ഇന്ത്യയില്‍ ലിംഗസമത്വം ഉറപ്പുവരുത്തണം: അമിതാഭ്കാന്ത്

ഇന്ത്യയില്‍ ലിംഗസമത്വം ഉറപ്പുവരുത്തണം: അമിതാഭ്കാന്ത്

ന്യൂഡെല്‍ഹി: ഇന്ത്യ ലിംഗസമത്വം പ്രോത്സാഹിപ്പിക്കണമെന്നും അടുത്ത മൂന്ന് ദശാബ്ദത്തില്‍ കയറ്റുമതിയില്‍ 9 മുതല്‍ 10 ശതമാനം വരെ ശരാശരി വാര്‍ഷിക വളര്‍ച്ച കൈവരിക്കണമെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളിലും നൂതനാവിഷ്‌കാരങ്ങളിലും ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിംഗസമത്വത്തിലും കയറ്റുമതിയിലും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വളര്‍ച്ച എല്ലാവരിലും എത്തുന്നുവെന്ന് ഇന്ത്യ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോചത്തിന്റെ 98-ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ 9-10 ശതമാനം വളര്‍ച്ച നേടാന്‍ ചില വെല്ലുവിളികള്‍ ഇന്ത്യ നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലിംഗസമത്വത്തിനും വെല്ലുവിളികള്‍ ഏറെയുണ്ട്. ഇന്ത്യയില്‍ 24 ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്യുന്നത്, ആഗോളതലത്തില്‍ ഇത് 48 ശതമാനമാണ്. അതിനാല്‍ പുരുഷന്മാരാണ് ലിംഗസമത്വം കൊണ്ടുവരാന്‍ മുന്നില്‍ നില്‍ക്കേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍, കൊറിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ 9-10 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇന്ത്യക്കാര്‍ക്ക് കഴിയണം. കൃഷിക്കാര്‍ക്ക് മണ്ണിന്റെയും കാലാവസ്ഥയുടെയും സ്വാഭാവത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ വിത്തുകളും വളങ്ങളും നല്‍കുന്നതിലൂടെയും മാലിന്യത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് ഊര്‍ജമുണ്ടാക്കിയും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്തുകൊണ്ടുമൊക്കെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

യുഎസിലെ സിലിക്കണ്‍വാലിയില്‍ നിരവധി നൂതന കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട്. ഇവയില്‍ മിക്കതും ഡ്രൈവറില്ലാ കാറുകള്‍, യുദ്ധ സാമഗ്രികള്‍, ഡ്രോണുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇന്ത്യക്കാര്‍ തങ്ങളുടെ മുന്നിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്നൊവേഷനുകളാണ് നടത്തേണ്ടതെന്ന് കാന്ത് ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: FK News