ്രതീക്ഷിത ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് 3.7 ശതമാനമാക്കി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചുരുക്കിയതും ആഗോള വിപണി വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഡോളര്‍ ഒഴുക്ക് വര്‍ധിച്ചതും ക്രൂഡ് ഓയില്‍ വില വര്‍ധനയും യുഎസ് ട്രഷറി വരുമാന നേട്ടവുമാണ് ആഭ്യന്തര വിപണികളില്‍ നിന്നും എഫ്പിഐകള്‍ നിക്ഷേപം പിന്‍വലിക്കാനുള്ള പ്രധാന കാരണമെന്ന് ബജാജ് കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് അനലിറ്റിക്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അലോക് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല വികസ്വര വിപണികളിലൂടനീളം സമാന സാഹചര്യമാണുള്ളത്. എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് വില വര്‍ധനയുടെ ആഘാതം വലുതായിരിക്കും. ഐഎല്‍ ആന്‍ഡ് എഫ്എസ് കുടിശ്ശിക മുടക്കിയതും എന്‍എബിഎഫ്‌സികള്‍ പ്രതിസന്ധിയിലായതും ഈ തിരിച്ചടിക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നും അലോക് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ 33,000 കോടിയിലധികം രൂപയുടെ അറ്റപിന്‍വലിക്കലാണ് എഫ്പിഐകള്‍ ഇക്വിറ്റി വിപണിയില്‍ നടത്തിയത്. 60,000 കോടിയിലധികം രൂപയുടം അറ്റ പിന്‍വലിക്കല്‍ നിക്ഷേപം ഡെറ്റ് വിപണികളിലും എഫ്പിഐകള്‍ രേഖപ്പെടുത്തി.

Comments

comments

Categories: Business & Economy
Tags: FPI