ബിഗ്ബാസ്‌ക്കറ്റ് മൂന്നു ഏറ്റെടുക്കലുകള്‍ പൂര്‍ത്തിയാക്കി

ബിഗ്ബാസ്‌ക്കറ്റ് മൂന്നു ഏറ്റെടുക്കലുകള്‍ പൂര്‍ത്തിയാക്കി

ബെംഗളൂരു: പാല്‍ വിതരണ രംഗത്തേക്ക് ചുവടുവെക്കുന്ന ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് ഈ മേഖലയില്‍ മൂന്നു ഏറ്റെടുക്കല്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി. പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പുകളായ റെയ്ന്‍കാന്‍, മോണിംഗ് സ്റ്റാര്‍, സ്മാര്‍ട്ട് വെന്റിംഗ് മെഷീനുകളുടെ നിര്‍മാതാക്കളായ ക്വിക്24 എന്നിവയെയാണ് ബിഗ്ബാസ്‌ക്കറ്റ് സ്വന്തമാക്കിയത്. നിലവിലുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും കൂടുതല്‍ ഉപഭോക്താക്കള്‍ക്കു സേവനം നല്‍കാനും ഇടപാട് സഹായകമാകും. പ്രധാനമായും പാല്‍ വിതരണ സംവിധാനം സബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രഷായ ഭക്ഷണ സാധനങ്ങള്‍, പച്ചക്കറികള്‍, ഫലങ്ങള്‍, മുട്ട, ഇറച്ചി തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ക്കുള്ള തികച്ചും നവീനമായ ഒരു പ്ലാറ്റ്‌ഫോമാണ് ബിഗ്ബാസ്‌ക്കറ്റ് ഒരുക്കുന്നത്.

ബിബി ഡെയ്‌ലി എന്ന പേരില്‍ ബിഗ്ബാസ്‌ക്കറ്റ് ആരംഭിച്ചിരിക്കുന്ന പുതിയ സബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത സേവനം ഉപഭോക്താക്കള്‍ക്ക് പാല്‍ ഉള്‍പ്പെടയുള്ള അവശ്യവസ്തുക്കള്‍ രാത്രി തന്നെ ഓര്‍ഡര്‍ ചെയ്യാനും രാവിലെ അവയുടെ ഡെലിവറി നേടാനും കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രമേണ ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന സേവനത്തിന് ഇപ്പോള്‍ തന്നെ 20,000 സബ്‌സ്‌ക്രിബ്ഷനുകള്‍ ലഭിച്ചതായിട്ടാണ് കമ്പനി അവകാശപ്പെടുന്നത്. പ്രസ്തുത സേവനം ഉടനെ തന്നെ ആറു നഗരങ്ങളിലേക്കു കൂടി വികസിപ്പിക്കാനാണ് പദ്ധതി.

ക്വിക്ക്24 ന്റെ ഏറ്റെടുക്കല്‍ വലിയ മാളുകളിലും പൊതു സ്ഥലങ്ങളിലുമെല്ലാം വെന്‍ഡിംഗ് കിയോസ്‌ക് വഴി ഓഫ്‌ലൈന്‍ സാന്നിധ്യം അറിയിച്ചുകൊണ്ട് ഒമ്‌നി ചാനല്‍ മേഖലയിലേക്ക് ചുവചുവെക്കാന്‍ പ്രവേശിക്കാന്‍ ബിഗ്ബാസ്‌ക്കറ്റിനെ സഹായിക്കും. ബെംഗളൂരുവില്‍ 100 വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ച ബിഗ്ബാസ്‌ക്കറ്റ് ഈ സൗകര്യം ഉടനെ തന്നെ മറ്റ് നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിക്കുകീഴില്‍ ഓണ്‍ലൈന്‍ പേമെന്റുകള്‍ നടത്താന്‍ താല്‍പ്പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് കിയോസ്‌കില്‍ നിന്ന് പണമടച്ച് ഇവ ശേഖരിക്കാവുന്നതാണ്.ബിഗ്ബാസ്‌ക്കറ്റിന് വെല്ലുവിളിയുയര്‍ത്തികൊണ്ട് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം എന്നിവരും പാല്‍ വിതരണ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: big basket