പൊതുമേഖലയുടെ പ്രകടനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

പൊതുമേഖലയുടെ പ്രകടനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

പൊതുമേഖലയുടെയും സാമൂഹികക്ഷേമ പദ്ധതികളുടെയും പരിഷ്‌കരണത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളില്‍ പലതും മാനവികവിഭവശേഷിയുടെ അപര്യാപ്തതമൂലം ലക്ഷ്യത്തിലെത്തുന്നില്ല

ആഗോളവല്‍ക്കരണകാലത്തു പോലും ഇന്ത്യയെപ്പോലുള്ള മിശ്രിതസമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലയുടെ പ്രസക്തി കുറയുന്നില്ല. അതു കൊണ്ടാണ് ലിബറല്‍ സാമ്പത്തികനയത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ പോലും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തെ കണ്ണുമടച്ചു പിന്തുണയ്ക്കാന്‍ മടിക്കുന്നത്. ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലാഭേച്ഛമാത്രം ലക്ഷ്യമിടുന്ന സ്വകാര്യവല്‍ക്കരണത്തിന് കഴിയില്ല. അതിനാലാണ് ആവിഷ്‌കരിക്കപ്പെട്ട നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ നിന്നു വലിയതോതില്‍ പരിണമിച്ചിട്ടും പൊതുമേഖലയുടെ നിലനില്‍പ്പെങ്കിലും സാധ്യമാകുന്നത്.

സ്വകാര്യമേഖലയില്‍ പദ്ധതികള്‍ നിശ്ചലമാകാന്‍ അടിസ്ഥാന കാരണം കമ്പോളാധിഷ്ഠിത വിഷയങ്ങള്‍ തന്നെയാണെന്നാണു വിവിധസര്‍വ്വേ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭരണപരമായ വിഷയങ്ങളോ കര്‍ശന നിയന്ത്രണ ഉപാധികളോ കാരണമല്ല ഇത്തരം പദ്ധതികള്‍ മുന്നോട്ട് പോകാത്തതെന്നര്‍ത്ഥം. സ്വകാര്യ മൂലധനം ഇന്ത്യയുടെ വികസനകുതിപ്പിനുള്ള പ്രധാന ഉപാധിയാക്കാം എന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇത്. സര്‍ക്കാര്‍ നിയോഗിച്ച ആസൂത്രണ വിദഗ്ധര്‍ തന്നെ ഇത്തരത്തില്‍ ഒരു വസ്തുത ചൂണ്ടിക്കാട്ടുന്നത് സംഗതികളുടെ ഗൗരവ സ്ഥിതി വെളിവാക്കുന്നു.

സ്വകാര്യ മേഖല മുതല്‍ മുടക്കാന്‍ വലിയ രീതിയില്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷ മയപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നാണ് അനുഭവം. ഇന്ത്യയുടെ അടിസ്ഥാന മേഖലയിലെ വികസനകാര്യത്തില്‍ സ്വകാര്യ മേഖല വന്‍തോതില്‍ പങ്കാളിയാകും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. അടിസ്ഥാന സൗകര്യമേഖലയില്‍ പൊതു മൂലധനനിക്ഷേപം ഉണ്ടാകണമെന്ന് സര്‍വ്വേകള്‍ ശുപാര്‍ശ ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. പൊതുമേഖലയുടെ ചെലവില്‍ സ്വകാര്യ മുതല്‍മുടക്കിന് കുറച്ചുകൂടി മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കിലും പൊതുമേഖലയ്ക്ക് അടിസ്ഥാന വികസനത്തിനുള്ള പങ്ക് തള്ളിക്കളയാന്‍ പറ്റാത്തതാണെന്ന് കടുത്ത പരിഷ്‌ക്കരണവാദികള്‍ക്ക്‌പോലും സമ്മതിക്കേണ്ടിവന്നിരിക്കുന്നു എന്നതാണ് വസ്തുത.

