കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ച അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യ

കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ച അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യ

20 വര്‍ഷം കൊണ്ട് 80 ബില്യണ്‍ ഡോളര്‍ സാമ്പത്തിക നഷ്ടം ഇന്ത്യക്കുണ്ടായി; ഇന്ത്യയില്‍, പ്രളയം മൂലമുള്ള ശരാശരി വാര്‍ഷിക മരണ നിരക്ക് 1,600; 91 ശതമാനം ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം

ന്യൂഡെല്‍ഹി: പ്രകൃതി ദുരന്തങ്ങളെക്കാള്‍ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നെന്ന് ഐക്യരാഷ്ട്ര സഭ തയാറാക്കിയ റിപ്പോര്‍ട്ട്. യുഎന്‍ ഓഫീസ് ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (യുഎന്‍ഐഎസ്ഡിആര്‍) നടത്തിയ പഠനത്തിലാണ് കഴിഞ്ഞ 20 വര്‍ഷമായി കാലാവസ്ഥാ വ്യതിയാനം വരുത്തിവെച്ച പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 1998 മുതല്‍ 2017 വരെയുള്ള രണ്ട് പതിറ്റാണ്ട് കാലത്ത് ഉണ്ടായ 91 ശതമാനം ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമായിരുന്നെറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രളയങ്ങള്‍, കൊടുങ്കാറ്റുകള്‍, വരള്‍ച്ച, ഉഷ്ണക്കാറ്റുകള്‍ എന്നിവയാണ് വലിയ ദുരന്തങ്ങള്‍ക്ക് കാരണമായത്. മിക്കവാറും ദുരന്തങ്ങളെല്ലാം ബാധിച്ച ഇന്ത്യയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ സാഹചര്യം. ആഗോള തലത്തില്‍ രണ്ട പതിറ്റാണ്ടിനിടെ ഉണ്ടായ 7,255 വലിയ ദുരന്തങ്ങളുടെ 43 ശതമാനവും (3,148) വെള്ളപ്പൊക്കങ്ങളായിരുന്നു. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും 2,049 ദുരന്തങ്ങള്‍ സൃഷ്ടിച്ചു. ദുരന്തങ്ങളുടെ 72 ശതമാനവും പ്രളയവും കാറ്റുകളും ചേര്‍ന്ന് സൃഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളെയും ദരിദ്ര രാജ്യങ്ങളെയും സാമ്പത്തികമായി പിന്നോട്ട് പിടിച്ചു വലിക്കുന്നതാണ് ഇത്തരം ദുരന്തങ്ങളെന്ന് യുഎന്‍ റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു. 87 ശതമാനം ദുരന്തങ്ങളുടെയും സാമ്പത്തിക നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഗോള തലത്തില്‍ ഇത്തരം ദുരന്തങ്ങള്‍ 520 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവെക്കുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും 26 ദശലക്ഷം ആളുകള്‍ ഇതുമൂലം ദാരിദ്ര്യത്തിലേക്ക് വീഴുന്നു. കണക്കാക്കിയതിലും വേഗത്തിലാണ് സാമ്പത്തിക അസമത്വം വളരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍, പ്രളയം മൂലമുള്ള ശരാശരി വാര്‍ഷിക മരണ നിരക്ക് 1,600 ആണെന്ന് ഏജന്‍സികളെ ഉദ്ധരിച്ച് പഠനം ചൂണ്ടിക്കാട്ടുന്നു. 1,800 കോടി രൂപയുടെ സ്വത്തുവകകളും ഓരോ വര്‍ഷവും നശിക്കുന്നുണ്ട്. ഇതിനു പുറമെ നൂറുകണക്കിനാളുകള്‍ കൊടുങ്കാറ്റുകളും ഉഷ്ണക്കാറ്റും അതിശൈത്യവും പോലെയുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ മരിക്കുന്നുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക നഷ്ടത്തിന്റെ അടിസ്ഥാനത്തിലും ഇന്ത്യ ആദ്യ അഞ്ച് ദുരന്തബാധിത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. 80 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് 20 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യക്കുണ്ടായത്. വ്യാവസായിക വിപ്ലവ കാലഘട്ടത്തിന് മുന്‍പുണ്ടായിരുന്ന താപനില ഒരു ഡിഗ്രി ഉയര്‍ന്നതോടെയാണ് ഈ ദുരന്തങ്ങളെല്ലാമുണ്ടാക്കാന്‍ പര്യാപ്തമായ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. 1978-1997 കാലഘട്ടത്തില്‍ 165 ദുരന്തങ്ങള്‍ മാത്രമാണ് പ്രതിവര്‍ഷം ശരാശരി സംഭവിച്ചത്. പിന്നീട് വന്ന 20 വര്‍ഷങ്ങളില്‍ ദുരന്തങ്ങളുടെ എണ്ണം പ്രതിവര്‍ഷം 329 ലേക്ക് ഉയര്‍ന്നു.

1998-2017 കാലഘട്ടത്തില്‍ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ചേര്‍ന്ന് 2,33,000 ആളുകളെ കൊന്നൊടുക്കി. വെള്ളപ്പൊക്കങ്ങള്‍ മൂലം രണ്ട് ബില്യണ്‍ ആളുകള്‍ക്ക് വീടുകളും മറ്റ് സ്വത്തുകളും നഷ്ടപ്പെട്ടു. വരള്‍ച്ച 1.5 ബില്യണ്‍ ആളുകളെ ദോഷകരമായി ബാധിച്ചു. വികസിത രാഷട്രങ്ങളിലെ പൗരന്‍മാരേക്കാള്‍ ഏഴിരട്ടി അധികം അപകട സാധ്യതകളാണ് ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കുള്ളതെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News