കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് ആരംഭിച്ചു

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് ആരംഭിച്ചു

അടുത്ത മാസം അവതരിപ്പിച്ചേക്കും. 1.60 ലക്ഷം രൂപയായിരിക്കും ഓണ്‍-റോഡ് വില

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കെടിഎം 125 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. 1,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ബൈക്ക് അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.60 ലക്ഷം രൂപയായിരിക്കും ഓണ്‍-റോഡ് വില. ഗ്ലോബല്‍-സ്‌പെക് മോഡലിന്റെ എല്ലാ ഫീച്ചറുകളും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

390 ഡ്യൂക്കിന് സമാനമായ രൂപകല്‍പ്പനയാണ് ഗ്ലോബല്‍-സ്‌പെക് കെടിഎം 125 ഡ്യൂക്കിന്റെ പ്രത്യേകത. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജ്യേഷ്ഠ സഹോദരനില്‍ കാണുന്ന അതേ അഗ്രസീവ് ഫ്യൂവല്‍ ടാങ്ക് എക്‌സ്റ്റെന്‍ഷന്‍ എന്നിവ ബേബി ഡ്യൂക്കിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന കെടിഎം ബൈക്കായിരിക്കും 125 ഡ്യൂക്ക്. പ്രീമിയം സൈക്കിള്‍ പാര്‍ട്‌സുകള്‍ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണ് കെടിഎം 125 ഡ്യൂക്ക്. ബജാജിന്റെ ചാകണ്‍ പ്ലാന്റില്‍ നിര്‍മ്മിക്കും.

124.7 സിസി, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ കെടിഎം 125 ഡ്യൂക്ക് ഉപയോഗിക്കും. ഈ മോട്ടോര്‍ 14.7 ബിഎച്ച്പി കരുത്തും 11.80 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ലോഞ്ച് കഴിഞ്ഞാല്‍, ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കരുത്തുറ്റ 125 സിസി ബൈക്കായിരിക്കും കെടിഎം 125 ഡ്യൂക്ക്.

മറ്റൊരു ഓസ്ട്രിയന്‍ കമ്പനിയായ ഡബ്ല്യുപിയുടെ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും അവരുടെതന്നെ മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്നിലും നല്‍കും. 300 എംംഎം ഡിസ്‌ക് മുന്നിലും 230 എംഎം ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. ഇന്ത്യാ-സ്‌പെക് മോഡലില്‍ എബിഎസ്സിന് പകരം സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കിയേക്കും.

Comments

comments

Categories: Auto
Tags: ktm 125 duke