മാനസികാരോഗ്യം കാത്തുരക്ഷിക്കാന്‍ യോഗചര്യ

മാനസികാരോഗ്യം കാത്തുരക്ഷിക്കാന്‍ യോഗചര്യ

ലോക മാനസികാരോഗ്യ ദിനം ആചരിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ മാനസികാരോഗ്യം സംബന്ധിച്ച് ഏറെ ആശങ്കാകരമായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. 130 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തെ 6.5 ശതമാനത്തിലേറെ ആളുകള്‍ ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ചികിത്സകളേറെയുണ്ടെങ്കിലും ഡോക്റ്റര്‍മാരുടെയും മനശാസ്ത്രജ്ഞരുടെയും മറ്റ് പരിചാരകരുടെയും വലിയ അഭാവം ഈ മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്കെത്തിച്ചിട്ടുണ്ട്. ഒരുലക്ഷത്തില്‍ 10.9 ആളുകള്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നു. നമ്മുടെ പാരമ്പര്യ വിജ്ഞാനമായ യോഗയെ മാനസിക രോഗ ചികിത്സക്കായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. യോഗയുടെ ഈ കഴിവിനെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങളുടെ ആവശ്യമുണ്ട്.

യഥാര്‍ഥ ലോകത്തിനും സാങ്കല്‍പിക ലോകത്തിനുമിടക്കുള്ള സങ്കീര്‍ണതകള്‍ വര്‍ധിച്ചതോടെ മാനസികാരോഗ്യത്തെ സംബന്ധിച്ചും ആശങ്കകള്‍ കൂടുതലായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഒക്‌റ്റോബര്‍ 10, ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രാധാന്യവും അതിനാല്‍ തന്നെ കൂടുതല്‍ യുക്തിഭദ്രമായിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ മാനസികമായി താളം തെറ്റിയവരില്‍ പകുതി ആളുകളിലും പതിനാലാം വയസിലാണ് കുഴപ്പങ്ങള്‍ കണ്ടുതുടങ്ങിയത്. ഇത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

സിനിമാ മേഖലയില്‍ നിന്നടക്കം ചില പ്രശസ്ത വ്യക്തികള്‍ തങ്ങള്‍ക്ക് വ്യക്തിപരകമായ അനുഭവിക്കേണ്ടി വന്നിട്ടുള്ള അസ്വാസ്ഥ്യങ്ങളെപറ്റി അടുത്തിടെ മടി കൂടാതെ തുറന്നു പറച്ചിലുകള്‍ നടത്തുന്നുണ്ട്. വിഷാദരോഗമടക്കമുള്ള അവസ്ഥകള്‍ക്കെതികെ വ്യക്തിപരമായി നടത്തിയ പോരാട്ടങ്ങളാണ് അവര്‍ പങ്കുവെക്കുന്നത്. വൈദ്യശാസ്ത്ര കാഴ്ചപ്പാടില്‍ മാനസിക അസ്വാസ്ഥ്യങ്ങളെ കാണുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. രോഗാവസ്ഥയെ ദുഷ്‌കീര്‍ത്തിപരമായി സമീപിക്കുന്നതിന് പകരം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സമമായി മാത്രം കാണാന്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കളമൊരുങ്ങുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.

ആരോഗ്യ പരിപാലന നയങ്ങളിലും നടപ്പാക്കല്‍ രീതികളിലും വ്യക്തികളുടെ മാനസികാരോഗ്യത്തെ ഉള്‍പ്പെടുത്താന്‍ ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ അടുത്തിടെ നടന്നുവരുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ വര്‍ഷമാണ് മാനസികാരോഗ്യ സംരക്ഷണ നിയമം നടപ്പിലാക്കിയത്. ഈ വര്‍ഷം ജൂലൈ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. പൗരന്മാരുടെ സന്തോഷം രാജ്യത്തിന്റെ നേട്ടമായി മാറ്റാനുതകുന്ന നയമാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. മിക്ക ലോകരാഷ്ട്രങ്ങളും പൗരന്‍മാരുടെ സന്തോഷത്തിന് അടുത്തിടെ വലിയ പ്രാധാന്യം നല്‍കി പ്രഖ്യാപിത ലക്ഷ്യമാക്കി മാറ്റിയിട്ടുണ്ട്.

