ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലില്‍ കാലതാമസം

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലില്‍ കാലതാമസം

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. ജാപ്പനീസ് സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമായിട്ടും ഭൂമി ഏറ്റെടുപ്പില്‍ പോലും മാന്ദ്യതയാണ് കാണുന്നത്.

മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ആകെ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വ്യാപ്തി 1,400 ഏക്കറാണ്. കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനുളള ബുദ്ധിമുട്ടാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

വെറും ഒരേക്കറില്‍ താഴെ മാത്രമാണ് ഇതുവരെ പദ്ധതിക്കായി ഏറ്റെടുക്കാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭൂമി വിട്ടുനല്‍കുന്ന കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം കുറഞ്ഞതാണ് ഏറ്റെടുപ്പില്‍ കാലതാമസം ഉണ്ടാകാനുള്ള കാരണം.

2023 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ബുളളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് പദ്ധതി നീളാനാണ് സാധ്യത.

508 കി.മീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ ചെലവിന്റെ 88000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാര്‍.

Comments

comments

Categories: Current Affairs
Tags: bullet train