ഡാറ്റ നയം പേമെന്റ് വിപണിയെ ബാധിക്കും

ഡാറ്റ നയം പേമെന്റ് വിപണിയെ ബാധിക്കും

ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നയങ്ങള്‍, പേമെന്റ് സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് വിഘാതമാകുമെന്ന് മുന്നറിയിപ്പു നല്‍കി യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി). ഉപഭോക്താക്കളെ മാത്രമല്ല, ഇന്ത്യന്‍ പേമെന്റ്‌സ് വിപണിയുടെ വളര്‍ച്ചയേയും ഇത് ബാധിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഡാറ്റ പ്രാദേശിക സെര്‍വറുകളില്‍ സൂക്ഷിക്കണമെന്ന ആര്‍ബിഐയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പുമായി യുഎസ്‌ഐബിസി രംഗത്തെത്തിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പേമെന്റ് കമ്പനികള്‍ ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കണമെന്ന ആര്‍ബിഐയുടെ ഉത്തരവ് പാലിക്കാനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് പ്രസ്താവന. പേടിഎം, വാട്‌സ്ആപ്പ് എന്നിവ ഉള്‍പ്പടെ പേമെന്റ് മേഖലയിലെ 80 ശതമാനത്തോളം സ്ഥാപനങ്ങളും ആര്‍ബിഐ നിര്‍ദേശം പാലിച്ചിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ഇപ്പോഴും ഇത് അനുസരിച്ചിട്ടില്ല. ഉത്തരവ് പാലിക്കാന്‍ കൂടുതല്‍ സമയവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഡാറ്റ തദ്ദേശീയവല്‍ക്കരണ നയങ്ങള്‍ക്ക് പിന്നിലെ ആശങ്കകള്‍ അഭിസംബോധന ചെയ്യാന്‍ നയ രൂപകര്‍ത്താക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ യുഎസ്‌ഐബിസി പ്രസിഡന്റ് നിഷ ബിസ്‌വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പേമെന്റ് വിപണിയില്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യകതകള്‍ നിറവേറ്റാന്‍ അമേരിക്കന്‍ കമ്പനികളുടെ ശേഷി വിപുലമാക്കുന്നതിനും ശ്രമിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഡാറ്റ സൂക്ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നോട്ടുള്ള മികച്ച മാര്‍ഗം കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഇവര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ പേമെന്റ് ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ആഗോള നിലവാരത്തിലുള്ള വേസനങ്ങളും സാങ്കേതികവിദ്യകളും പ്രവര്‍ത്തനങ്ങളും ലഭ്യമായ ഹബ്ബായി ഇന്ത്യ നിലനില്‍ക്കുന്നുണ്ടെന്ന് നയരൂപകര്‍ത്താക്കള്‍ ഉറപ്പുവരുത്തണമെന്നും യുഎസ്‌ഐബിസി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Tech
Tags: Data policy