ഷഹനാസ് ഹുസൈന്‍ എന്ന ബ്യൂട്ടി സീക്രട്ട്

ഷഹനാസ് ഹുസൈന്‍ എന്ന ബ്യൂട്ടി സീക്രട്ട്

ഷഹനാസ് ഹുസൈന്‍ എന്നത് ഇന്നൊരു വ്യക്തി മാത്രമല്ല, സൗന്ദര്യസംരക്ഷണ രംഗത്തെ സമാനതകളില്ലാത്ത ബ്രാന്‍ഡ് കൂടിയാണ്. ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്ന ഒന്നാണ് സൗന്ദര്യം എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് ഹെര്‍ബല്‍ കോസ്‌മെറ്റിക്‌സ് നിര്‍മാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഷഹനാസ് ഹുസൈന്‍. ഷഹനാസ് ഹുസൈന്‍ ബ്രാന്‍ഡിലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇന്ന് 138 ല്‍ പരം ലോകരാജ്യങ്ങളിലാണ് വിതരണം ചെയ്യപ്പെടുന്നത്. സൗന്ദര്യസംരക്ഷണത്തിലൂടെ സംരംഭകത്വത്തിലേക്കെത്തി ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതാസംരംഭകരില്‍ ഒരാളായിമാറിയ ഷഹനാസിന്റെ ജീവിതം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും സംരംഭമോഹികള്‍ക്കും പ്രചോദനമേകുന്ന ഒന്നാണ്.

കുട്ടിക്കാലം മുതല്‍ക്ക് ഷഹനാസിന് ഏറെപ്രിയപ്പെട്ട കാര്യമായിരുന്നു സൗന്ദര്യസംരക്ഷണം. ഏതൊരു വ്യക്തിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ സൗന്ദര്യസംരക്ഷണത്തിനുള്ള പങ്ക് വളരെവലുതാണ് എന്ന് ഷഹനാസ് വിശ്വസിച്ചിരുന്നു. ഈ വിശ്വാസമാണ് കുഞ്ഞുണ്ടായതിനുശേഷം സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനായി ഷഹനാസിനെ പ്രേരിപ്പിച്ചത്. ആയുര്‍വേദത്തിന് സൗന്ദര്യ സംരക്ഷണത്തില്‍ ഉള്ള പങ്കിനെകുറിച്ചാണ് ഷഹനാസ് പഠിച്ചത്. ആയുര്‍വേദം ജീവിതശൈലിയുടെ ഭാഗമാക്കി മികച്ച ഫലം കൊണ്ട് വരിക എന്നതായിരുന്നു ഷഹനാസിന്റെ ചിന്ത. ഇതിനായി ഷഹനാസ് പലവിധ ഗവേഷണങ്ങള്‍ നടത്തി. നീണ്ട പത്തുവര്‍ഷക്കാലമാണ് ഷഹനാസ് ഇതിനായി ചെലവഴിച്ചത്.

കെയര്‍ ആന്‍ഡ് ക്യുവര്‍ എന്നതായിരുന്നു ഷഹനാസ് മുറുകെപ്പിടിച്ചിരുന്ന സൗന്ദര്യസംരക്ഷണ മന്ത്രം. തനിക്ക് ഈ രംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യാനാകും എന്ന ആത്മവിശ്വാസം വന്നപ്പോള്‍ 1971 ല്‍ തന്റെ 26 ആം വയസ്സില്‍ പേര്‍ഷ്യയിലെ തന്റെ വീടിനോട് ചേര്‍ന്ന് ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് ഷഹനാസ് തുടക്കമിട്ടു. ത്വക്, തലമുടി എന്നിവയുടെ സംരക്ഷണത്തിനായിരുന്നു ഷഹനാസ് പ്രാധാന്യം നല്‍കിയിരുന്നത്.എന്നാല്‍ പ്രവര്‍ത്തനത്തിലെ മികകോണ്ടും വ്യത്യസ്തമായ സൗന്ദര്യസംരക്ഷണരീതികൊണ്ടും ഷഹനാസിന്റെ പാര്‍ലര്‍ എളുപ്പത്തില്‍ ജനകീയമായി.ഒരു കഥപോലെ രസകരമാണ് ഈ സംരംഭകയുടെ ജീവിതം