എങ്കിലും ശരാശരി ഇന്ത്യക്കാരന്റെ കാഴ്ചപ്പാടില്‍ പൊതുമേഖല അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഒരു വെള്ളാനയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ പൊതുമേഖലയുടെ മോശം പ്രകടനം കഴിഞ്ഞ കുറേ ദശാബ്ദങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വിഷയമായിരുന്നു. പല സര്‍ക്കാരുകളുടെയും വീഴ്ചകള്‍ക്കു കാരണം പോലും ഇത്തരം ചര്‍ച്ചകളായിരുന്നു. അഴിമതി, നിരുത്തരവാദിത്തം, യാന്ത്രികത, ജംബോ സര്‍ക്കാരുകള്‍, കെടുകാര്യസ്ഥത എന്നിങ്ങനെ ഭരണകൂട സംവിധാനങ്ങളില്‍ പതിവായി കണ്ടു വരുന്ന പ്രശ്‌നങ്ങളാണ് മോശം പ്രകടനത്തിനു കാരണമെന്ന് ആധികാരികമായിത്തന്നെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്തു കൊണ്ടുള്ള പരിഹാരനിര്‍ണയസംവിധാനം സ്ഥാപിക്കാനാകണം ശ്രമം നടത്തേണ്ടത്. സാങ്കേതിക ഇടപെടലിലൂടെയോ സ്വകാര്യപങ്കാളിത്തമില്ലാതെയോ പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ സംവിധാനത്തെ ഉടച്ചു വാര്‍ക്കുകയാണു വേണ്ടത്. ലക്ഷ്യം കൈവരിക്കുന്നതിന് ഭാഗികമായ പൊതു-സ്വകാര്യപങ്കാളിത്തം ഉപയോഗപ്പെടുത്തണം. സംവിധാനം പൂര്‍ണതയില്‍ നിന്ന് ഏറെ അകലെയാണെന്ന വസ്തുത ശരിവെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നിര്‍ദേശിക്കപ്പെട്ട പരിഹാരം നിലവിലുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. ഹ്രസ്വകാലത്തേക്ക് ചില നല്ല ഫലങ്ങള്‍ കാണിച്ചേക്കാമെങ്കിലും അവ സുസ്ഥിരമോ മാനകമോ ആകില്ല.

പൊതുമേഖലയുടെ പ്രകടനത്തെ ബാധിക്കുന്ന പ്രത്യക്ഷപ്രശ്‌നമാണ് മനുഷ്യ വിഭവശേഷിയില്‍ കാണപ്പെടുന്ന വലിയ അഭാവം. ഇത് നടപ്പാക്കേണ്ട വിഭാഗങ്ങളിലെ ആള്‍ക്കാരുടെ എണ്ണക്കുറവ് എന്ന നിലയില്‍ മാത്രം പരിഗണിക്കേണ്ട കാര്യമല്ല, അവരുടെ പരിശീലനക്കുറവ് യോഗ്യതകളിലെ അഭാവം എന്നിവ കൂടി ഉള്‍പ്പെടുന്ന കാര്യമാണ്. വാസ്തവത്തില്‍, പരിമിത സര്‍ക്കാരാണ് ഇന്ത്യയിലേത്. ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയാല്‍ ലോകത്തിലെ ഏറ്റവും ചെറിയ സര്‍ക്കാരുകളിലൊന്നാണ് ഇന്ത്യയുടേത്. ഉദാഹരണത്തിന്, യുഎസില്‍ ലക്ഷം പൗരന്മാര്‍ക്ക് 668 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 139 ഉദ്യോഗസ്ഥരാണുള്ളത്.

എന്നാല്‍ നിര്‍ണായകമേഖലകളായ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍ ഈ പരിമിതി രാജ്യത്തിനു പരാധീനതയായി പരിണമിക്കുന്നു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും ഏറെ താഴെയാണ് ഈ രംഗങ്ങളിലെ സ്ഥിതി. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 1000 പേര്‍ക്ക് 2.094 നഴ്‌സുമാരും വയറ്റാട്ടിമാരുമാണുള്ളത്. എന്നാല്‍ ഈ അനുപാതം ദക്ഷിണാഫ്രിക്കയില്‍ 1000 പേര്‍ക്ക് 5.229, മലേഷ്യയില്‍ 4.124, ബ്രസീലില്‍ 7.444 എന്നിങ്ങനെയാണ്. വാസ്തവത്തില്‍, നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ചു പോലും ഏറെ താഴെയാണിത്. 2018ലെ ഗ്രാമീണാരോഗ്യ വകുപ്പിലെ സ്ഥിതിവിവരക്കണക്കനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ പുരുഷ ആരോഗ്യ പ്രവര്‍ത്തക തസ്തികകളില്‍ 37%വും ഡോക്റ്റര്‍ തസ്തികകളില്‍ 24%വും ഒഴിഞ്ഞു കിടക്കുകയാണ്.

