മിക്കി മൗസ് 90-ാം വയസിലേക്ക്

മിക്കി മൗസ് 90-ാം വയസിലേക്ക്

ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം കാലാതീതമായി നിലകൊള്ളുക എന്നത് അപൂര്‍വമാണ്. മിക്കി മൗസ് എന്ന കഥാപാത്രത്തിന് അത് സാധിച്ചിരിക്കുന്നു. നവംബര്‍ 18ന് മിക്കി മൗസ് 90 വയസിലെത്തുകയാണ്. ഒരു ആനിമേഷന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനു പകരമായിട്ടാണു വാള്‍ട്ട് ഡിസ്‌നി മിക്കി മൗസിനെ സൃഷ്ടിച്ചതെങ്കിലും പില്‍ക്കാലത്ത് മിക്കി മൗസ് പ്രധാന കഥാപാത്രമായി മാറുകയായിരുന്നു.

 

ചുവന്ന ഷോര്‍ട്ട്‌സും, വലിയ മഞ്ഞ നിറത്തിലുള്ള ഷൂസും, വെളുത്ത ഗ്ലൗസും അണിഞ്ഞ്, മനുഷ്യന്റെ സ്വഭാവ സവിശേഷതകളും, വികാരങ്ങളുമായി അവതരിക്കുന്ന ഒരു എലി 90 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെയും, ഒരു പരിധി വരെ മുതിര്‍ന്നവരെയും രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 47 ബില്യന്‍ യൂറോ വാര്‍ഷിക വില്‍പ്പനയുള്ള ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ കോര്‍പ്പറേഷനായ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ വ്യാപാര മുദ്രയായും മാറിയിരിക്കുന്നു മിക്ക് മൗസ് എന്നു പേരുള്ള ഈ എലി. അടുത്ത മാസം 18ന് മിക്കി മൗസ് 90-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. മിക്കി മൗസ് എന്ന ഡിസ്‌നി കഥാപാത്രത്തിന്റെ സൃഷ്ടി യാദൃശ്ചികമായിരുന്നു. എന്നാല്‍ തലമുറകളെ സ്വാധീനിക്കുന്ന കുസൃതി നിറഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രമായി മിക്കി മൗസ് മാറുകയായിരുന്നു. 1920-30 കളില്‍, വാള്‍ട്ട് ഡിസ്‌നിയുടെ ‘ഓസ്‌വാള്‍ഡ് ദി ലക്കി റാബിറ്റ് ‘ എന്ന ആനിമേറ്റഡ് കാര്‍ട്ടൂണ്‍ കഥാപാത്രത്തിനു പകരക്കാരനായിട്ടാണു മിക്കി മൗസ് എന്ന എലിയെ ആദ്യം ഡിസൈന്‍ ചെയ്തത്. 1928-ല്‍ Ub Iwerks എന്ന അമേരിക്കന്‍ ആനിമേറ്ററും, കാര്‍ട്ടൂണിസ്റ്റും, വാള്‍ട്ട് ഡിസ്‌നിയെന്ന അമേരിക്കന്‍ സംരംഭകനും, ആനിമേറ്റും ചേര്‍ന്നാണു മിക്കി മൗസിനു ജന്മം കൊടുത്തത്. ഓസ്‌വാള്‍ഡ് ദി ലക്കി റാബിറ്റ് എന്ന ആനിമേറ്റഡ് കഥാപാത്രത്തിന്റെ പേരില്‍ വാള്‍ട്ട് ഡിസ്‌നിയും, യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കത്തിനൊടുവില്‍ ഡിസ്‌നിക്ക് ഓസ്‌വാള്‍ഡിലുള്ള അവകാശം നഷ്ടപ്പെടുകയും ചെയ്തു.ഓസ്‌വാള്‍ഡിനെ നഷ്ടപ്പെട്ടതോടെ പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഡിസ്‌നി തീരുമാനിച്ചു. അങ്ങനെയാണു മിക്കി മൗസ് ജന്മമെടുത്തത്. 1928-ല്‍ വാള്‍ട്ട് ഡിസ്‌നിയും Ub Iwerks-ും ചേര്‍ന്നു സംവിധാനം ചെയ്ത അമേരിക്കന്‍ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായ Steamboat Willie യിലാണു മിക്കി മൗസ് ആദ്യമായി അവതരിച്ചത്. മിക്കി മൗസിന്റെ ഗേള്‍ ഫ്രണ്ട് മിന്നിയുടെ ആദ്യം ചിത്രവും ഇതു തന്നെയാണ്. ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് 1928 നവംബര്‍ 18-നാണ്. മിക്കി മൗസിന്റെ ജനനമായി കരുതുന്നതും 1928 നവംബര്‍ 18-ആണ്. സ്റ്റീംബോട്ട് വില്ലിക്കും ശേഷം മിക്കി മൗസ് ഏകദേശം 130-ാളം ചിത്രങ്ങളില്‍ അഭിനയിച്ചു. ദി ബാന്‍ഡ് കണ്‍സേര്‍ട്ട് (1935), ബ്രേവ് ലിറ്റില്‍ ടെയ്‌ലര്‍(1938), ഫന്റാസിയ(1940) എന്നിവ പ്രധാന ചിത്രങ്ങളില്‍ ചിലതാണ്. മിക്കി മൗസ് കൂടുതലായും അവതരിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിമുകളിലാണ്. എന്നാല്‍ എണ്ണത്തില്‍ അത്ര ചെറുതല്ലാത്ത ഫീച്ചര്‍ ഫിലിമുകളിലും മുഖം കാണിച്ചിട്ടുണ്ട് മിക്കി. Mortimer Mouse എന്ന പേരാണ് ആദ്യം നല്‍കാന്‍ നിശ്ചയിച്ചതെങ്കിലും വാള്‍ട്ട് ഡിസ്‌നിയുടെ ഭാര്യ ആ പേരില്‍ ചില കുറവുകള്‍ കണ്ടെത്തി. മിക്കി എന്ന പേര് നിര്‍ദേശിച്ചത് വാള്‍ട്ട് ഡിസ്‌നിയുടെ ഭാര്യയാണ്. മിക്കി മൗസിന്റെ ആദ്യ ചിത്രത്തില്‍ വാള്‍ട്ട് ഡിസ്‌നിയായിരുന്നു ശബ്ദം നല്‍കിയത്.