ബാല്യകാലത്തെ കഷ്ടപാടുകളില്‍ നിന്നും ഉള്‍ക്കൊണ്ട കരുത്ത്

പ്രതിസന്ധി നിറഞ്ഞ ഏതൊരവസരത്തെയും മറികടക്കുന്നതിനായി ഷഹനാസിനെ പ്രാപ്തമാക്കിയത് തന്റെ ബാല്യകാലത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ആയിരുന്നു.ഏറെ വലിയ കുടുംബത്തിലെ അംഗമായിരുന്നിട്ടും ജീവിതത്തില്‍ ആഗ്രഹിച്ച പലകാര്യങ്ങളും ചെയ്യാന്‍ കഴിയാതിരുന്നതായിരുന്നു ഷഹനാസിന്റെ പ്രധാന പ്രശ്‌നം. അലഹബാദ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് നസീറുല്ല ബീഗിന്റെ മകളായിരുന്നു ഷഹനാസ് ഹുസൈന്‍.നിയമപശ്ചാത്തലമുള്ള കുടുംബത്തിലെ അംഗം, കുടുംബത്തിലെ മിക്കവാറും എല്ലാ പുരുഷന്മാരിലും ചീഫ് ജസ്റ്റിസുമാരോ മുതിര്‍ന്ന രാഷ്ട്രീയക്കാരോ ആയിരുന്നു. പിതാവിന്റെ സ്വാധീനം കൊണ്ട് ഷഹനാസ് പഠനം പൂര്‍ത്തിയാക്കിയത് ഒരു ഐറിഷ് വിദ്യാലയത്തില്‍ ആയിരുന്നു. പഠനകാലത്ത് ശ്രദ്ധ മുഴുവന്‍ ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു. വളരെ നന്നായി കഥയും കവിതയുമെല്ലാം എഴുതിയിരുന്ന ഷഹനാസിന് ആ രംഗത്ത് ശോഭിക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും നടന്നില്ല. ആഗ്രഹപ്രകാരം പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഷഹനാസിന്റെ വിവാഹം കഴിഞ്ഞു. പിന്നെ നേരെ ലണ്ടനിലേക്ക്..

വളരെപെട്ടെന്നുതന്നെ ഒരു കുഞ്ഞിന്റെ ‘അമ്മ കൂടി ആയതോടെ ഷഹനാസ് തന്റെ സാഹിത്യ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചു. പിന്നീടാണ് സൗന്ദര്യസംരക്ഷണ മേഖലയിലേക്ക് കടക്കുന്നത്. നീണ്ട പത്ത് വര്‍ഷങ്ങളാണ് സൗന്ദര്യസംരക്ഷണ പഠനത്തിന് മാത്രമായി ഷഹനാസ് ചെലവഴിച്ചത്. എന്തുചെയ്യുമ്പോഴും അതിന്റെ പൂര്‍ണതയില്‍ ചെയ്യണം എന്ന നിര്‍ബന്ധമാണ് ഇതിന്റെ പ്രധാന കാരണം.ലണ്ടനില്‍ നിന്നും പാരിസ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് ഈ സമയത്തിനുള്ളില്‍ ഷഹനാസ് ചേക്കേറി.

ടെഹ്‌റാനില്‍ തുടക്കം കുറിച്ച സംരംഭം

ഒരു ഇന്ത്യന്‍ സംരംഭകയുടെ തുടക്കം ടെഹ്‌റാനില്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ആര്‍ക്കും ഒരു കൗതുകം ഉണ്ടാകും. എന്നാല്‍ അത് തന്നെയായിരുന്നു വാസ്തവം. ഷഹനാസ് തന്റെ സംരംഭകജീവിതം ആരംഭിക്കുന്നത് ടെഹ്‌റാനില്‍ വച്ചാണ്. വിവാഹം കഴിഞ്ഞു 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഇറാനിലെ ടെഹ്‌റാനില്‍ മികസിച്ച ജോലി ലഭിച്ചു. മകളുമായി ഷഹനാസ് ഹുസൈനും അവിടേക്ക് ചേക്കേറി. വിവാഹശേഷം പഠനം തുടരാന്‍ തന്നെയായിരുന്നു ഷഹനാസിന്റെ തീരുമാനം. ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ കൂടി ആയതോടെ ഷഹനാസ് തന്റെ പഠനവുമായി മുന്നോട്ട് പോയി. ടെഹ്‌റാനിലേക്ക് താമസം മാറിയതോടെ ഷഹനാസിന് പഠനത്തിനായി കൂടുതല്‍ പണം അനിവാര്യമായി വന്നു. ഇറാനിയന്‍ ഭാഷ സംസാരിക്കാന്‍ അറിയാത്തതിനാല്‍ അവിടെ ഒരു ജോലികണ്ടെത്താന്‍ കഴിഞ്ഞില്ല.എന്നാലും പിന്തിരിയാന്‍ ഷഹനാസ് ഒരുക്കമല്ലായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനുശേഷം ഇറാന്‍ ട്രിബ്യൂണിലെ ഒരു ബ്യൂട്ടി എഡിറ്ററായി ജോലി ലഭിച്ചു.