വിദ്യാഭ്യാസരംഗത്തെ സ്ഥിതിയും മെച്ചമല്ല. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 2016- 17 വര്‍ഷത്തെ ബജറ്റ് രേഖകള്‍ പ്രകാരം രാജ്യവ്യാപകമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10,31,122 അധ്യാപക ഒഴിവുകളുണ്ട്. ജാര്‍ഖണ്ഡില്‍ 38.4% . ബീഹാറില്‍ 34.4%; യുപിയില്‍ 23.4%; ഡല്‍ഹിയില്‍ 25% എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്‌കൂളുകള്‍ക്കു പുറത്തുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വേണ്ട അദ്ധ്യാപകരുടെ ആവശ്യത്തിനു പുറമെയുള്ള കണക്കാണിത്. 40 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ആറു പേര്‍ എന്നാണ് ഇതിന്റെ കണക്ക്. ഇതിന്റെ മറ്റൊരു വശം യോഗ്യതക്കുറവു സംബന്ധിച്ചുള്ളതാണ്. നിയമിക്കപ്പെട്ട 25% അധ്യാപകര്‍ക്ക് മതിയായ യോഗ്യതകളില്ല. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ലംഘനമാണിത്.

സര്‍ക്കാര്‍ വീഴ്ചയാണിതെങ്കിലും ജില്ല, ബ്ലോക്ക് തലങ്ങളിലെത്തുമ്പോള്‍ നിയമനങ്ങളിലുള്ള അപര്യാപ്തത വിതരണത്തിലെ കെടുകാര്യസ്ഥത മുഴച്ചു കാട്ടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അടുത്തിടെ രാജസ്ഥാന്‍, ഒഡിഷ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും 42 ശതമാനം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ജോലിഭാരം ഇരട്ടിയായിട്ടുണ്ടെന്നു കണ്ടെത്തി. അതായത്, ഒരാള്‍ക്ക് തന്നെ ഒന്നിലധികം ജില്ലയുടെയും ബ്ലോക്കുകളുടെയും ചുമതല നിര്‍വ്വഹിക്കേണ്ടി വരുന്നു. ഓരോ ജില്ലയിലും നൂറുകണക്കിന് സ്‌കൂളുകളാണുള്ളതെന്നോര്‍ക്കണം.

മാത്രമല്ല, ബ്‌ളോക്ക് റിസോഴ്‌സ് കോര്‍ഡിനേറ്റര്‍മാരില്‍ 30 ശതമാനത്തിനും ക്ലസ്റ്റര്‍ റിസോഴ്‌സ് കോഓര്‍ഡിനേറ്റര്‍മാരില്‍ 54 ശതമാനത്തിനും മാത്രമാണ് അവര്‍ക്ക് തൊഴില്‍പരിശീലനം ലഭിച്ചിട്ടുള്ളത്. ഐ സി ഡി എസ് പ്രോഗ്രാമുകളുടെ സ്ഥിതിയും തഥൈവ. നൂറിലധികം അംഗന്‍വാടികളുടെ ചുമതലയുള്ള ശിശു വികസന സംരക്ഷണ ഉദ്യോഗസ്ഥരു (സിഡിപിഒ)ടെ 39 ശതമാനം ഒഴിവുകള്‍ ഇപ്പോള്‍ത്തന്നെ നികത്തിയിട്ടില്ല, ഇത് ഇരട്ടിയായിരിക്കുകയാണ്. അതുപോലെ തന്നെയാണ് ആരോഗ്യമേഖലയിലെ സ്ഥിതിയും. ആശുപത്രികളില്‍ ഒപി വിഭാഗത്തില്‍ ഇരിക്കുന്നതു മുതല്‍ വിദഗ്ധചികില്‍സകരായ ഡോക്റ്റര്‍മാരുടെ നിയമനങ്ങളില്‍ വരെ ഇതു പ്രതിഫലിക്കുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ ശിശുരോഗവിദഗ്ധരുടെ തസ്തികയില്‍ 67 ശതമാനവും വിദഗ്ദ്ധഡോക്റ്റര്‍ തസ്തികകളില്‍ 68 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു.