2015-16 ലെ ദേശീയ മാനസികാരോഗ്യ സര്‍വെയുടെ കണക്കുകള്‍ അനുസരിച്ച് 18 വയസിന് മുകളിലുള്ളവരില്‍ 10.6 ശതമാനം ആളുകളിലും മാനസിക അനാരോഗ്യ പ്രവണതകളുണ്ട്. സര്‍വെയില്‍ പരിശോധിച്ച 13.7 ശതമാനം ആളുകള്‍, ഏകദേശം 150 ദശലക്ഷം ഇന്ത്യക്കാര്‍ സജീവമായ ഇടപെടല്‍ ആവശ്യമുള്ളവരാണ്. വിഷാദം, ഉത്കണ്ഠ, വസ്തുതകളെ ദുരുപയോഗം ചെയ്യുന്നതുമൂലമുള്ള വലിയ ഭാരം തുടങ്ങി സാധാരണയായുള്ള മാനസിക അസുഖങ്ങള്‍ ഏതാണ്ട് ജനസംഖ്യയുടെ പത്ത് ശതമാനം ആളുകളെ ബാധിക്കുന്നുണ്ടെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇരുപത് പേരില്‍ ഒരാള്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. ഉയര്‍ന്ന ആത്മഹത്യാ പ്രവണതയും ആശങ്കാവഹമാണ്. ‘പ്രൊഡക്റ്റീവ് ഏജ് കാറ്റഗറി’ എന്നറിയപ്പെടുന്ന 15 മുതല്‍ 64 വയസ് വരെ പ്രായമുള്ളവര്‍ ഇതിന്റെ ഇരകളാണ്. ചുരുക്കി പറഞ്ഞാല്‍ രാജ്യത്തിന്റെ പുരോഗമനത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന സിംഹവിഭാഗം അനുദിനം വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തുന്നുവെന്നത് നിസ്സാരവല്‍ക്കരിക്കാന്‍ സാധിക്കാത്ത കാര്യമാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതും പരിഹരിക്കുന്നതും കരുതുന്നതിലും ഏറെ സങ്കീര്‍ണമാണ്. വിഷാദ രോഗം മൂലം ചികിത്സ തേടുന്നവരുടേയും ഇതിനായി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടേയും എണ്ണം പ്രതിദിനം വര്‍ധിച്ച് വരികയാണ്. 2020 ഓടെ ആന്റി ഡിപ്രസന്റ്‌സ് മരുന്നുകളില്‍ നിന്നുള്ള ആഗോള വരുമാനം 17 ബില്യണ്‍ ഡോളര്‍ എത്തുമെന്നാണ് ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

രോഗികളും ഡോക്റ്റര്‍മാരും തമ്മിലുള്ള അനുപാതം നിലനിര്‍ത്തിയും പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ചികിത്സാ മേഖലകള്‍ നിലവില്‍ മനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുന്നുണ്ട്. എന്നാല്‍ കുറച്ചുകൂടി സമഗ്രമായി ഈ പ്രശ്‌നങ്ങളെ നോക്കിക്കാണേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്, മാനസികാരോഗ്യത്തിനായുള്ള നിക്ഷേപങ്ങള്‍ വിവിധ പരിപാടികളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ്. സ്വന്തം മാനസികാരോഗ്യത്തെ മനസിലാക്കാനും ഇത്തരം അവസ്ഥയിലുള്ള സുഹൃത്തുക്കളെയും കുട്ടികളേയും വിദ്യാര്‍ത്ഥികളേയും സഹായിക്കുന്നതെങ്ങനെയെന്ന് സമപ്രായക്കാരെയും രക്ഷകര്‍ത്താക്കളേയും അധ്യാപകരേയും മനസിലാക്കിപ്പിക്കാനും കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും ബോധവത്കരണം നല്‍കുകയും വേണം.