ആ ജോലിയില്‍ നിന്ന്‌നും ലഭിച്ച ആത്മവിശ്വാസമാണ് സൗന്ദര്യസംരക്ഷണ തന്ത്രങ്ങള്‍ ഉപയോഗിച്ച് ത്വക് രോഗങ്ങളെ കൈകാര്യം ചെയ്യാന്‍ ഷാനാസിനെ പ്രാപ്തയാക്കിയത്.ത്വക്രോഗങ്ങളുടെ പ്രധാനപ്രാശനം സിന്തറ്റിക്ക് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗമാണ് എന്ന് മനസിലാക്കിയ ഷാനാസ് അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പഠിച്ചെടുത്തു.താന്‍ പഠിച്ച വിദ്യകളിലൂടെ പൂര്‍ണമായും ആയുര്‍വേദ രീതികള്‍ ഉപയോഗിച്ച് ത്വക് രോഗങ്ങള്‍ക്ക് പ്രതിവിധിതേടുകയായിരുന്നു ഷഹനാസ്. അതില്‍ അവര്‍ പൂര്‍ണവിജയം കണ്ടു.

ഒന്നുകില്‍ സൗന്ദര്യവര്‍ദ്ധന രോഗികള്‍ക്ക് ഒരു സ്വകാര്യ ക്ലിനിക്ക് ആരംഭിക്കുക, അല്ലെങ്കില്‍ മികച്ച സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ എത്തിക്കുക. ഈ രണ്ടു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ തനിക്ക് ഈ മേഖലയില്‍ തിളങ്ങാനാകും എന്ന് ഷഹനാസ് ഉറപ്പിച്ചു.ഈ ചിന്തയുടെ ഭാഗമായിട്ടായിരുന്നു ഹെര്‍ബല്‍ ക്ലിനിക് ആരംഭിക്കാത്തത്. ക്ലിനിക്കിന്റെ വിജയം ഈ രംഗത്തെ കൂടുതല്‍ പഠനത്തിന് ഷഹനാസിനെ സഹായിച്ചു. 2 വര്‍ഷത്തെ സൗന്ദര്യശാസ്ത്രവും ട്രോളിയോളജിയില്‍ സ്‌പെഷ്യലൈസേഷനും ശേഷം ഷഹനാസ് തന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകാന്‍ തീരുമാനിച്ചു.ഷഹനാസ് ഹുസൈന്‍ എന്ന സംരംഭകയുടെ ജീവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.

ദി ഇന്ത്യന്‍ എന്‍ട്രപ്രണര്‍ ഇന്‍ ദി മേക്കിംഗ്

1977 ലാണ് ഷഹനാസ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. താന്‍ എന്താണ് ഇവിടെ ചെയ്യാന്‍ പോകുന്നത് എന്നും തന്റെ ഭാവി ജീവിതം എങ്ങനെ ആയിരിക്കണം എന്നും വ്യക്തമായ ധാരണയോടു കൂടിയായിരുന്നു ഈ തിരിച്ച് വരവ്. ആദ്യം സ്വന്തം വീടിനടുത്തുള്ള ഡെല്‍ഹിയിലെ സലൂണ്‍ സെന്റര്‍ സ്ഥാപിച്ചു.ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനായി ഷഹനാസിനെ സഹായിച്ചത് പിതാവായിരുന്നു. പിതാവില്‍ നിന്നും 35000 രൂപ കടം വാങ്ങിയാണ് അന്നത്തെക്കാലത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു സലൂണ്‍ ഷഹനാസ് ആരംഭിക്കാത്തത്.അതെ സമയം വീടിന്റെ മറുവശത്തായി ഒരു ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കിനും ഷഹനാസ് തുടക്കമിട്ടു. മികച്ച സാങ്കേതികവിദ്യയും വിദേശത്തു നിന്നുള്ള പ്രസക്തമായ ഗാഡ്‌ജെറ്റുകളും കൊണ്ടായിരുന്നു ക്ലിനിക്കിന്റെ ആരംഭം. ക്ലിനിക്കില്‍ എത്തുന്നവരെല്ലാം പൂര്‍ണ തൃപ്തരായാണ് മടങ്ങിയത്. അതിനാല്‍ വളരെ എളുപ്പത്തില്‍ ഷഹനാസിന്റെ ബ്യൂട്ടി മന്ത്ര ഫലം കണ്ടു.