ഇത്തരം നിര്‍ണായകമേഖലകളിലെ ന്യൂനതകള്‍ പെരുകുന്നതിന് ആനുപാതികമായി തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥതസ്തിക ഒഴിവുകളും നികത്തപ്പെടുന്നില്ല. നിയമിക്കപ്പെട്ടവര്‍ക്കു മതിയായ പരിശീനം നല്‍കുന്നതിലും വര്‍ധിച്ച ജോലിഭാരം ലഘൂകരിക്കാനുള്ള സഹായവും ലഭിക്കുന്നില്ല. ഉദാഹരണത്തിന്, ധനവിതരണം, നിയമനം, സ്ഥലംമാറ്റം, വകുപ്പുഭരണം തുടങ്ങിയ സ്ഥിരം ജോലികള്‍ക്കു പുറമെ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ഒരുപാട് വിവരശേഖരണം നടത്തേണ്ടതായും ഒത്തുനോക്കേണ്ടതായും വരുന്നുണ്ട്. ഇത് ബ്ലോക്ക് തലത്തില്‍ തന്നെ ജോലിഭാരം കൂടിയിരിക്കുന്നു.

കൂടാതെ കോടതിയിലെ കേസുകളുടെ ഫോളോഅപ്പുകളും സര്‍ക്കാര്‍ ചുമതലകളും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ സഹായിക്കാന്‍ നിയമ സഹായികളോ ഡേറ്റ എന്യൂമറേറ്റര്‍മാരോ ഇല്ല. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മറ്റൊരു പ്രശ്‌നത്തിലേക്കാണ്. അടുത്തിടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ (എന്‍ഐഇപിഎ) നടത്തിയ പഠനത്തില്‍ അധ്യാപകര്‍ക്ക് അവരുടെ സമയത്തിന്റെ 19% മാത്രമാണ് അധ്യാപനത്തിനായി ചെലവഴിക്കാന്‍ കഴിയുന്നത് എന്ന് പറയുന്നു. ബാക്കിയുള്ള സമയം മുഴുവന്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കാണു ചെലവാക്കേണ്ടി വരുന്നത്. നിയമനങ്ങളിലെ കുറവിനെ ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. പഠന നിലവാരം കുറയുന്നതില്‍ അതിശയിക്കാനില്ല.

ദൗര്‍ഭാഗ്യവശാല്‍, സാമൂഹ്യക്ഷേമ പദ്ധതികളുടെ വിതണം കാര്യക്ഷമമാക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച പരിഷ്‌കരണപദ്ധതികളില്‍ പലതും ജീവനക്കാരുടെ അഭാവം മൂലം ലക്ഷ്യത്തിലെത്തുന്നില്ല. പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ജീവനക്കാരുമായി സാങ്കേതിക വിപ്ലവത്തിന് മേല്‍നോട്ടം വഹിക്കുക സാധ്യമല്ല. അതേപോലെ ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല, ഇന്ത്യയിലെ മിക്ക ഗ്രാമീണ സ്‌കൂളുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ അപ്രാപ്യമല്ലെന്നു കൂടി ഓര്‍ക്കണം. എല്ലാത്തിനും പുറമെ, മൊബീല്‍ ആപ്ലിക്കേഷനുകളിലൂടെ നല്‍കുന്ന സ്‌കൂള്‍ ട്യൂട്ടോറിയലുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ കഴിയും, എന്നാല്‍ ഇതൊന്നും ക്ലാസ് മുറിയിലെ അധ്യാപകക്ഷാമത്തിനും അടിസ്ഥാനകുറവുകള്‍ക്കും ഒറ്റമൂലിയല്ല.

