ഐഎല്‍&എഫ്എസ് പ്രതിസന്ധിക്കു കാരണം എല്‍ഐസിയെന്ന് ആരോപണം

ഐഎല്‍&എഫ്എസ് പ്രതിസന്ധിക്കു കാരണം എല്‍ഐസിയെന്ന് ആരോപണം

2015ല്‍ പിരമാള്‍ ഗ്രൂപ്പുമായി തീരുമാനിച്ചിരുന്ന ലയന നടപടികളെ എല്‍ഐസി പിന്തുണച്ചില്ല; നിക്ഷേപ ഫണ്ടുകള്‍ വഴി 8,500 കോടി രൂപയോളം സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് കമ്പനി

ന്യൂഡെല്‍ഹി: അഴിമതിയും തെറ്റായ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട സകല ആരോപണങ്ങളും തള്ളി, കടക്കെണിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍&എഫ്എസ്) മുന്‍ ഉന്നത ഉദ്യോഗസ്ഥനായ ഹരി ശങ്കരന്‍. വായ്പാദാതാക്കള്‍ നിലവില്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്ക് കാരണം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും പലിശ നിരക്കടക്കമുള്ള വിപണി സാഹചര്യങ്ങളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) സമര്‍പ്പിച്ച 34 പേജുള്ള സത്യവാംഗ്മൂലത്തിലാണ് ഹരി ശങ്കരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2015ല്‍ പിരമാള്‍ ഗ്രൂപ്പുമായി തീരുമാനിച്ചിരുന്ന ലയന നടപടികളെ പിന്തുണക്കില്ല എന്നുള്ള എല്‍ഐസിയുടെ തീരുമാനമാണ്, കാലതാമസം നേരിട്ട പദ്ധതികളും റീഫിനാന്‍സിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം പണ ദൗര്‍ലഭ്യം അഭിമുഖീകരിച്ചിരുന്ന ഗ്രൂപ്പിലെ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയത് എന്ന് സത്യവാംഗ്മൂലത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പിരമാള്‍ ഗ്രൂപ്പുമായുള്ള ലയന ശേഷമുണ്ടാകുന്ന പുതിയ സ്ഥാപനത്തിലെ നിക്ഷേപ ഫണ്ടുകള്‍ വഴി 8,500 കോടി രൂപയോളം സമാഹരിക്കാന്‍ സാധിക്കുമായിരുന്നെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

”ഐഎല്‍&എഫ്എസിന്റെ ഏറ്റെടുപ്പുകള്‍ മരവിപ്പിക്കാന്‍ സാധ്യതയുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെട്ടിരുന്നു. ഇതുപ്രകാരം മൂന്ന്-നാല് മാസത്തേക്കായിരുന്നു ഏറ്റെടുപ്പ് തടസപ്പെടുക. എന്നാല്‍ പ്രൊപ്പോസല്‍ പരിഗണിക്കാന്‍ എല്‍ഐസി കൂടുതല്‍ സമയമെടുത്തതുകാരണം ഈ കാലയളവ് ഒന്‍പത് മുതല്‍ 10 മാസം വരെ നീണ്ടു. ലയന പദ്ധതിയെ എല്‍ഐസി അനുകൂലിക്കാത്തതായിരുന്നു ഇതിനുള്ള പ്രധാന കാരണം. ഈ കാലയളവിലുടനീളം കടത്തിലൂടെയോ ഓഹരികളിലൂടെയോ അധിക ഫണ്ട് സമാഹരിക്കാന്‍ സാധിക്കാത്തത് ഐഎല്‍&എഫ്എസില്‍ നിര്‍ണായകമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ എല്‍ഐസി ചെയര്‍മാന്‍ എസ് ബി മാത്തൂര്‍ തലവനായ ബോര്‍ഡിനെ മാറ്റി ഉദയ് കൊട്ടാക്കിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് എന്‍സിഎല്‍ടിയുടെ മുംബൈ ബെഞ്ചില്‍ ഹരി ശങ്കരന്‍ സത്യവാംഗ്മൂലം ഫയല്‍ ചെയ്തത്.

കഴിഞ്ഞ 28 വര്‍ഷമായി കമ്പനിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ശങ്കരന്‍, ഫണ്ട് വകമാറ്റി ചെലവഴിച്ചതിന്റെ പേരില്‍ മറ്റ് ഡയറക്റ്റര്‍മാര്‍ക്കൊപ്പം അന്വേഷണം നേരിടുകയാണ്. സാധ്യമായ മികച്ച മാര്‍ഗങ്ങളില്‍ ഐഎല്‍ ആന്‍ഡ് എഫ്എസിനെ നിയന്ത്രിച്ചിരുന്നുവെന്നും എന്നാല്‍ എല്‍ഐസി കാരണം ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയെന്നും ശങ്കരന്‍ അവകാശപ്പെട്ടു. പ്രധാന തീരുമാനങ്ങളും വികാസങ്ങളും ഓഹരിയുടമകളെ അറിയിച്ചിരുന്നുവെന്നും എല്ലാം വളരെ സുതാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബൃഹത്തായ സാമ്പത്തികാവസ്ഥകളും അടിസ്ഥാന സൗകര്യമേഖലയുടെ സ്വഭാവവും കാരണവും കമ്പനി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മിക്ക അടിസ്ഥാനസൗകര്യ കമ്പനികളും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഐഎല്‍&എഫ്എസും ഗ്രൂപ്പ് കമ്പനികളും അവിവേകത്തോടെ പെരുമാറിയെന്നും വിവരങ്ങള്‍ മറച്ചുവച്ചുവെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

Comments

comments

Categories: FK News
Tags: IL and FC

Related Articles