ഇന്ത്യന്‍ ആരോഗ്യ സംവിധാനത്തിലെ പ്രധാന ആകര്‍ഷകങ്ങളായ ആയുര്‍വേദം, യോഗ എന്നിവക്ക് ഇക്കാര്യത്തില്‍ പ്രത്യേക അന്തര്‍ദര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കും. എന്നാല്‍ മാനസികാരോഗ്യത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും പങ്കുവെക്കുന്നതും ഏറെ നിര്‍ണായകമാണ്. അതോടൊപ്പം ആഭ്യന്തര ഗവേഷണങ്ങളെ വിലയിരുത്തുകയും പരമ്പരാഗതവും ആധുനികവുമായ അറിവുകളുടെ സമന്വയവും ഇതില്‍ അത്യന്താപേക്ഷിതമാണ്. സജീവ ഗവേഷണങ്ങള്‍ക്കും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ക്കും ഈ പരമ്പരാഗത വിജ്ഞാന ശാഖകളെ മാനസികാരോഗ്യ സംരക്ഷണത്തിനുള്ള നയ രൂപീകരണത്തിലേക്ക് കൊണ്ടുവരാന്‍ സഹായകമാകും. മസ്തിഷ്‌ക സംബന്ധമായ ജനിതക ശാസ്ത്രത്തിന്റെ ദൃഷ്ടിയിലൂടെ യോഗയെ മനസിലാക്കേണ്ട ആവശ്യകതയും യോഗാസനങ്ങളിലൂടെ അതിന്റെ ആകാരവിജ്ഞാനത്തെ പ്രചരിപ്പിക്കേണ്ടതുമാണ്. യോഗിക് ന്യൂറോസയന്‍സെന്നോ യോഗിക് ന്യൂറോജെനറ്റിക്‌സെന്നോ ഇതിന് സ്വീകാര്യമായ ശാസ്ത്രനാമവും നല്‍കാവുന്നതാണ്.

പോസ്റ്റ് ട്രോമാറ്റിക് ഡിസോര്‍ഡര്‍, ഉത്കണ്ഠ, സമ്മര്‍ദ്ദം, സൈക്കോസിസ്, ശ്രദ്ധയുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങി പല രോഗാവസ്ഥകളിലും പരിഹാരമായി പാശ്ചാത്യ രാജ്യങ്ങളിലെ അലോപ്പതി ആശുപത്രികള്‍ യോഗയെ നിര്‍ദേശിച്ചു വരാറുണ്ട്. ഹാര്‍വാഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ ആഗോള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും യോഗ, ധ്യാനം എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതില്‍ ശാസ്ത്രീയ പര്യവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ ചട്ടകൂടില്‍ ശരീരത്തിന്റേയും ബോധ-ഉപബോധ മനസിന്റെയും ഇരുളടഞ്ഞ അവസ്ഥകള്‍ക്ക് മറുപടി ലഭിക്കുന്നതിന് യോഗ ന്യൂറോസയന്‍സ്, ന്യൂറോജെനറ്റിക്‌സ് എന്നീ മേഖലകളില്‍ വ്യവസ്ഥാപിതമായ ഗവേഷണം സ്ഥാപിക്കുന്നതിലൂടെ സാധിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും മാനസികാരോഗ്യത്തിലും രോഗശാന്തിക്കും പുനരുജ്ജീവനത്തിനുമായി വിവിധ യോഗാധിഷ്ഠിത വിദ്യകള്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മനസിലാക്കാന്‍ യോഗയുടേയും ന്യൂറോസയന്‍സിന്റേയും മേഖലകളില്‍ നിലവിലുള്ള ഗവേഷണങ്ങള്‍ എഫ്എംആര്‍ഐ (ഫങ്ക്ഷണല്‍ മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിംഗ്), ഇലക്ട്രോഎന്‍സിഫെലോഗ്രാം (ഇഇജി), മാഗ്നെറ്റോ എന്‍സെഫലോഗ്രാഫി (എംഇജി) എന്നീ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. മാനസികാവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിനും യോഗ ശീലമാക്കിയവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രാണായാമങ്ങളും, വിവിധ ആസനങ്ങളും ധ്യാനങ്ങളും ഉള്‍പ്പെടുന്ന യോഗയ്ക്ക് മികച്ച ശേഷിയുള്ളതായി ഈ പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു.

