ഇ-കൊമേഴ്‌സിലും ചുവടുറപ്പിക്കാന്‍ പെപ്‌സികോ

ഇ-കൊമേഴ്‌സിലും ചുവടുറപ്പിക്കാന്‍ പെപ്‌സികോ

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ കമ്പനി 190 കോടി രൂപയുടെ അറ്റലാഭം നേടിയിരുന്നു

ന്യൂഡെല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം കരസ്ഥമായ ലാഭം നിലനിര്‍ത്തുന്നതിനായി പെപ്‌സികോ ഇന്ത്യ വിപണി കേന്ദ്രീകരിച്ചുള്ള വിപണന തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഇ-കൊമേഴ്‌സ് അടക്കമുള്ള വിവിധ വ്യാപാര മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപവും നടത്തുമെന്ന് കമ്പനി പ്രസിഡന്റ് അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു. ‘പെപ്‌സിയുടേയും ലേയ്‌സിന്റെയും ഉല്‍പ്പാദക കമ്പനിയായ പെപ്‌സികോ നീണ്ട ഏഴ് സാമ്പത്തിക വര്‍ഷങ്ങളിലെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ മികച്ച വരുമാന നേട്ടം സ്വന്തമാക്കിയത്. അതിനാല്‍ നിലവിലെ വളര്‍ച്ചാ നിരക്കുമായി മുന്നോട്ട് നീങ്ങാനുള്ള വഴികളാണ് കമ്പനി അന്വേഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. പെപ്‌സികോ ഇന്ത്യയുടെ ആദ്യ വിദേശ സിഇഒയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഷെയ്ഖ്.

ആഗോള പ്രവണതകള്‍ ഇന്ത്യയില്‍ കൂടി പ്രതിഫലിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രധാന ശീതള പാനീയ വിഭാഗത്തിന്റെ വളര്‍ച്ച സമ്മര്‍ദ്ദത്തിലാണ്. ആരോഗ്യകരമായ പാനീയങ്ങള്‍ക്കായി ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ജ്യൂസുകള്‍, സ്‌നാക്‌സ് എന്നീ വിഭാഗങ്ങളില്‍ പെപ്‌സികോയുടെ പ്രധാന എതിരാളികള്‍ കൊക്ക കോള, ഡാബര്‍, ഐടിസി, പാര്‍ലെ തുടങ്ങിയ കമ്പനികളാണ്.

അതേസമയം, വിപണി പങ്കാളിത്തത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വിഭാഗങ്ങളില്‍ വില്‍പ്പനയും മൂല്യവും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ലളിതമായ പദ്ധതിയാണ് കമ്പനി മുന്നോട്ട് വെക്കുന്നതെന്നും അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു. താഴ്ന്ന അടിസ്ഥാനത്തിലും വളരെ വിറ്റുവരവുള്ള ബ്രാന്‍ഡാണ് ക്വേക്കര്‍ ഓട്‌സ്. ഇത് വരുമാനവും പങ്കാളിത്തവും കൂടുതല്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 190 കോടി രൂപയുടെ അറ്റലാഭമാണ് കമ്പനി നേടിയത്. അതിന് തൊട്ട് മുന്‍പത്തെ സാമ്പത്തിക വര്‍ഷത്തില്‍ 148 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റനഷ്ടം. 15.7 കോടിയിലധികം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരസ്യങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കുമായി പെപ്‌സികോ ഇന്ത്യ ചെലവാക്കിയത്.

Comments

comments

Categories: Business & Economy
Tags: PepsiCo