ദി ഷഹനാസ് ഹുസൈന്‍ ഗ്രൂപ്പ്

ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് എന്ന വ്യത്യസ്തമായ ആ ആശയം വിജയിച്ചതോടെ തന്റെ സ്ഥാപനത്തിന് ഒരു പേര് നല്‍കണം എന്ന ചിന്തയായി. അങ്ങനെയാണ് മറ്റേതെങ്കിലും പേരില്‍ ബ്രാന്‍ഡ് ചെയ്യാതെ സ്വന്തം പേരില്‍ തന്നെ സ്ഥാപനത്തെ ബ്രാന്‍ഡ് ചെയ്യാന്‍ ഷഹനാസ് തീരുമാനിച്ചത്. അങ്ങനെ കെയര്‍ ആന്‍ഡ് ക്യുവര്‍ എന്ന ആശയത്തില്‍ അടിസ്ഥിതമായി ഷഹനാസ് ഹുസൈന്‍ ഹെര്‍ബല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.ചര്മ രോഗങ്ങള്‍ക്കും മുടി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായിരുന്നു ഷഹനാസ് നിര്‍ദേശിച്ചിരുന്നത്.24 കാരാട്ട് ഗോള്‍ഡ്, ഓക്‌സിജന്‍, പേള്‍ , പ്ലാറ്റിനം തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുള്ള സൗന്ദര്യവര്‍ദ്ധക പ്രവര്‍ത്തനങ്ങള്‍ ഏറെ പെട്ടന്ന് വിപണി പിടിച്ചെടുത്തു. ഷഹനാസ് ഹുസൈന്‍ എന്ന ബ്രാന്‍ഡ് അതിലൂടെ ജനമനസുകളില്‍ ചിര പ്രതിഷ്ഠ നേടുകയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ മികച്ച സാദ്ധ്യതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെര്‍ബല്‍ ബ്യൂട്ടി പ്രൊഡക്റ്റുകള്‍ വിദേശവിപണിയിലേക്കും എത്തിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഷോപ്പ് ലണ്ടനില്‍ ആരംഭിച്ചു.ഇന്ത്യയിലും ലണ്ടനിലുമായുള്ള പ്രവര്‍ത്തനം വളരെ വേഗത്തില്‍ വികസിച്ചു. കൂടുതല്‍ വ്യക്തികള്‍ ഷഹനാസ് ഹുസൈന്‍ ഹെര്‍ബല്‍ ക്ലിനിക്കിന്റെയും ബ്യൂട്ടി പ്രൊഡക്റ്റുകളുടെയും ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി മുന്നോട്ട് വന്നു. നിലവില്‍ ഷഹനാസ് ഹുസൈന്‍ ഗ്രൂപ്പിന് ലോകമെമ്പാടുമായി 400 ല്‍ പരം ഫ്രാഞ്ചൈസികള്‍ ആണുള്ളത്. മാത്രമല്ല, 138 രാജ്യങ്ങളില്‍ ഹെര്‍ബല്‍ പ്രൊഡക്റ്റുകള്‍ വിറ്റുകൊണ്ട് ഗ്രൂപ്പ് തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ഷഹനാസ് ഹുസൈന്‍ ബ്രാന്‍ഡിലുള ബ്യൂട്ടി പ്രൊഡക്റ്റുകള്‍ ഒന്നുംതന്നെ അനിമല്‍ ടെസ്റ്റിംഗ് നടത്തുന്നവയല്ല. അതിനാല്‍ തന്നെ ആവശ്യക്കാരും നിരവധിയാണ്.

1979 ലാണ് ആദ്യത്തെ ഫ്രാഞ്ചൈസി ഇന്ത്യയില്‍ ആരംഭിച്ചത്. ഇപ്പോള്‍ 80 ലധികം ഫ്രാഞ്ചൈസികള്‍ ഇന്ത്യയില്‍ മാത്രമുണ്ട്. പ്രീമിയം ആയുര്‍വേദ സ്പാ, ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നിവയും ഷഹനാസ് ഹുസൈന്‍ ഗ്രൂപ്പിന് സ്വന്തമാണ്.ഒട്ടുമിക്ക ബിസിനസ് സ്‌കൂളുകളിലെയും പ്രധാനചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ഷഹനാസ് ഗ്രൂപ്പിന്റെ വളര്‍ച്ച. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പഠനവിഷയമായിരുന്നു. ഇപ്പോള്‍ അമ്മയുടെ അതെ പാതയില്‍ സഞ്ചരിച്ച് മകള്‍ നിലോഫറും സംരംഭകത്വത്തിന്റെ പാതയിലാണ്.

സംരംഭകരംഗത്തെ മികവിനായി പദ്മശ്രീ ഉള്‍പ്പെടെ വിവിധ ദേശീയ പുരസ്‌കാരങ്ങള്‍ ഷഹനാസ് ഹുസൈനെ തേടി എത്തിയിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഷഹനാസ് ഹുസൈന്‍ എന്നും ബിസിനസ് രംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ്.

Comments

comments

Categories: FK Special