ആദ്യമായി മിക്കി സംസാരിച്ചത് തുടങ്ങിയത് ഒന്‍പതാമത്തെ ചിത്രം മുതല്‍

ഒന്‍പതാമത്തെ ചിത്രം വരെ മിക്കി മൗസിന് സംഭാഷണങ്ങളില്ലായിരുന്നു. ആദ്യമായി മിക്കി സംസാരിച്ചു തുടങ്ങിയത് ഒന്‍പതാമത്തെ ചിത്രമായ ദി കാര്‍ണിവല്‍ കിഡ്(1929) മുതലായിരുന്നു. ഹോട്ട് ഡോഗ് (സാന്‍ഡ്‌വിച്ചില്‍ അടക്കം ചെയ്തിട്ടുള്ള ഇറച്ചിക്കഷണം) എന്ന ഭക്ഷ്യവിഭവത്തിന്റെ വലിയ ആരാധകനാണു മിക്കി. ഇക്കാര്യം ദി കാര്‍ണിവല്‍ കിഡ് എന്ന ചിത്രത്തില്‍ മിക്കി വെളിപ്പെടുത്തുന്നുമുണ്ട്.

ആദ്യ ചിത്രം പ്ലെയ്ന്‍ ക്രേസി

മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ആദ്യമായി അഭിനയിച്ച് പൂര്‍ത്തിയായ ചിത്രം പ്ലെയ്ന്‍ ക്രേസിയായിരുന്നു. ഈ ചിത്രം വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് 1928-ല്‍ റിലീസ് ചെയ്തു. Ub Iwerks-ും വാള്‍ട്ട് ഡിസ്‌നിയുമാണ് ഈ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലം സംവിധാനം ചെയ്തത്. ഇതൊരു നിശബ്ദ ചിത്രമായിരുന്നു. 1928 മെയ് 15ന് പരീക്ഷണാര്‍ഥം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഡിസ്ട്രിബ്യൂട്ടറെ ലഭിക്കാത്തതിനാല്‍ ചിത്രം പുറത്തിറങ്ങിയില്ല. The Gallopin’ Gaucho എന്ന രണ്ടാമത്തെ മിക്കി മൗസ് ചിത്രത്തിനും പ്ലെയ്ന്‍ ക്രേസിന്റെ ഗതി തന്നെയായിരുന്നു. പിന്നീട് 1928 നവംബറില്‍ 18ന് സ്റ്റീംബോട്ട് വില്ലി ന്യൂയോര്‍ക്കിലെ കോളനി തിയേറ്ററില്‍ റിലീസ് ചെയ്തു. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിജയത്തോടെ മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ താരം ജനിച്ചു.

മിക്കി മൗസ് വിവാഹം കഴിച്ചത് മിന്നിയെ

അക്കാലത്ത് സിനിമയില്‍ വിവാഹം കഴിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പതിവല്ലായിരുന്നു. എന്നാല്‍ ഡിസ്‌നിയാകട്ടെ, രണ്ട് കഥാപാത്രങ്ങളായ മിക്കി മൗസും അവന്റെ ഗേള്‍ ഫ്രണ്ട് മിന്നിയും വിവാഹിതരാകുന്നത് ഉള്‍പ്പെടുത്തി. 1928-ല്‍ പുറത്തിറങ്ങിയ ഇരുവരുടെയും ആദ്യ ചിത്രമായ സ്റ്റീംബോട്ട് വില്ലി മുതല്‍ മിക്കിയും മിന്നിയും ദമ്പതികളായി അവതരിച്ചു തുടങ്ങിയിരുന്നു. എല്ലാ വര്‍ഷം നവംബര്‍ 18നും ഇരുവരും ചേര്‍ന്ന് അവരുടെ ജന്മദിനം ആഘോഷിക്കാറുമുണ്ട്. ഇതിലൂടെ കഥാപാത്രങ്ങള്‍ക്ക് ഒരു റൊമാന്റിക് സ്പര്‍ശം നല്‍കാന്‍ ഡിസ്‌നിക്കു സാധിച്ചു.

മിക്കി തീം ഹെഡ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കി

ഡിസ്‌നി കഥാപാത്രങ്ങളില്‍ ഏറ്റവുമധികം അറിയപ്പെടുന്നത് മിക്കി മൗസിനെയാണ്.ഈയൊരു പ്രത്യേകതയുള്ളതു കാരണമായിരിക്കണം മിക്കി മൗസിന്റെ തീമോടു കൂടിയ ഹെഡ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കി. മിക്കി മൗസിന്റെ 90-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മിക്കിയുടെ തീമുള്ള Beats Solo 3 വയര്‍ലെസ് ഹെഡ്‌ഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഈ ഹെഡ്‌ഫോണിന് 329.95 ഡോളറാണ് വില.

Comments

comments

Categories: Top Stories
Tags: Mickey mouse