അംഗന്‍വാടി ജീവനക്കാര്‍ക്കു വേണ്ടി തയാറാക്കിയ മൊബീല്‍ഫോണിലൂടെ റിയല്‍ടൈം ഡേറ്റഎന്‍ട്രി പദ്ധതി വിജയകരമാകണമെങ്കില്‍ ശേഖരിച്ച വിവരങ്ങള്‍ യഥാവിഥി കൈകാര്യം ചെയ്യുന്നതിന് ബ്ലോക്ക് ലെവല്‍ ഉദ്യോഗസ്ഥന്മാര്‍ക്കു കീഴില്‍ മതിയായ സിഡിപിഒമാര്‍ ഉണ്ടായിരിക്കണം. എന്നാല്‍ സിഡിപിഒമാരുടെ 39% തസ്തികകളും സെക്ടര്‍ സൂപ്പര്‍വൈസര്‍മാരുടെ 35% തസ്തികകളും നികത്താത്തെ കിടക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ കുറഞ്ഞ ചെലവില്‍ പരിഹാരം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍, മൗലികപ്രശ്‌നങ്ങള്‍ അക്കാദമിക് സമൂഹവും ഭരണകര്‍ത്താക്കളും അവഗണിക്കുകയാണ്. അത് പരിഹാരമില്ലാതെസംവിധാനത്തെ ബാധിക്കുന്നതിനാല്‍ സുസ്ഥിര ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ല.

സര്‍ക്കാര്‍സംവിധാനത്തിന്റെ ശേഷി പരിഗണിക്കുമ്പോള്‍ മതിയായ ജീവനക്കാരില്ലാതെ വികസനം സൃഷ്ടിക്കാനാകില്ലെന്നു മനസിലാക്കാം. വിതരണ ശൃംഖലയുടെ താഴെത്തട്ടില്‍ നോക്കിയാല്‍ കേവലം സാങ്കേതികവിദ്യ, പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വേതനം, നിരീക്ഷണം, സ്വകാര്യ മേഖലാ മാനേജ്‌മെന്റ് എന്നിവ കൊണ്ടു മാത്രം നാം ആഗ്രഹിക്കുന്ന ഫലം നേടാനാകില്ല. കൃത്യമായ മാനവവിഭശേഷിയുടെ അഭാവം ലക്ഷ്യം നേടുന്നതിന് വിഘാതമാകും.

ബ്ലര്‍ബ്

അഴിമതി, നിരുത്തരവാദിത്തം, യാന്ത്രികത, ജംബോ സര്‍ക്കാരുകള്‍, കെടുകാര്യസ്ഥത എന്നിങ്ങനെ ഭരണകൂട സംവിധാനങ്ങളില്‍ പതിവായി കണ്ടു വരുന്ന പ്രശ്‌നങ്ങളാണ് മോശം പ്രകടനത്തിനു കാരണമെന്ന് ആധികാരികമായിത്തന്നെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു

എന്‍ഐഇപിഎ നടത്തിയ പഠനത്തില്‍ അധ്യാപകര്‍ക്ക് അവരുടെ സമയത്തിന്റെ 19% മാത്രമാണ് അധ്യാപനത്തിനായി ചെലവഴിക്കാന്‍ കഴിയുന്നത് എന്ന് പറയുന്നു. ബാക്കിയുള്ള സമയം മുഴുവന്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കാണു ചെലവാക്കേണ്ടി വരുന്നത്. നിയമനങ്ങളിലെ കുറവിനെ ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. പഠന നിലവാരം കുറയുന്നതില്‍ അതിശയിക്കാനില്ല.

സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് രാജസ്ഥാന്‍, ഒഡിഷ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും 42 ശതമാനം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ജോലിഭാരം ഇരട്ടിയായിട്ടുണ്ടെന്നു കണ്ടെത്തി. അതായത്, ഒരാള്‍ക്ക് തന്നെ ഒന്നിലധികം നൂറിലധികം സ്‌കൂളുകളുള്ള ജില്ലയുടെയും ബ്ലോക്കുകളുടെയും ചുമതല നിര്‍വ്വഹിക്കേണ്ടി വരുന്നു

Comments

comments

Categories: FK News