ചെറു കാറുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വാഹന നിര്‍മ്മാതാക്കള്‍

ചെറു കാറുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വാഹന നിര്‍മ്മാതാക്കള്‍

മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റില്‍ ഏഴ് റീലോഞ്ചുകള്‍

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് സാന്‍ട്രോ ഹാച്ച്ബാക്ക് നാളെ ഇന്ത്യയില്‍ റീലോഞ്ച് ചെയ്യുകയാണ്. രാജ്യത്തെ എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ഏഴ് റീലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിക്കും. ഇതില്‍ ആദ്യത്തേതാണ് പുതിയ സാന്‍ട്രോ. ഹ്യുണ്ടായ് കൂടാതെ മാരുതി സുസുകി, റെനോ, ഡാറ്റ്‌സണ്‍, ടാറ്റ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാതാക്കളാണ് ചെറു കാറുകള്‍ വിപണിയിലെത്തിക്കുന്നത്. ജപ്പാനെ മറികടന്ന് എന്‍ട്രി ലെവല്‍ അഥവാ എ സെഗ്‌മെന്റ് കാറുകളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് ഈയവസരത്തില്‍ ഐഎച്ച്എസ് മാര്‍കിറ്റിലെ സീനിയര്‍ അനലിസ്റ്റ് ഗൗരവ് വന്‍ഗാല്‍ പറയുന്നു. ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ട്രി ലെവല്‍ കാറുകളുടെ മുപ്പത് ശതമാനം ഇന്ത്യയിലായിരിക്കും.

ഇന്ത്യയിലെ ഗ്രാമീണ വിപണികളില്‍ ചെന്നെത്തുന്നതിനാണ് പുതിയ ചെറു കാറുകളിലൂടെ വാഹന നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ഒന്നാം നിര, രണ്ടാം നിര നഗരങ്ങള്‍ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് ആറ് ലക്ഷം രൂപയില്‍ താഴെ വില വരുന്ന എന്‍ട്രി ലെവല്‍ കാറുകള്‍ വില്‍ക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെ പ്രതിശീര്‍ഷ വാഹന ഉടമസ്ഥത ഇപ്പോഴും വളരെ കുറവാണെന്ന വസ്തുത കമ്പനികള്‍ കണക്കിലെടുക്കുന്നു. മാത്രമല്ല, ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കാറുകള്‍ക്കിടയിലാണ് ഇന്ത്യയിലെ ചെറു കാറുകളുടെ സ്ഥാനം. ഇത് വിപണന സാധ്യത വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ സാന്‍ട്രോയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത് ഹ്യുണ്ടായ് ഇന്ത്യ എംഡി യങ് കീ കൂ ആണ്. രണ്ട് പതിറ്റാണ്ടുമുമ്പ് ഇന്ത്യയില്‍ ഹ്യുണ്ടായുടെ സെയില്‍സ് മേധാവിയായിരുന്നു അദ്ദേഹം. അന്ന് ചെറു കാര്‍ സെഗ്‌മെന്റിലെ മാരുതി സുസുകിയുടെ കുത്തക തകര്‍ത്തുകൊണ്ടാണ് ടോള്‍ബോയ് സാന്‍ട്രോ വിപണിയിലേക്ക് കുതിച്ചെത്തിയത്. എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റില്‍ വില്‍പ്പന വാരിക്കൂട്ടാമെന്ന ലക്ഷ്യത്തോടെയുള്ള ഹ്യുണ്ടായുടെ ഒടുവിലത്തെ ശ്രമമായിരുന്നു ഇയോണ്‍. എന്നാല്‍ വിപണിയെ ഇളക്കിമറിക്കുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യ ഇപ്പോള്‍ വില്‍പ്പനക്കാരുടെ വിപണിയില്‍നിന്ന് വാങ്ങലുകാരുടെ വിപണിയിലേക്ക് പരിവര്‍ത്തനപ്പെട്ടതായി യങ് കീ കൂ പറയുന്നു.

പുതിയ ചെറു കാറുകള്‍ അവതരിപ്പിക്കുന്നതിലൂടെ പുതിയ ഉപയോക്താക്കളെ കണ്ടെത്താനും പാട്ടിലാക്കാനുമാണ് വാഹന നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ എന്‍ട്രി ലെവല്‍ കാറിന് ശ്രമിച്ചെങ്കിലും പരാജയം രുചിക്കുകയായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാര്‍ ഗെയിം ചേഞ്ചര്‍ ആയിരുന്നെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ടു. ‘ഭാരത’ത്തെയാണ് എന്‍ട്രി ലെവല്‍ കാറുകള്‍ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടോപ് 10 നഗരങ്ങളിലെ എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റ് ചലനമറ്റ അവസ്ഥയിലാണ്. തൊട്ടുപിറകിലുള്ള പത്ത് നഗരങ്ങളില്‍ എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റ് നാല് ശതമാനവും പിറകില്‍വരുന്ന മറ്റ് ഇരുപത് നഗരങ്ങളില്‍ 5-6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

ഗ്രാമീണ വിപണികളില്‍ കാര്‍ വിതരണമാണ് പ്രധാന വെല്ലുവിളി. ഭാരതത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമറിയിച്ചതിനാല്‍ മിനി കാര്‍ സെഗ്‌മെന്റില്‍ മാരുതി സുസുകിക്ക് വ്യക്തമായ ആധിപത്യമുണ്ട്. എന്‍ട്രി ലെവല്‍ കാര്‍ വിപണിയുടെ എണ്‍പത് ശതമാനത്തോളം അടക്കിഭരിക്കുന്നത് മാരുതി സുസുകിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ഭാരതത്തിലെ 6.40 ലക്ഷം ഗ്രാമങ്ങളില്‍ 3.50 ലക്ഷം ഗ്രാമങ്ങള്‍ മാരുതി സുസുകിയുടെ ശൃംഖലയ്ക്കുള്ളിലായി. 2007-08 ല്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയില്‍ നാല് ശതമാനം മാത്രമാണ് ഗ്രാമീണ മേഖലകളില്‍ നടന്നതെങ്കില്‍ ഇപ്പോഴത് ആകെ വില്‍പ്പനയുടെ മൂന്നിലൊന്നാണ്.

വിപണി കാത്തിരിക്കുന്നത് (പുതിയ പതിപ്പുകള്‍)

ഹ്യുണ്ടായ് സാന്‍ട്രോ ഒക്‌റ്റോബര്‍ 23, 2018

മാരുതി വാഗണ്‍ആര്‍ ജനുവരി 2019

റെനോ ക്വിഡ് ഓഗസ്റ്റ് 2019

ഡാറ്റ്‌സണ്‍ റെഡി-ഗോ ജനുവരി 2019

മാരുതി ഓള്‍ട്ടോ കെ10 ജനുവരി 2020

ടാറ്റ ടിയാഗോ 2020-21

മാരുതി ഓള്‍ട്ടോ 800 2020-21

Comments

comments

Categories: Auto
Tags: Small cars