ചൈനയില്‍ നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ

ചൈനയില്‍ നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇരുമ്പ് ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര നീക്കം. ഇറക്കുമതി നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാന്‍ കൂടിയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് ഇറക്കുമതി തീരുവ നിശ്ചയിച്ചത്. ഒരു ടണ്ണിന് 185.51 യുഎസ് ഡോളറാണ് തീരുവ.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ഫ്‌ളാഗ് അയേണ്‍ ആന്റ് സ്റ്റീല്‍, ഉഷ മാര്‍ട്ടിന്‍, ഗരുഡ സ്റ്റീല്‍ ഇന്ത്യ, വര്‍ധമാന്‍ സ്‌പെഷല്‍ സ്റ്റീല്‍, ജെയ്‌സ്വാള്‍ നാകോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമെഡീസിന്റെ (ഡിജിടിആര്‍) ശുപാര്‍ശപ്രകാരമാണ് റവന്യു വകുപ്പ് നികുതി ചുമത്തിയത്. 2013-14ലെ 1,32,933 ടണ്ണില്‍ നിന്ന് 2016-17ല്‍ 2,56,004 ടണ്ണായി ഇന്ത്യയുടെ മൊത്തം സ്റ്റീല്‍ ഇറക്കുമതി ഉയര്‍ന്നിരുന്നു.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച് ആഭ്യന്തര സ്റ്റീല്‍ ഉല്‍പ്പാദകര്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈനയുമായി വലിയ വ്യാപാര കമ്മിയാണ് ഇന്ത്യയ്ക്കുള്ളത്. 2017-18ല്‍ 63.12 ബില്യണ്‍ ഡോളറായിരുന്നു ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി.

Comments

comments

Categories: Business & Economy
Tags: Steel