ഐഎംഎഫ് എംഡി ക്രിസ്റ്റീന്‍ ലാഗര്‍ഡ് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം മാറ്റിവെച്ചു

ഐഎംഎഫ് എംഡി ക്രിസ്റ്റീന്‍ ലാഗര്‍ഡ് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം മാറ്റിവെച്ചു

സൗദി അറേബ്യയില്‍ ഈ മാസം നടക്കാനിരുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവും ക്രിസ്റ്റീന്‍ ലാഗര്‍ഡിന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു

വാഷിംഗ്ടണ്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെ തുടര്‍ന്നുള്ള വിവാദം സൗദിയില്‍ കത്തുന്നതിനിടെ മേഖലയിലെ വിവിധ നിക്ഷേപ പരിപാടികള്‍ക്ക് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റീന്‍ ലാഗര്‍ഡിന്റെ മിഡില്‍ ഈസ്റ്റില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചതായി ഐഎംഎഫ് അറിയിച്ചതോടെ സൗദി കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സൗദി അറേബ്യയില്‍ ഈ മാസം 23 മുതല്‍ 25 വരെ നടക്കാനിരുന്ന ഡാവോസ് ഇന്‍ ദി സെഡേര്‍ട്ട് എന്ന പേരില്‍ അറിയപ്പെട്ട ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവും ക്രിസ്റ്റീന്‍ ലാഗര്‍ഡിന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

മിഡില്‍ ഈസ്റ്റിലേക്കുള്ള ക്രിസ്റ്റീന്‍ ലാഗര്‍ഡിന്റെ സന്ദര്‍ശനത്തില്‍ താലതാമസമുണ്ടാകുമെന്നു മാത്രമാണ് ഐഎംഎഫ് വക്താവ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശനം മാറ്റിവെച്ചതിന്റെ കാരണമോ പുതിയ തിയതിയോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വാഷിംഗ്ടണ്‍ പോസ്റ്റിലെ പ്രമുഖ കോളമിസ്റ്റായ ജമാല്‍ ഖഷോഗിയുടെ തിരോധാനവും തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടതായുള്ള സംശയങ്ങളും മറ്റും റിയാദിലെ നിക്ഷേപക പരിപാടി റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കും. സൗദി സംഘം ഖഷോഗിയെ കൊലപ്പെടുത്തിയതായി തുര്‍ക്കി അധികൃതര്‍ ആരോപിക്കുന്നുണ്ടെങ്കിലും റിയാദ് ഈ വാര്‍ത്ത നിരസിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും നിക്ഷേപ പ്രമുഖരുമടക്കം നിരവധിയാളുകള്‍ സൗദിയുടെ തലസ്ഥാനമായ റിയാദിലെ നിക്ഷേപ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രമുഖ ബിസിനസ് നേതാക്കളായ ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനിയുടെ സിഇഒ ജാമി ഡിമോണ്‍, ബ്ലാക്ക്‌റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്ക്‌സ്റ്റോണ്‍ സിഇഒ സ്റ്റീഫന്‍ ഷ്വാര്‍സ്മന്‍, മാസ്റ്റര്‍കാര്‍ഡ് സിഇഒ അജയ് ബംഗ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ റിയാദില്‍ നടക്കുന്ന നിക്ഷേപക പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വെളിപ്പെടുത്തി കഴിഞ്ഞു. എച്ച്എസ്ബിസിയിലെ ജോണ്‍ ഫഌന്റ്, ക്രഡിറ്റ് സ്യൂസിലെ ടിഡ്‌ജെയ്ന്‍ തിയാം എന്നിവര്‍ക്കൊപ്പം പ്രമുഖ ബാങ്ക് മേധാവികളും പരിപാടിയില്‍ പങ്കെടുക്കില്ല. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഐഎംഎഫ്- ലോക ബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ഖഷോഗിയുടെ തിരോധാനത്തേക്കുറിച്ച് ആശങ്ക പങ്കുവെച്ച ക്രിസ്റ്റീന്‍ ലാഗര്‍ഡ്, സംഭവം ഗൗരവമായി എടുക്കുന്നുണ്ടെങ്കിലും റിയാദിലെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പദ്ധതിയിടുന്നതായി മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള സര്‍ക്കാരുമായി ബിസിനസ് ബന്ധങ്ങള്‍ നടപ്പാക്കാന്‍ ഐഎംഎഫ് എംഡി എന്ന നിലയില്‍ താന്‍ ബാധ്യസ്ഥയാണെന്നും നിക്ഷേപക പരിപാടിയില്‍ പങ്കെടുക്കുന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

സൗദി രാജകുടുംബത്തിന്റെയും സൗദി കിരീടാവകാശിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗി. അദ്ദേഹത്തെ ഒടുവിലായി ആളുകള്‍ കണ്ടത് ഈ മാസം രണ്ടാം തിയതി ഇസ്താംബുളിലെ സൗദി കോണ്‍സിലേറ്റിലേക്ക് പ്രവേശിക്കുമ്പോഴാണ്. കോണ്‍സുലേറ്റില്‍ നടന്ന പോലീസ് അന്വേഷണത്തില്‍ ഖഷോഗി കൊല്ലപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെ സല്‍മാന്‍ രാജാവ്, സൗദി കിരീടാവകാശിയായ മുഹമ്മന്‍ ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി എദര്‍ അല്‍ ജുബൈര്‍ എന്നിവരുമായി റിയാദില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ തുര്‍ക്കി അധികൃതരുമായും അദ്ദേഹം ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തും.

റിയാദിലെ നിക്ഷേപക പരിപാടി അനിശ്ചിതത്വത്തിലായതോടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുമ്പ് സമ്മതമറിയിച്ച് സ്പീക്കര്‍ ആയവരുടെ ലിസ്റ്റ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പരിപാടിയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Comments

comments

Categories: Arabia