യോഗിക് ന്യൂറോസയന്‍സിന്റെ പ്രായോഗികവും ബോധഘടനാജ്ഞാനവുമായ സമീപനങ്ങളിലാണ് ഈ പഠനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എപ്പിജെനറ്റിക്‌സ്, ന്യൂറോകെമിസ്ട്രി, ബിഹേവിയറല്‍-കോഗ്നിറ്റീവ് സയന്‍സ് തുടങ്ങിയ ദിശകളിലൂടെ സ്വയമേവ വികാസം കൈവരിക്കുന്നതിന് യോഗിക് ന്യൂറോസയന്‍സിന് വലിയ സാധ്യതകളാണുള്ളത്. ആരോഗ്യമുള്ള ശരീരത്തിനായുള്ള കേവല വ്യായാമമുറകള്‍ എന്നിതനപ്പുറം വ്യക്തിയുടെ വൈകാരികവും അവബോധവുമടക്കം സമഗ്ര വികസനത്തിനുള്ള പദ്ധതിയായി ഇന്ന് യോഗയെ കാണാന്‍ ഇത്തരം ഗവേഷണങ്ങള്‍ ലോകത്തെ സഹായിച്ചിട്ടുണ്ട്.

വൈദ്യ ശാസ്ത്ര രംഗത്തെ സമകാലീന ഗവേഷണങ്ങള്‍ ആയിരത്തിലധികം നാഡീവ്യൂഹപരമായ അവസ്ഥകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി ഏതാണ്ട് 800 ബില്യണ്‍ ഡോളറാണ് ചെലവഴിക്കപ്പെട്ടത്. ഈ വൈകല്യങ്ങളെ സംബന്ധിച്ച ഉന്നതമായ അറിവ് ബയോഫാര്‍മ മേഖലയിലേക്കുള്ള കൂടുതല്‍ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകളും കൂടെ ഇതിനോടൊപ്പം കടന്നു വരുന്നു. അതുകൊണ്ട് തന്നെ പ്രാരംഭഘട്ട പ്രതിരോധത്തിനും ചികിത്സക്കുമായി ഒരു ആഗോള മുന്നേറ്റം തന്നെ നിലവില്‍ നടക്കുന്നുണ്ട്. ഇവിടെയാണ് യോഗചര്യകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുള്ളത്.

മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങളില്‍ യോഗചര്യകള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കാനാവും. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്നതും ഗുരുവിന്റെ മാാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്വയം ചെയ്യാമെന്നതും പതിരോധ പരിചരണത്തെ സഹായിക്കുമെന്നതും ശരീരത്തിന്റെയും മനസ്സിന്റെയും അടിസ്ഥാന സ്വഭാവത്തെ ബാധിക്കുന്നു എന്നതിനാലും ഒന്നിലധികം ആരോഗ്യ നേട്ടങ്ങളിലേക്ക് കൂടി നയിക്കുന്നതാണ് യോഗ. നയപരമായി വലിയതോതില്‍ ഇത് സ്വീകരിക്കപ്പെടാത്തതിന്റെ പ്രധാന കാരണം ശാസ്ത്രീയ പഠനങ്ങളുടെ ദൗര്‍ലഭ്യം മൂലമാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ വിജ്ഞാന ശാഖയായ യോഗ നിരവധി മാര്‍ഗങ്ങളാണ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഗവേഷണത്തിന് ശരിയായ ദിശ നല്‍കാന്‍ ശാസ്ത്ര-യോഗാ വിഭാഗങ്ങള്‍ പരസ്പരം കൈകോര്‍ക്കേണ്ടതുണ്ട്.

Comments

comments

Categories: FK Special, Slider
Tags: Yogacharya