ചോക്ലേറ്റിലെ പുതു രുചിയുമായി റൂബി ദുബായ് വിപണിയില്‍

ചോക്ലേറ്റിലെ പുതു രുചിയുമായി റൂബി ദുബായ് വിപണിയില്‍

വൈറ്റ് ചോക്ലേറ്റ് വിപണിയിലെത്തിച്ച് 90 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റൂബി ചോക്ലേറ്റ് ഗവേഷകര്‍ കണ്ടെത്തിയത്

ദുബായ്: ചോക്ലേറ്റിന്റെ രുചിയില്‍ വ്യത്യസ്തത സൃഷ്ടിച്ച റൂബി ദുബായി വിപണിയില്‍ പുറത്തിറങ്ങി. ലോകത്തില്‍ ഇപ്പോള്‍ നിലവിലുള്ളത് മൂന്നു തരത്തിലുള്ള ചോക്ലേറ്റുകളാണ്. വൈറ്റ് ചോക്ലേറ്റ് വിപണിയിലെത്തിച്ച് 90 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാലാമതൊരു ചോക്ലേറ്റ് ഗവേഷകര്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ നിര്‍മാതാക്കളായ ബാരി കാലിബോട്ട് ഗ്രൂപ്പ് നീണ്ട പത്തു വര്‍ഷത്തെ ഗവേഷങ്ങള്‍ക്കൊടുവിലാണ് പുതിയ രുചിയില്‍ ചോക്ലേറ്റ് പുറത്തിറക്കിയിരിക്കുന്നത്.

റൂബി ചോക്ലറ്റിന്റെ നിറം ചുവപ്പാണ്. നേരിയ തോതില്‍ തൈരിന്റെ സ്വാദാണിതിന്്. പുളിപ്പുള്ളതു കൊണ്ടുതന്നെ പാഷന്‍ ഫ്രൂട്ട്, പിസ്ത ഫ്‌ളേവറുകളാണ് റൂബിക്കായി കമ്പനി കണ്ടെത്തിയിരിക്കുന്നത്. 1930 ല്‍ ചോക്ലേറ്റ് ആദ്യമായി കണ്ടെത്തിയതിനുശേഷം നടന്ന ഏറ്റവും സവിശേഷമായ കണ്ടുപിടിത്തമാണ് റൂബിയിലൂടെ കൈവരിക്കാനായതെന്ന് ബാരി കാലിബോട്ട് ഗ്രൂപ്പിലെ ജനറല്‍ മാനേജര്‍ ഫ്രഡറിക് ട്രോംബര്‍ട്ട് പറഞ്ഞു.

കൊക്കോ ബീനില്‍ ഇരുപതിനായിരത്തില്‍ പരം വിവിധ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നാണ് റൂബി ബീനിനെ കണ്ടെത്തി ചോക്ലേറ്റ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് ട്രോംബര്‍ട്ട് ചൂണ്ടിക്കാട്ടി. പുതുരുചികള്‍ തേടുന്ന യുവതലമുറയ്ക്ക് ഏറെ ആകര്‍ഷകമായിരിക്കും റൂബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്‍പ്പനയില്‍ മില്‍ക്ക്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയെ കടത്തിവെട്ടിയില്ലെങ്കിലും വൈറ്റ് ചോക്ലേറ്റ് പോല ആളുകള്‍ക്ക് സാവധാനത്തില്‍ റൂബിയും പ്രിയങ്കരമാകുമെന്നാണ് പ്രതീക്ഷ.

ഏഷ്യയിലും യൂറോപ്പിലും കഴിഞ്ഞ വര്‍ഷം റൂബി പുറത്തിറങ്ങിയിരുന്നു. അടുത്ത മാസം ലെബനനിലും ഡിസംബറോടുകൂടി സൗദി അറേബ്യയിലും ഇത് ലഭ്യമാകും.

Comments

comments

Categories: Arabia
Tags: Ruby dubai